ദൃശ്യം മോഡല്‍ കൊല, വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി, മിസിംഗ് കേസില്‍ തുമ്ബായത് കെഎസ്‌ആര്‍ടിസിയില്‍ നിന്നും കിട്ടിയ ഫോണ്‍

കൊല്ലം: അമ്ബലപ്പുഴ കരൂരില്‍ കുഴിച്ചുമൂടിയ കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി. പൊലീസിന്റെ നേതൃത്വത്തില്‍ കുഴിയെടുത്ത് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.വിജയലക്ഷ്മിയെ കാണാതായതുമായി ബന്ധപ്പെട്ട കേസില്‍ അമ്ബലപ്പുഴ കരൂർ പുതുവല്‍ സ്വദേശി ജയചന്ദ്രനെ (50) കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വിജയലക്ഷ്മിയെ കൊന്ന് വീടിന് സമീപത്തെ പറമ്ബില്‍ കുഴിച്ചുമൂടിയതായി ഇയാള്‍ പൊലീസിന് മൊഴി നല്‍കിയത്. തുടർന്ന് ജയചന്ദ്രനെയും കൊണ്ട് കരുനാഗപ്പള്ളി പൊലീസ് അമ്ബലപ്പുഴയിലെ വീടിനു സമീപം നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്. ജയചന്ദ്രന്റെ വീടിന് സമീപത്ത് കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. കൊല്ലപ്പെട്ട വിജയലക്ഷ്മിയുടെ സുഹൃത്താണ് ജയചന്ദ്രൻ.

കൊലപാതകത്തിന് ശേഷം വിജയലക്ഷ്മിയുടെ ഫോണ്‍ ജയചന്ദ്രൻ ബസില്‍ ഉപേക്ഷിച്ചതാണ് പൊലീസിന് സംശയത്തിന് ഇടയാക്കിയത്. മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫായ നിലയില്‍ കെഎസ്‌ആർടിസി ബസില്‍ നിന്നും കണ്ടെത്തിയിരുന്നു. ബസിലെ കണ്ടക്ടറാണ് മൊബൈല്‍ ഫോണ്‍ പൊലീസ് സ്റ്റേഷനില്‍ ഏല്‍പിച്ചത്. എറണാകുളം സെൻട്രല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇത് വിജയലക്ഷ്മിയുടെ ഫോണാണെന്ന് കണ്ടെത്തി. വിവരം കരുനാഗപ്പള്ളി പൊലീസിന് കൈമാറുകയായിരുന്നു. തുടർന്നാണ് മിസ്സിംഗ് കേസില്‍ വഴിത്തിരിവുണ്ടാകുന്നത്. ടവർ ലൊക്കേഷൻ, കോള്‍ ലിസ്റ്റ് എന്നിവ പരിശോധിച്ചതില്‍ നിന്നാണ് പ്രതി ജയചന്ദ്രനിലേക്ക് എത്തിയത്.

വിജയലക്ഷ്മിയുടെ ഫോണ്‍ എറണാകുളത്ത് ബസ് സ്റ്റാന്റില്‍ വെച്ചാണ് സ്വിച്ചോഫായത്. ഇക്കാര്യം അടിസ്ഥാനപ്പെടുത്തിയാണ് അന്വേഷണം പുരോഗമിച്ചത്. ഇതിലേക്ക് വന്ന കോളുകളും പൊലീസ് പരിശോധിച്ചു. മാത്രമല്ല, ജയചന്ദ്രന്റെയും വിജയലക്ഷ്മിയുടെയും ഫോണ്‍ ലൊക്കേഷനുകള്‍ ഒരേയിടത്തും വന്നിരുന്നു. കസ്റ്റഡിയിലെടുത്ത ജയചന്ദ്രനില്‍ നിന്ന് ലഭിച്ച പരസ്പര വിരുദ്ധ മറുപടികളും സംശയത്തിന് ബലമേകി.