പുഷ്പ 2 യുഎസ് പ്രീ-ബുക്കിംഗില്‍ ‘വൈല്‍ഡ് ഫയര്‍’ ; ‘ചരിത്രം കുറിച്ചെന്ന്’ വിതരണക്കാര്‍
ഹൈദരാബാദ്: കഴിഞ്ഞ ദശകത്തില്‍ തെലുങ്ക് സിനിമ ഇന്ത്യന്‍ ബോക്സോഫീസിലെ മണി മീഷെന്‍ സിനിമ രംഗമാണെന്ന് പറയാം. ഇന്ത്യന്‍ വിപണിക്ക് പുറമേ വിദേശ ബോക്സോഫീസിലും തെലുങ്ക് സിനിമ ശക്തമായ സാന്നിധ്യമാകാറുണ്ട്.ഇന്ത്യന്‍ സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുഷ്പ 2: ദ റൂള്‍ റിലീസിന് ഏതാനും ആഴ്ചകള്‍ മാത്രം ശേഷിക്കെ പ്രീ ബുക്കിംഗ് ആരംഭിച്ച ഇടങ്ങളില്‍ വലിയ സംഖ്യകളാണ് നേടുന്നത്. അതില്‍ തന്നെ സുകുമാർ സംവിധാനം ചെയ്ത ചിത്രം യുഎസ്‌എയിലെ പ്രീ-ബുക്കിംഗില്‍ ശ്രദ്ധേയമായ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്.
പുഷ്പ 2 ബിഹാറിലെ പാട്നയില്‍ നടന്ന വമ്ബൻ ട്രെയിലർ ലോഞ്ചിന് ശേഷം പ്രീ-റിലീസ് ഹൈപ്പില്‍ അടുത്ത നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. യുഎസിലെ പ്രീമിയർ ഷോകളുടെ പ്രീ-സെയില്‍സില്‍ 1 മില്യണ്‍ ഡോളര്‍ എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ചിത്രം. ഇത് സിനിമയെ ചുറ്റിപ്പറ്റിയുള്ള ഹൈപ്പ് ഇരട്ടിയാക്കുന്നു. ഒപ്പം പ്രീബുക്കിംഗ് ഇനിയും വര്‍ദ്ധിക്കും എന്നാണ് വിവരം.
അമേരിക്കയില്‍ മൈത്രി മൂവി മേക്കേഴ്‌സിന് വേണ്ടി ചിത്രം വിതരണം ചെയ്യുന്ന പ്രതിയങ്കര സിനിമാസാണ് പ്രീ സെയില്‍ ഒരു ദശലക്ഷം ഡോളര്‍ പിന്നിട്ട കാര്യം പ്രഖ്യാപിച്ചത്. വാർത്ത പ്രതിയങ്കര സിനിമാസ് സോഷ്യല്‍ മീഡിയയില്‍ കൂടി പങ്കുവച്ചിട്ടുണ്ട്.
അതേ സമയം പട്നയില്‍ നടന്ന പ്രൗഢഗംഭീരമായ പരിപാടിയില്‍ നവംബര്‍ 17നാണ് പുഷ്പ 2 ട്രെയിലർ റിലീസ് ചെയ്തത്. 5 ലക്ഷം പേരോളം അതിന് സാക്ഷ്യം വഹിക്കാൻ എത്തിയെന്നാണ് വിവരം. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ അവസാനം പൊലീസ് ലാത്തിചാര്‍ജ് വരെ നടന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഹിന്ദി, തെലുങ്ക്, കന്നഡ ട്രെയിലറുകള്‍ ആയിരുന്നു ആദ്യം റിലീസ് ചെയ്തത്. പിന്നാലെ മലയാളം ട്രെയിലറും എത്തി. പക്കാ മാസ് ആക്ഷൻ ത്രില്ലറായാണ് പുഷ്പ 2 ഒരുക്കിയിരിക്കുന്നതെന്ന് ട്രെയിലറില്‍ നിന്നും വ്യക്തമാണ്. ഒപ്പം കൊമേഷ്യല്‍ എലമെന്‍സ് എല്ലാം ചേര്‍ത്ത് ആദ്യഭാഗത്തെക്കാള്‍ ഇരട്ടി വലുപ്പത്തിലാകും പുഷ്പ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുക എന്നും വ്യക്തമാണ്. ട്രെയിലറിലെ ഫഹദ് ഫാസിലിന്റെയും അല്ലു അർജുന്റെയും പ്രകടനത്തെ പുകഴ്ത്തി നിരവധി പേരാണ് രംഗത്ത് എത്തുന്നത്.