ലോക ചെസ് ചാമ്ബ്യൻഷിപ്പില്‍ ഇന്ത്യ-ചൈന സൂപ്പര്‍ പോരാട്ടം, ചരിത്രനേട്ടത്തിനായി ഡി ഗുകേഷ്; അറിയേണ്ടതെല്ലാം
സിംഗപ്പൂര്‍: ലോക ചെസ് ചാമ്ബ്യൻഷിപ്പിന് നാളെ സിംഗപ്പൂരില്‍ തുടക്കമാവും. ഇന്ത്യൻ താരം ഡി ഗുകേഷും ചൈനീസ് താരം ഡിംഗ് ലിറനുമാണ് ലോക ചാമ്ബ്യനാവാൻ മത്സരിക്കുന്നത്.ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് കളി തുടങ്ങുക. ചെസ്സില്‍ പതിനെട്ടാമത്തെ ലോക ചാമ്ബ്യനാവാനാണ് 18 കാരൻ ഡി ഗുകേഷ് മത്സരിക്കുന്നത്. നിലവിലെ ലോക ചാമ്ബ്യനാണ് ചൈനയുടെ ഡിങ് ലിറൻ. ഡിസംബർ പതിനാല് വരെ നീണ്ടുനില്‍ക്കുന്ന കിരീടപ്പോരില്‍ ആകെ 14 മത്സരങ്ങളാണുണ്ടാകുക.
ഓരോ മൂന്ന് മത്സരത്തിന് ശേഷവും വിശ്രമദിനം. ആദ്യ 40 നീക്കങ്ങള്‍ക്ക് ഇരുവർക്കും 120 മിനിറ്റ് വീതം. തുടർന്നുള്ള നീക്കങ്ങള്‍ക്ക് മൂപ്പത് മിനിറ്റും. ആദ്യം ഏഴര പോയിന്‍റ് നേടുന്നയാള്‍ പുതിയ ലോക ചാമ്ബ്യനാകും. പതിനാല് മത്സരങ്ങള്‍ക്ക് ശേഷവും ഇരുവരും ഒപ്പത്തിനൊപ്പമെങ്കില്‍ അതിവേഗ സമയക്രമമുള്ള ടൈബ്രേക്കറിലൂടെ ജേതാവിനെ നിശ്ചയിക്കും.
റഷ്യയുടെ ഇയാൻ നിപോംനിഷിയെ തോല്‍പ്പിച്ചാണ് ലിറെൻ കഴിഞ്ഞവർഷം ലോക ചാമ്ബ്യനായത്. ഗുകേഷ് കാൻഡിഡേറ്റ്സ് ടൂർണമെന്‍റ് ജയിച്ചാണെത്തുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് രണ്ട് ഏഷ്യക്കാർ ഫൈനലില്‍ ഏറ്റുമുട്ടുന്നത്. അഞ്ചു തവണ ചാമ്ബ്യനായ വിശ്വനാഥൻ ആനന്ദിന് ശേഷം ലോക കിരീടം ഇന്ത്യയിലെത്തിക്കാനാണ് ഗുകേഷ് കരുക്കള്‍ നീക്കുക.
ലോക റാങ്കിംഗില്‍ ഗുകേഷ് അഞ്ചും ലിറെൻ ഇരുപത്തിമൂന്നാം സ്ഥാനത്തും. ജനുവരിക്ക് ശേഷം ലിറെൻ ഒറ്റക്കളിയിലും ജയിച്ചിട്ടില്ലെന്നത് ഗുകേഷിന് ആത്മവിശ്വാസം നല്‍കും. പക്ഷേ ക്ലാസിക്കല്‍ ഫോർമാറ്റില്‍ ഇരുവരും നേർക്കുനേർവന്ന മൂന്ന് കളിയില്‍ രണ്ടിലും ജയം ചൈനീസ് താരത്തിനൊപ്പമായിരുന്നു. 12-ാം വയസില്‍ ഗ്രാൻഡ്മാസ്റ്ററായ ഗുകേഷ് ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്ബ്യൻ ആകുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇന്ത്യയും ചെസ് ലോകവും.