Fincat

അറിഞ്ഞത് രാത്രി മീൻ പിടിക്കാനിറങ്ങിയപ്പോള്‍, രണ്ട് വള്ളങ്ങളില്‍ നിന്ന് മോഷണം പോയത് 100 വീതം പിച്ചള വളയങ്ങള്‍

ഹരിപ്പാട്: മത്സ്യബന്ധന വള്ളങ്ങളില്‍ നിന്നും പിച്ചള വളയങ്ങള്‍ മോഷണം പോയി. ആറാട്ടുപുഴ പഴയ കണ്ടങ്കേരില്‍ അബ്ദുല്‍ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള ബിലാല്‍ വള്ളത്തിലും നാലുതെങ്ങില്‍ മുഹമ്മദ് ഷാഫിയുടെ ഉടമസ്ഥതയിലുള്ള സഞ്ചാരി വള്ളത്തിലുമാണ് മോഷണം നടന്നത്.വലയില്‍ ഘടിപ്പിച്ചിരുന്ന 100 വീതം പിച്ചള വളയങ്ങളാണ് മോഷണം പോയത്. ഇന്നലെ അർദ്ധ രാത്രിയോടെയാണ് മോഷണ വിവരം തൊഴിലാളികള്‍ അറിയുന്നത്.

1 st paragraph

ആറാട്ടുപുഴ ബസ് സ്റ്റാന്‍റിന് കിഴക്ക് കായലിലാണ് വള്ളങ്ങള്‍ നങ്കൂരമിട്ടിരുന്നത്. അർധ രാത്രിയോടെ മത്സ്യബന്ധനത്തിന് പോകാനായി തൊഴിലാളികള്‍ വള്ളത്തില്‍ കയറിയപ്പോഴാണ് വല അറുത്ത് പിച്ചള വളയങ്ങള്‍ മോഷ്ടിച്ചതായി കാണുന്നത്. ഉടൻ തന്നെ തൃക്കുന്നപ്പുഴ പൊലീസില്‍ വിവരം അറിയിച്ചു. രാത്രി തന്നെ പൊലീസ് സംഘം എത്തി. ഒരു കിലോ തൂക്കം വരുന്ന നൂറു വീതം പിച്ചള വളയങ്ങളാണ് മോഷ്ടിച്ചത്. കൂടാതെ റോപ്പും അറുത്തു നശിപ്പിച്ചു. തുഴയും മോഷ്ടിച്ചു. രണ്ടര ലക്ഷത്തോളം രൂപയുടെ നഷ്ടം ഓരോ വള്ളത്തിനും ഉണ്ടായി. തൃക്കുന്നപ്പുഴ ഇൻസ്പെക്ടർ ബി ഷാജിമോന്‍റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.