ഈന്തപ്പഴത്തില്‍ നിന്ന് കോളയോ? ഇതാദ്യം! വൻ ശീതളപാനീയ ബ്രാൻഡുകളോട് കിടപിടിക്കാൻ ‘മിലാഫ് കോള’, ക്രെഡിറ്റ് സൗദിക്ക്
റിയാദ്: ശീതളപാനീയ വിപണിയിലേക്ക് സ്വന്തം ഉല്‍പ്പന്നവുമായി സൗദി അറേബ്യ. അതും ഏറെ സവിശേഷതയോടെ. ഈന്തപ്പഴത്തില്‍ നിന്ന് വേർതിരിച്ചെടുത്ത ആദ്യ ശീതളപാനീയമായ ‘മിലാഫ് കോള’യാണ് സൗദി അറേബ്യ പുറത്തിറക്കിയത്.അന്താരാഷ്ട്ര വിപണിയിലെ പ്രമുഖ ശീതളപാനീയ ബ്രാൻഡുകളുമായി മത്സരിക്കുന്ന രാജ്യാന്തര ഉല്‍പ്പന്നമായാണ് സൗദി പൊതുനിക്ഷേപ ഫണ്ടിന്റെ ഉടമസ്ഥതയിലുള്ള ‘തുറാസ് അല്‍മദീന കമ്ബനി’മിലാഫ് കോള പുറത്തിറക്കിയത്. അന്താരാഷ്ട്ര ഭക്ഷണനിലവാരം അനുസരിച്ചാണ് ഇത് തയ്യാറാക്കുന്നത്.
റിയാദില്‍ നടന്ന വേള്‍ഡ് ഓഫ് ഡേറ്റ്സ് എക്സിബിഷനില്‍ മിലാഫ് കോളയുടെ ലോഞ്ചിങ് സാക്ഷ്യം വഹിച്ചു. പ്രാദേശിക വിപണിയില്‍ ഇത് ഉടൻ ലോഞ്ച് ചെയ്യും. ‘മിലാഫ്’ ബ്രാൻഡിലൂടെ നിരവധി ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാനും സൗദി ഈന്തപ്പഴവുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ വൈവിധ്യവത്കരിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. ലോകമെമ്ബാടുമുള്ള ശീതളപാനീയങ്ങളിലേക്ക് ഒരു പ്രധാന കൂട്ടിച്ചേർക്കലായിരിക്കും ‘മിലാഫ് കോള’.
അതിന്റെ ഉപഭോഗ അളവും വരുമാനവും ഉയർന്നതാകുമെന്നാണ് കമ്ബനി പ്രതീക്ഷിക്കുന്നത്. രാജ്യത്ത് ഈന്തപ്പഴങ്ങളുടെ മൂല്യം ഉയർത്തുന്നത് കമ്ബനിയുടെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണെന്ന് തുറാസ് അല്‍മദീന കമ്ബനി സി.ഇ.ഒ എൻജി. ബന്ദർ അല്‍ഖഹ്താനി പറഞ്ഞു. ഈന്തപ്പഴം മുതല്‍ വിപണിയില്‍ ഡിമാൻഡുള്ളതും ഉയർന്ന പോഷകമൂല്യമുള്ളതുമായ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാനാണ് കമ്ബനി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
വരാനിരിക്കുന്ന കാലയളവില്‍ ഈന്തപ്പഴം മുതല്‍ അതില്‍നിന്ന് രൂപാന്തരപ്പെടുത്തുന്ന നിരവധി ഉല്‍പ്പന്നങ്ങളില്‍ പുറത്തിറക്കാൻ ഞങ്ങള്‍ പ്രവർത്തിക്കും. പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയവും ഈന്തപ്പന ദേശീയ കേന്ദ്രത്തിലെയും ഞങ്ങളുടെ പങ്കാളികളുമായി സഹകരിച്ചാണിത്. ഈന്തപ്പഴവും അതില്‍നിന്നുണ്ടാക്കുന്ന ഉല്പന്നങ്ങളും ഉയർന്ന പോഷകമൂല്യമുള്ള ഭക്ഷണങ്ങളിലൊന്നായി മാറുന്നതിനാണെന്നും സി.ഇ.ഒ പറഞ്ഞു.