‘മകനെ കൊന്നത് തന്നെ, മരണത്തില്‍ ഇതുവരെ തൃപ്തികരമായ അന്വേഷണം നടന്നിട്ടില്ല’; ബാലഭാസ്കറിന്‍റെ അച്ഛന്‍ ഉണ്ണി
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിനെ കൊന്നത് തന്നെയെന്ന് അച്ഛൻ ഉണ്ണി. മകന്റെ മരണത്തില്‍ തൃപ്തികരമായ അന്വേഷണം നടന്നിട്ടില്ലെന്നും ഉണ്ണി മാധ്യമങ്ങളോട് സംസാരിക്കവേ ചൂണ്ടിക്കാട്ടി.ബാലഭാസ്കറിന്റെ ഡ്രൈവറായിരുന്ന അർജുൻ മുമ്ബും പല കേസുകളിലെ പ്രതിയായിരുന്നു. അപകടത്തിന് ശേഷമാണ് ഈ കേസുകളെ കുറിച്ച് അറിയുന്നത്. അർജുന്റെ അറസ്റ്റോടെ കൊലപാതകമെന്ന സംശയം ബലപ്പെടുകയാണെന്നും ഉണ്ണി പറഞ്ഞു. സിബിഐ യും സ്വാധീനങ്ങള്‍ക്ക് വഴങ്ങിയാണ് അന്വേഷണം അവസാനിപ്പിച്ചതെന്നും ഉണ്ണി ആരോപിച്ചു.
പെരിന്തല്‍മണ്ണയില്‍ വ്യാപാരിയെ ആക്രമിച്ച് സ്വർണ്ണം കവർന്ന കേസില്‍ പിടിയിലായവരില്‍ അന്തരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഡ്രൈവറും ഉള്‍പ്പെട്ടിരുന്നു. സ്വർണ്ണ കവർച്ച കേസില്‍ മറ്റു പ്രതികള്‍ക്കൊപ്പം ചെര്‍പ്പുളശ്ശേരി മുതല്‍ വാഹനം ഓടിച്ചത് തൃശ്ശൂര്‍ സ്വദേശിയായ അർജുനായിരുന്നു.
സ്വർണ്ണം കവർന്ന കേസില്‍ 13 പേർ ഇതിനകം തന്നെ പൊലീസ് പിടിയിലായിട്ടുണ്ട്. ഈ 13 അംഗ സംഘത്തിലെ അംഗമാണ് അർജുനും. ഈ മാസം 21-ാം തിയതിയായിരുന്നു പെരിന്തല്‍മണ്ണയില്‍ കവർച്ച നടന്നത്. കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് 2018 സെപ്റ്റംബർ 25 നുണ്ടായ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണ സമയം വാഹന ഓടിച്ചിരുന്നത് അർജുൻ ആയിരുന്നെന്ന് കണ്ടത്തിയത്. അന്ന് പോലീസും ക്രൈംബ്രാഞ്ചും സിബിഐയും വാഹനാപകടത്തിലെ സംശയങ്ങളില്‍ അർജുനെ ചോദ്യം ചെയ്തിരുന്നു.
അർജ്ജുന് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണവും അന്ന് ശക്തമായിരുന്നു. ഇത് ബലപ്പെടുത്തുന്നതാണ് പെരിന്തല്‍മണ്ണയിലെ സ്വർണ്ണ കവർച്ചയും അർജുന്‍റെ അറസ്റ്റും. ഇതിന് പുറമേ ചില കവർച്ച കേസുകളിലും അടിപിടി കേസുകളിലും അർജുന് പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ കവർച്ചാ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റു പ്രതികളുമായുള്ള മുൻ പരിചയം പിന്നീട് സ്വർണ്ണ കവർച്ചയിലെ ഗൂഡാലോചനയിലേക്ക് എത്തുകയായിരുന്നു. എന്നാല്‍ പുതിയ കേസിന് ബാലഭാസ്കറിന്റെ മരണവുമായി ബന്ധമില്ലെന്നും ആ രീതിയില്‍ അന്വേഷണം ഇല്ലെന്നും പോലീസ് വ്യക്തമാക്കി. നിലവില്‍ റിമാൻഡിലാണ് അർജുൻ.