ചാമ്ബ്യൻസ് ട്രോഫി വേദിയെ ചൊല്ലി ഇന്ത്യ-പാകിസ്ഥാൻ തര്‍ക്കം; ഐസിസിയുടെ അടിയന്തര യോഗം മാറ്റി

ദില്ലി: ഐസിസി ചാമ്ബ്യൻസ് ട്രോഫി വേദിയെ ചൊല്ലി ഇന്ത്യ-പാകിസ്ഥാൻ തർക്കം രൂക്ഷമായി തുടരുന്നു. ഇന്ന് നടക്കേണ്ടിയിരുന്ന ഐസിസിയുടെ അടിയന്തര യോഗം നാളത്തേയ്ക്ക് മാറ്റിയതായാണ് സൂചന.പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ ദുബായില്‍ എത്തിയിട്ടുണ്ട്. യോഗത്തിന് മുമ്ബ് സമവായത്തിനായി പിൻവാതില്‍ ചർച്ചകള്‍ നടന്നെങ്കിലും ഫലം കണ്ടില്ല. 20 മിനിട്ടോളം നീണ്ട ചർച്ചയില്‍ ഇന്ത്യയും പാകിസ്ഥാനും തീരുമാനത്തില്‍ ഉറച്ചുനിന്നതോടെയാണ് യോഗം നാളത്തേയ്ക്ക് മാറ്റാൻ തീരുമാനമാനിച്ചത്.

പാകിസ്ഥാനില്‍ ഫെബ്രുവരി, മാർച്ച്‌ മാസങ്ങളിലാണ് ചാമ്ബ്യൻസ് ട്രോഫി നടക്കുന്നത്. എന്നാല്‍, രാഷ്ട്രീയ, സുരക്ഷാ കാരണങ്ങളാല്‍ പാകിസ്ഥാനില്‍ കളിക്കാൻ ഇന്ത്യ തയ്യാറല്ലെന്നാണ് ബിസിസിഐയുടെ നിലപാട്. ഈ മാസം 9ന് തന്നെ കേന്ദ്രസർക്കാർ ഇക്കാര്യത്തില്‍ തീരുമാനം വ്യക്തമാക്കിയിരുന്നു. ഇതേ നിലപാട് തന്നെയാണ് ബിസിസിഐയും സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍ അല്ലെങ്കില്‍ യുഎഇയില്‍ നടത്തണമെന്നാണ് ബിസിസിഐ ആവശ്യപ്പെടുന്നത്.

കഴിഞ്ഞ വർഷം പാകിസ്ഥാനില്‍ നടന്ന ഏഷ്യാ കപ്പില്‍ ഇന്ത്യ കളിച്ചിരുന്നില്ല. ഹൈബ്രിഡ് മാതൃകയില്‍ ശ്രീലങ്കയിലാണ് ഇന്ത്യയുടെ മത്സരങ്ങള്‍ നടത്തിയിരുന്നത്. സമാനമായ രീതിയില്‍ ചാമ്ബ്യൻസ് ട്രോഫിയിലെയും ഇന്ത്യയുടെ മത്സരങ്ങള്‍ മറ്റൊരു വേദിയില്‍ നടത്തണമെന്നാണ് ബിസിസിഐയുടെ ആവശ്യം. എന്നാല്‍, മറ്റ് ടീമുകള്‍ക്കൊന്നുമില്ലാത്ത സുരക്ഷാ കാരണം ഇന്ത്യയ്ക്ക് മാത്രം എന്താണെന്നും ഇന്ത്യ പാകിസ്ഥാനില്‍ കളിച്ചേ മതിയാകൂ എന്നുമാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ നിലപാട്. ഇതാണ് തർക്കത്തിന് കാരണമായത്. പാകിസ്ഥാനില്‍ കളിക്കില്ലെന്ന് ബിസിസിഐയും ഇന്ത്യ പാകിസ്ഥാനില്‍ കളിച്ചേ തീരൂ എന്ന് പിസിബിയും നിലപാട് സ്വീകരിച്ചതോടെ ടൂർണമെന്റ് തന്നെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.