തിരുവനന്തപുരം ഫൈൻ ആര്‍ട്സ് കോളേജില്‍ ‘സീ – ദി ആനുവല്‍ ഷോ’ക്ക് നാളെ തുടക്കം; കലാസൃഷ്ടികളുടെ പ്രദര്‍ശനം ഡിസം. 31 വരെ
തിരുവനന്തപുരം: തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജില്‍ അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും ഫൈൻ ആർട്സ് വർക്കുകളുമായി വീണ്ടും സീ – ആനുവല്‍ ഷോ പ്രദർശനത്തിനായി ഒരുങ്ങുന്നു.ഡിസംബർ 9 ന് മാധ്യമപ്രവർത്തകൻ പി കെ രാജശേഘരൻ പ്രദർശനം ഉദ്ഘാടനം നിർവഹിക്കും.ഡിസംബർ 31 വരെയാണ് “സീ – ദി ആനുവല്‍ ഷോ” പ്രദർശനം. ഒന്നാം വർഷ ബിഎഫ്‌എ വിദ്യാർത്ഥികള്‍ മുതല്‍ അവസാന വർഷ എംഎഫ്‌എ വിദ്യാർത്ഥികളും അധ്യാപകരും അവരുടെ ആർട്ട് വർക്കുകള്‍ ഷോയില്‍ പ്രദർശിപ്പിക്കുന്നുണ്ട്.
പെയിൻറ്റിങ്ങ്, അപ്ലൈഡ് ആർട്ട്, ശില്‍പകല എന്നീ വിഭാഗങ്ങളില്‍ നിന്നുമായി ഡിസൈൻസ്, ചിത്രങ്ങള്‍, ശില്‍പങ്ങള്‍, ഇൻസ്റ്റലേഷൻസ്, വീഡിയോ ആർട്ട് എന്നിവ പ്രദർശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആനുവല്‍ ഷോയുടെ ഭാഗമായി കലാപ്രദർശനത്തിനപ്പുറം വിവിധ വിഷയങ്ങളിലുള്ള പ്രസൻറേഷനുകളും ചർച്ചകളും വർക്ഷോപ്പുകളും സംഘടിപ്പിക്കും.
കൂടാതെ, പല ദിവസങ്ങളിലായി സിനിമാ പ്രദർശനങ്ങളും കളമെഴുത്ത്, ക്ലാസിക്കല്‍ നൃത്തം തുടങ്ങിയ വിവിധ പെർഫോമെൻസുകളും സാംസ്കാരിക പരിപാടികളും പ്രദർശനത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. എക്സിബിഷനും അനുബന്ധ പരിപാടികളും കാണാൻ പൊതുജനങ്ങള്‍ക്കും പ്രവേശനമുണ്ട്. പൊതുസമൂഹത്തിന് കോളേജിൻറെ കലാപ്രവർത്തനങ്ങളുമായി അർത്ഥവത്തായ സംഭാഷണങ്ങള്‍ കെട്ടിപ്പടുക്കുവാനുള്ള ഒരു തുറന്ന വേദിയാണ് ഈ പ്രദർശനം.
രാവിലെ 10 മണി മുതല്‍ വൈകീട്ട് 7 വരേയാണ് ഗാലറിയിലെ പ്രദർശന സമയം. വർഷങ്ങളായി തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജില്‍ സീ എന്ന പേരില്‍ നടത്തിവരുന്ന ആനുവല്‍ ഷോ സമകാലിക കാലത്തെ സർഗ്ഗത്മകമായ ഇടപെടലാണ്. കലാസാംസ്കാരിക പ്രവർത്തനങ്ങളുടെ സമ്ബന്നമായ ഒരു അനുഭവം ‘സീ 2024-2025’ വാഗ്‌ദാനം ചെയ്യുന്നു.