എതിര്‍ദിശയില്‍ അമിത വേഗത്തില്‍ വാഹനം; സൈഡ് കൊടുത്ത കാര്‍ പറവൂര്‍ പാലത്തില്‍ നിന്നും താഴേക്ക് നിരങ്ങി വീണു

കൊച്ചി: പറവൂർ പാലത്തില്‍ നിന്നും വാഹനം താഴേക്ക് മറിഞ്ഞു. കുട്ടി ഉള്‍പ്പടെ 5 പേർ അടങ്ങുന്ന കുടുംബം സഞ്ചരിച്ച കാറാണ് താഴേക്ക് മറിഞ്ഞത്.എറണാകുളത്ത് നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. പൊലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അതേസമയം, കാറിലുണ്ടായിരുന്നവർക്ക് കാര്യമായ പരിക്കുകളില്ലെന്ന് പൊലീസ് പറഞ്ഞു.

അല്‍പ്പ സമയം മുമ്ബാണ് സംഭവം. മറ്റൊരു വാഹനം എതിർ ദിശയില്‍ നിന്നും വന്നപ്പോള്‍ സൈഡ് കൊടുത്തപ്പോഴാണ് കാർ മറിഞ്ഞതെന്നാണ് വിവരം. വീഴ്ച്ചയില്‍ വാഹനത്തിൻ്റെ മുൻഭാഗം തകർന്നു. കൊടുങ്ങല്ലുർ പറവൂർ റോഡില്‍ പറവൂർ പാലത്തിന് സമീപമാണ് അപകടമുണ്ടായത്. എതിർദിശയില്‍ വന്ന കാർ അമിത വേഗതയിലായിരുന്നുവെന്ന് ഇവർ പറയുന്നു. ഇതു കണ്ട് ഭയന്ന ഉടൻ കാർ ഇടത്തോട്ട് വെട്ടിച്ചതാണ് അപകടത്തിന് കാരണം. അപ്രോച്ച്‌ റോഡിലേക്ക് കുത്തനെ കിടക്കുന്ന റോഡിലേക്ക് കാർ നിയന്ത്രണം വിട്ട് നിരങ്ങി പോവുകയായിരുന്നു. പിന്നീട് ഒരു വീടിൻ്റെ മതിലില്‍ ഇടിച്ചാണ് നിന്നത്. വാഹനത്തില്‍ ഉണ്ടായിരുന്നവർക്ക് കാര്യമായി പരിക്കേറ്റില്ല. ഇവരെ തൊട്ടടുത്ത വീട്ടിലേക്ക് മാറ്റി.