Fincat

ട്രെയിനില്‍ യുവതിക്ക് പ്രസവ വേദന; പാലക്കാടെത്തിയപ്പോള്‍ പാഞ്ഞെത്തി 108 ആംബുലൻസ്, പ്രസവമെടുത്ത് മെഡിക്കല്‍ ടെക്നീഷ്യൻ

പാലക്കാട്/തൃശൂർ: യുവതിക്ക് ട്രെയിനില്‍ പ്രസവ വേദന വന്നതോടെ കനിവ് 108 ആംബുലൻസില്‍ സുഖപ്രസവം. ഡല്‍ഹി സ്വദേശിനിയായ മെർസീന (30) ആണ് ആംബുലൻസില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.

1 st paragraph

ആലപ്പുഴ നിന്ന് ഡല്‍ഹിയിലേക്ക് പോകുകയായിരുന്നു മെർസീനയും കുടുംബവും. യാത്രാമധ്യേ മെർസീനയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടു. തുടർന്ന് ട്രെയിൻ പാലക്കാട് ജങ്ഷൻ റെയില്‍വേ സ്റ്റേഷൻ എത്തിയപ്പോള്‍ ഒപ്പമുള്ളവർ വിവരം സ്റ്റേഷൻ മാനേജരെ അറിയിക്കുകയും ചെയ്തു. ഇദ്ദേഹം ഉടൻ തന്നെ കനിവ് 108 ആംബുലൻസിന്‍റെ സേവനം തേടി. ഉടൻ പാലക്കാട് ജില്ലാ ആശുപത്രിയിലെ കനിവ് 108 ആംബുലൻസ് സംഘം സ്ഥലത്ത് എത്തി യുവതിയെ പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ എത്തിച്ചു.

11 മണിയോടെ യുവതിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഡോക്ടർ തൃശ്ശൂർ മെഡിക്കല്‍ കോളേജിലേക്ക് റഫർ ചെയ്യുകയും ഇതിനായി കനിവ് 108 ആംബുലൻസിന്‍റെ സേവനം തേടുകയുമായിരുന്നു. കണ്‍ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം പാലക്കാട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ആംബുലൻസ് പൈലറ്റ് സുഭാഷ് കെ, എമർജൻസി മെഡിക്കല്‍ ടെക്നീഷ്യൻ വിജിമോള്‍ ആർ എന്നിവർ ആശുപത്രിയില്‍ എത്തി യുവതിയുമായി തൃശ്ശൂർ മെഡിക്കല്‍ കോളേജിലേക്ക് യാത്ര തിരിച്ചു. ആംബുലൻസ് തൃശ്ശൂർ വഴുക്കുംപാറ എത്തിയപ്പോഴേക്കും യുവതിയുടെ ആരോഗ്യനില കൂടുതല്‍ വഷളാകുകയും തുടർന്ന് എമർജൻസി മെഡിക്കല്‍ ടെക്നീഷ്യൻ വിജിമോള്‍ നടത്തിയ പരിശോധനയില്‍ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ല എന്ന് മനസ്സിലാക്കി ആംബുലൻസില്‍ തന്നെ ഇതിന് വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി.

2nd paragraph

ബുധനാഴ്ച പുലർച്ചെ 12.18ന് വിജിമോളുടെ പരിചരണത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി. ഉടൻ വിജിമോള്‍ അമ്മയും കുഞ്ഞുമായുള്ള പൊക്കിള്‍കൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നല്‍കി. ഇരുവരെയും ആംബുലൻസ് പൈലറ്റ് സുഭാഷ് തൃശ്ശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.