‘ഈശ്വരനിലയ’ത്തില്‍ പാലുകാച്ചാൻ സിഎം എത്തി; ആര്യക്കും അമൃതയ്ക്കും വീടൊരുക്കി മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാര്‍

കൊല്ലം : മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാരുടെ കൂട്ടായ്മയില്‍ പണി കഴിയിപ്പിച്ച വീടിന്റെ താക്കോർ ദാനവും പാലു കാച്ചും നിർവഹിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ.രാവിലെ 11 മണിയ്ക്കാണ് പാലു കാച്ചല്‍ നടത്തിയത്. ഈശ്വര നിലയം എന്നാണ് വീടിന് പേര് നല്‍കിയിരിക്കുന്നത്. കൊല്ലം കടയ്ക്കലിലെ സ്വർണ വ്യാപാരി അഡ്വ. പള്ളിയമ്ബലം ജയചന്ദ്രൻ പിള്ള സൗജന്യമായി നല്‍കിയ സ്ഥലത്താണ് അമ്മയും രണ്ട് പെണ്‍കുട്ടികളുമടങ്ങുന്ന കുടുംബത്തിന് വീടൊരുങ്ങിയിരിക്കുന്നത്. സുരക്ഷാ ജീവനക്കാരുടെ ശമ്ബളത്തില്‍ നിന്ന് ജീവ കാരുണ്യ പ്രവർത്തനത്തിന് മാറ്റി വച്ച തുകയാണ് വീടിനു വേണ്ടി ചെലവഴിച്ചത്.

പത്താം ക്ലാസില്‍ മുഴുവൻ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥിയാണ് ആര്യ. ഹെഡ്മാസ്റ്ററും മറ്റ് അധ്യാപകരും അനുമോദനമറിയിക്കാൻ വീട്ടിലെത്തിയപ്പോഴായിരുന്നു വിദ്യാർത്ഥിയുടെ വീടിന്റെ അവസ്ഥയറിഞ്ഞത്. ആര്യയും സഹോദരിയായ അമൃതയും അമ്മ അജിതയും അടച്ചുറപ്പില്ലാത്ത ഒരു കുഞ്ഞു വീട്ടിലായിരുന്നു താമസിച്ചിരുന്നത്. അച്ഛൻ നേരത്തെ മരിച്ചു പോയ കുട്ടികളുടെ അമ്മ ഹോട്ടലില്‍ ജോലിക്ക് പോയാണ് കുട്ടികളെ പഠിപ്പിച്ചിരുന്നത്. ഇവർ നേരത്തെ താമസിച്ചിരുന്ന സ്ഥലമാകട്ടെ സ്വത്ത് തർക്കം നടക്കുന്ന ഇടവുമാണ്.

സംഭവം വാർത്തയായതോടയാണ് വ്യാപാരി കോട്ടപ്പുറത്തെ തന്റെ വസ്തുവില്‍ നിന്ന് 8 സെന്റ് വീടു വയ്ക്കാനായി നല്‍കിയത്. ഇതിന് പിന്നാലെ വീട് വയ്ക്കാൻ സന്നദ്ധത അറിയിച്ച്‌ മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാരുടെ കൂട്ടായ്മയുമെത്തുകയായിരുന്നു.