ഒടുവിലതും സംഭവിച്ചു? മനുഷ്യൻ സംഭവം തന്നെ! സൂര്യന്റെ അന്തരീക്ഷത്തിന് സമീപം പാര്‍ക്കറെത്തിയോ, 2 ദിനം കാത്തിരിക്കണം
വാഷിങ്ടണ്‍: ഭൂമിയില്‍ നിന്ന് 15 കോടി കിലോമീറ്റർ അകലെയുള്ള സൂര്യന്റെ അന്തരീക്ഷത്തിന് സമീപത്ത് നാസയുടെ സൗര്യ ദൗത്യമായ പാർക്കർ സോളാർ പ്രോബ് എത്തിയതായി റിപ്പോർട്ട്.സൂര്യന്റെ ഏറ്റവും അടുത്തെത്തുന്ന മനുഷ്യനിർമിത വസ്തുവെന്ന റെക്കോർഡും ഇതോടെ പാർക്കറിന് സ്വന്തമായി. സോളാർ പ്രോബ് സൂര്യപ്രതലത്തില്‍നിന്ന് 61 ലക്ഷം കിലോമീറ്റർ അടുത്താണെത്തിയത്. ക്രിസ്മസ് തലേന്ന് ഇന്ത്യൻ സമയം വൈകീട്ട് 5.23-ഓടെയാണ് പെരിഹീലിയൻ എന്നറിയപ്പെടുന്ന ഭാഗത്ത് ദൗത്യമെത്തേണ്ടത്.
ഡിസംബർ 20നാണ് പേടകത്തില്‍ നിന്ന് അവസാന സിഗ്നല്‍ ലഭിച്ചത്. പേടകം സാധാരണനിലയില്‍ പ്രവർത്തിക്കുന്നതിനാല്‍ ദൗത്യം പൂർത്തിയാക്കിയിട്ടുണ്ടാകുമെന്ന് നാസ അറിയിച്ചു. ഡിസംബർ 27-നാണ് പേടകത്തില്‍ നിന്നുള്ള അടുത്ത സിഗ്നല്‍ ലഭിക്കുക. സൂര്യന്റെ ഏറ്റവും പുറമേയുള്ള അന്തരീക്ഷമായ കൊറോണയിലൂടെയാണ് നിലവില്‍ പേടകം സഞ്ചരിക്കുക.
മണിക്കൂറില്‍ 430,000 കിമീ വേഗത്തിലാണ് പേടകം സഞ്ചരിച്ചത്. 982 ° C വരെയുള്ള താപനിലയെ അതിജീവിക്കാനും പാർക്കർ സോളാർ പ്രോബിന് സാധിക്കും. സൗരവാതത്തിൻ്റെ ഉത്ഭവം, കൊറോണയുടെ ചൂട്, കൊറോണല്‍ മാസ് എജക്ഷനുകളുടെ രൂപീകരണം തുടങ്ങിയ പ്രധാന സൂര്യരഹസ്യങ്ങള്‍ മനസ്സിലാക്കാൻ പാർക്കർ ശാസ്ത്രജ്ഞരെ സഹായിക്കും. 2021-ല്‍ സൗരാന്തരീക്ഷത്തിലേക്കുള്ള ആദ്യ പ്രവേശത്തില്‍, സൂര്യൻ്റെ അന്തരീക്ഷ അതിരുകളെക്കുറിച്ചുള്ള പുതിയ വിശദാംശങ്ങള്‍ കണ്ടെത്തുകയും കൊറോണല്‍ സ്ട്രീമറുകളുടെ ക്ലോസ്-അപ്പ് ചിത്രങ്ങള്‍ പകർത്തുകയും ചെയ്തു. പേടകത്തിൻ്റെ ഉപകരണങ്ങളിലൊന്ന് ശുക്രനില്‍ നിന്ന് ദൃശ്യപ്രകാശം പിടിച്ചെടുത്തിരുന്നു.
ഇതുവരെ മനുഷ്യനിർമിത വസ്തുക്കള്‍ സൂര്യന് ഇത്രയടുത്ത് എത്തിയിട്ടില്ല. പേടകത്തില്‍നിന്നുള്ള വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് നാസയും ശാസ്ത്രലോകവും. 2018 ഓഗസ്റ്റ് 12-ന് ഫ്ലോറിഡയിലെ കേപ് കനാവറല്‍ എയർഫോഴ്സ് സ്റ്റേഷനില്‍ നിന്നാണ് പാർക്കർ സോളാർ പ്രോബ് വിക്ഷേപിച്ചത്. മണിക്കൂറില്‍ 6,90,000 കിലോമീറ്റർ വേഗത്തില്‍ പേടകത്തിന് സഞ്ചരിക്കാനാകും.