ബാങ്കില്‍ സ്വര്‍ണം പണയം വച്ച് മടക്കയാത്രയില്‍ ബാഗ് സ്കൂട്ടറില്‍ നിന്ന് കാണാതായി, യുവതിക്ക് രക്ഷകനായി ദേവദാസ്

ഹരിപ്പാട്: സ്വർണം പണയം വച്ച് കിട്ടിയ വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ പണം സൂക്ഷിച്ച ബാഗ് കാണാതായി. വഴിയില്‍ കിടന്ന് കിട്ടിയ ബാഗ് ഒട്ടും വൈകാതെ സ്റ്റേഷനിലെത്തിച്ച ദേവദാസ് മാതൃകയായി.റോഡില്‍ നിന്നു കളഞ്ഞു കിട്ടിയ ബാഗില്‍ ഒന്നരലക്ഷം രൂപയും രണ്ടു മൊബൈല്‍ ഫോണും കണ്ട ശേഷവും മനസ് പതറാതിരുന്ന യുവാവിനെ അഭിനന്ദിച്ച് പൊലീസ്.

മാളിയേക്കല്‍ ജംഗ്ഷൻ സമീപം ബോഷ് സർവീസ് സെന്റർ നടത്തുന്ന കണ്ടല്ലൂർ നോർത്ത് വേണാട്ടുതെക്കത്തില് ദേവദാസാണ് മാതൃകയായിരിക്കുന്നത്. പല്ലന സ്വദേശിയായ യുവതിയുടെ ബാഗ് ആയിരുന്നു യുവാവിന് റോഡില്‍ നിന്ന് കിട്ടിയത്. ഇവർ ബാങ്കില്‍ സ്വർണ്ണം പണയം വെച്ച ശേഷം പണവുമായി വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് സ്കൂട്ടറില്‍ നിന്നും ബാഗ് പണം ഉള്‍പ്പെടെ നഷ്ടപ്പെടുന്നത്. പല്ലന സ്വദേശിയായ യുവതി ഒപ്പം ഉണ്ടായിരുന്ന യുവതിയുടെ കയ്യിലേക്ക് കുഞ്ഞിനെ കൈമാറുന്നതിനിടയില്‍ ബാഗ് സ്കൂട്ടറില്‍ നിന്നും വീണുപോയതെന്നാണ് പൊലീസ് പറയുന്നത്.
ഇന്ന് ഉച്ചയ്ക്ക് മുതുകുളം ഹൈസ്കൂള്‍ ജംഗ്ഷൻ സമീപമാണ് സംഭവം നടന്നത്. ഈ സമയം ഇതുവഴി വന്ന ദേവദാസ് ബാഗ് കാണുകയും ഉടൻതന്നെ ഇതെടുത്ത് പരിശോധിച്ചപ്പോള്‍ പണവും മൊബൈല്‍ ഫോണും ആധാർ കാർഡും ബാഗില്‍ നിന്ന് ലഭിച്ചു. തുടർന്ന് കനകക്കുന്ന് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇവിടെവെച്ച് പൊലീസിന്റെ സാന്നിധ്യത്തില്‍ ബാഗ് യുവതിക്ക് കൈമാറി.

