‘ഭിന്നശേഷിക്കാര്‍ക്ക് വരുമാനവും സ്വയം തൊഴിലും, പുനരധിവാസ ഗ്രാമങ്ങള്‍ ഉടൻ തയ്യാറാവും’; സാമൂഹ്യനീതി വകുപ്പ് മന്ത്രി
മലപ്പുറം: ഭിന്നശേഷിക്കാർക്കുള്ള പുനരധിവാസ ഗ്രാമങ്ങള്‍ ഉടൻ സജ്ജമാകുമെന്ന് ഉന്നതവിദ്യാഭ്യാസ, സാമൂഹ്യക്ഷേമ വകുപ്പുമന്ത്രി ഡോ.ആർ. ബിന്ദു. പെരിന്തല്‍മണ്ണയില്‍ സാമൂഹിക നീതി വകുപ്പും ഭിന്നശേഷി ക്ഷേമ കോർപ്പറേഷനും സംയുക്തമായി നടത്തിയ ഭിന്നശേഷി സഹായ ഉപകരണ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
തീവ്രഭിന്നശേഷിയുള്ളവർക്കായി താമസ സൗകര്യവും ആരോഗ്യസംവിധാനങ്ങളും സ്കൂളുകളും ഉള്‍പ്പടെ വിപുലമായ സംവിധാനത്തോടെയാണ് രാജ്യത്തിനു തന്നെ മാതൃകയായ പുനരധിവാസ ഗ്രാമം ഒരുങ്ങുന്നത്. കുടുംബശ്രീയുടെ മാതൃകയില്‍ ഭിന്നശേഷി സ്വയം സഹായ ശൃംഖലകള്‍ ഉടൻ ആരംഭിക്കും. വരുമാനവും സ്വയം തൊഴില്‍ കണ്ടെത്തലും ഇതിലൂടെ സാധ്യമാവും.
ഓഫീസുകള്‍, കലാലയങ്ങള്‍, മറ്റു പൊതുവിടങ്ങളെല്ലാം ഭിന്നശേഷി സൗഹൃദ ഇടങ്ങളായി മാറിക്കഴിഞ്ഞു. പുതിയ കെട്ടിടങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കിയാണ് പണിയുന്നത്. പൊതുഗതാഗത സംവിധാനങ്ങളും അങ്ങനെ ആയി മാറുകയും ജനങ്ങളുടെ ഭിന്നശേഷിക്കാരോടുള്ള മനോഭാവത്തില്‍ മാറ്റം വരികയും വേണം. സാമൂഹ്യനീതി വകുപ്പും ഭിന്നശേഷി ക്ഷേമവകുപ്പും ഇതിനായി ധാരാളം പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
29 ലക്ഷം രൂപ ചെലവില്‍ ‘ശ്രവണ്‍’ പദ്ധതി പ്രകാരം 18 പേർക്ക് 36 ശ്രവണ സഹായികളും, ‘ഹസ്തദാനം’ പദ്ധതിയില്‍ 94 പേർക്ക് 20,000 രൂപയുടെ സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റ് വിതരണവും, ‘ശുഭയാത്ര’പദ്ധതിയില്‍ 51 പേർക്ക് 97 സഹായ ഉപകരണങ്ങളുമാണ് വിതരണം ചെയ്തത്.
പെരിന്തല്‍മണ്ണ നഗരസഭാ ചെയർമാൻ പി. ഷാജി പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു. ഭിന്നശേഷി ക്ഷേമ കോർപറേഷൻ ചെയർപേഴ്സണ്‍ എം. വി. ജയഡാളി, കെ. എസ്. എച്ച്. ആർ. ഡബ്ല്യൂ. സി. ഡയറക്ടർ കെ. മൊയ്തീൻകുട്ടി, പെരിന്തല്‍മണ്ണ നഗരസഭ ക്ഷേമകാര്യ
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഹനീഫ, കൗണ്‍സിലർ നെച്ചിയില്‍ മൻസൂർ, ജില്ലാ സാമൂഹ്യനീതി ഓഫീസർ ഇൻ ചാർജ് വി. വി. സതീദേവി, ഭിന്നശേഷി കോർപറേഷൻ ഡയറക്ടർ ബോർഡ് മെമ്ബർ ചാരുംമൂട് പുരുഷോത്തമൻ, കെ. എസ്. എസ്. എം. ജില്ലാ കോർഡിനേറ്റർ സി. ജാഫർ, കെ. എസ്. എച്ച്. പി. ഡബ്ലിയു. സി. റീജിയണല്‍ ഓഫീസർ സി. എസ്. രാജാബിക തുടങ്ങിയവർ പങ്കെടുത്തു.