93 പന്തില്‍ ജയിക്കാന്‍ വേണ്ടത് 92! ഏഴ് വിക്കറ്റ് കയ്യില്‍, എന്നിട്ടും ബറോഡയെ വീഴ്ത്തി കര്‍ണാടക സെമിയില്‍
വഡോദര: വിജയ് ഹസാരെ ട്രോഫിയില്‍ ബോറഡയ്ക്കെതിരെ ത്രസിപ്പിക്കുന്ന വിജയുമായി കര്‍ണാടക. വഡോദരയില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ അഞ്ച് റണ്‍സിനായിരുന്നു കര്‍ണാടകയുടെ ജയം.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കര്‍ണാടക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സാണ് നേടിയത്. 102 റണ്‍സ് നേടിയ ദേവ്ദത്ത് പടിക്കലാണ് ടോപ് സ്കോര്‍. കെ വി അനീഷ് 52 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ബറോഡയ്ക്ക് 49.5 ഓവറില്‍ 275 റണ്‍സെടുക്കാനാണ് സാധിച്ചത്. 104 റണ്‍സ് നേടിയ ശാശ്വത് റാവത്ത് (104), അതിഥ് ഷേത് (56) എന്നിവര്‍ തിളങ്ങിയെങ്കിലും വിജയത്തിലേക്ക് നയിക്കാന്‍ കഴിഞ്ഞില്ല.
അശ്വിന്‍കുമാര്‍ രത്വയുടെ (14) വിക്കറ്റ് ബറോഡയ്ക്ക് തുടക്കത്തില്‍ നഷ്ടമായിരുന്നു. 31 റണ്‍സ് മാത്രമാണ് അപ്പോള്‍ സ്കോര്‍ബോര്‍ഡിലുണ്ടായിരുന്നത്. എന്നാല്‍ തൊട്ടടുത്ത വിക്കറ്റിലര് റാവത്ത് – ഷേത് സഖ്യം 99 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 25-ാം ഓവറില്‍ ഷേത് മടങ്ങി. അപ്പോഴും ബറോഡയ്ക്ക് വിജയിക്കുമെന്നായിരുന്നു. പിന്നാലെ ക്രുനാല്‍ പാണ്ഡ്യക്കൊപ്പം (30) റാവത്ത് 55 റണ്‍സ് കൂടി കൂട്ടിചേര്‍ത്തു. 34-ാം ഓവറിലാണ് ക്രുനാല്‍ മടങ്ങുന്നത്. സ്കോര്‍ബോര്‍ഡില്‍ 185 റണ്‍സുണ്ടായിരുന്നു അപ്പോള്‍. പിന്നീട് ജയിക്കാന്‍ വേണ്ടത് 92 റണ്‍സ് മാത്രം. 93 പന്തുകളും ബാക്കിയുണ്ടായിരിന്നു.
എന്നാല്‍ തുടര്‍ന്നെത്തിയ വിഷ്ണു സോളങ്കി (1), ശിവാലിക് ശര്‍മ (5) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഭാനു പാനിയ (22) – റാവത്ത് സഖ്യം 40 റണ്‍സ് സഖ്യം കൂട്ടിചേര്‍ത്ത് നേരിയ പ്രതീക്ഷ നല്കി. എന്നാല്‍ ഇരുവരും അടുത്തടുത്ത ഓവറുകളില്‍ പുറത്തായത് തിരിച്ചടിയായി. 126 പന്തുകള്‍ നേരിട്ട റാവത്ത് ഒരു സിക്സും ഒമ്ബത് ഫോറും നേടി. ഇതിനിടെ രാജ് ലിംബാനി (10) റണ്ണൗട്ടാവുകയും മഹേഷ് പിതിയ ഒരു റണ്‍സുമായി മടങ്ങുകയും ചെയ്തു. ഭാര്‍ഗവ് ഭട്ട് (12 പന്തില്‍ 20) ആഞ്ഞ് ശ്രമിച്ചെങ്കിലും 50 ഓവറിലെ അഞ്ചാം പന്തില്‍ റണ്ണൗട്ടായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കര്‍ണാടകയ്ക്ക് തുടക്കത്തില്‍ തന്നെ മായങ്കിന്റെ (6) വിക്കറ്റ് നഷ്ടമായി. സ്കോര്‍ബോര്‍ഡില്‍ 30 റണ്‍സ് മാത്രമാണ് അപ്പോഴുണ്ടായിരുന്നത്. തുടര്‍ന്ന് മൂന്നാം ദേവ്ദത്ത് – അനീഷ് സഖ്യം 133 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ട് 28-ാം ഓവര്‍ വരെ നീണ്ടു. പിന്നീട് രാജ് ലിംബാനിയുടെ പന്തില്‍ അനീഷ് പുറത്തായി. ഒരു സിക്സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. വൈകാതെ ദേവ്ദത്ത് സെഞ്ചുറി പൂര്‍ത്തിയാക്കി. 99 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്സും 15 ഫോറും നേടി. ഉടനെ പുറത്താവുകയും ചെയ്തു. ലിംബാനിക്ക് തന്നെയായിരുന്നു വിക്കറ്റ്. സ്മരണ്‍ രവിചന്ദ്രന്‍ (28), കൃഷ്ണന് ശ്രീജിത്ത് (28) എന്നിവരും കര്‍ണാടകയ്ക്ക് വേണ്ടി മാന്യമായ പ്രകടനം പുറത്തെടുത്തു.