പത്തനംതിട്ട: പത്തനംതിട്ടയില്‍ കായിക താരമായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയടക്കം 14 പേർ അറസ്റ്റില്‍.കൂട്ട ബലാത്സംഗത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് സിഡബ്ല്യുസിക്ക് പെണ്‍കുട്ടി നല്‍കിയ മൊഴി. ഇതില്‍ 40 പേരെ തിരിച്ചറിഞ്ഞു.
ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് സിഡബ്ല്യുസിക്ക് മുൻപാകെ 18 കാരി നടത്തിയത്. 13 വയസ് മുതല്‍ സുഹൃത്തുക്കളും സഹപാഠികളും അടക്കം നിരവധിപേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കി. 62 പേരുടെ വിവരങ്ങള്‍ കൗണ്‍സിലിങ്ങിലൂടെ എം എഫ് സിഡബ്ല്യുസിക്ക് കിട്ടിയിരുന്നു. അത് പരിശോധിച്ചാണ് പ്രത്യേക പൊലീസ് സംഘം പ്രതികളെ പിടികൂടിയത്. പത്തനംതിട്ട, ഇലവുംതിട്ട സ്റ്റേഷനിലായി 5 എഫ്‌ഐആറുകള്‍ രജിസ്റ്റർ ചെയ്തു. ഇന്നലെ അറസ്റ്റ് ചെയ്ത അഞ്ച് പേർക്കെതിരെ കൂട്ട ബലാത്സംഗത്തിനാണ് കേസ്. ദളിത് പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. അതിനാല്‍ പോക്സാ കൂടാതെ പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമം കൂടി ചേർത്തിട്ടുണ്ട്. ജില്ലയിലെ ഒറ്റപ്പെട്ട സ്ഥലങ്ങള്‍ എത്തിച്ചാണ് പെണ്‍കുട്ടിയെ പ്രതികള്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. കായികതാരമായ പെണ്‍കുട്ടിയെ പരിശീലകർ പോലും ചൂഷണത്തിനിരയാക്കിയൊന്നും പൊലീസ് പറയുന്നുണ്ട്.
അഞ്ച് വർഷത്തെ പീഡന വിവരങ്ങളാണ് പെണ്‍കുട്ടിയില്‍ നിന്ന് പൊലീസിന് കിട്ടിയത്. പ്രതികളില്‍ പലരും നാട്ടില്‍ പോലുമില്ലാത്തവരാണ്. അതുകൊണ്ടുതന്നെ അന്വേഷണവും വെല്ലുവിളി നിറഞ്ഞതാണ്. ആണ്‍സുഹൃത്താണ് സൗഹൃദം നടിച്ച് പെണ്‍കുട്ടിയെ ആദ്യം പീഡനത്തിനിരായക്കിയത്. ഇയാളുടെ സുഹൃത്തുക്കളും സഹപാഠികളും അടക്കം കൂടുതല്‍ പേർ പിന്നീട് ചൂഷണത്തിനിരയാക്കി. കായിക താരമായ പെണ്‍കുട്ടിയെ പരിശീലകർ പോലും ദുരുപയോഗം ചെയ്തെന്നാണ് പൊലീസിൻ്റെ ഞെട്ടിക്കുന്ന കണ്ടെത്തല്‍. ദരിദ്രകുടുംബത്തില്‍ ജനിച്ച കുട്ടിയുടെ കുടുംബസാഹര്യവും പ്രതികള്‍ ചൂഷണം ചെയ്യുകയായിരുന്നു.
13 വയസ്സുള്ളപ്പോഴാണ് ആൻസുഹൃത്ത് പെണ്‍കുട്ടിഈ ആദ്യമായി ലൈംഗിക ചൂഷണത്തിനു ഇരയാക്കുന്നത്. പിന്നീട് ഇയാളുടെ സുഹൃത്തുക്കള്‍ക്ക് പരിചയപ്പെടുത്തി. അവർ നഗ്നദൃശ്യങ്ങള്‍ പകർത്തി പീഡിപ്പിച്ചു. പിന്നീട് അവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കൂട്ട ബലാത്സംഗത്തിന് പോലും ഇരയാക്കി. ഹയർസെക്കൻഡറി കാലഘട്ടത്തില്‍ പഠിച്ചവർ പിന്നീട് ഉപരിപഠനത്തിനായി ചേർന്നപ്പോള്‍ അവിടെയുള്ള സഹപാഠികളും പെണ്‍കുട്ടിയെ ചൂഷണം ചെയ്തു. 60ലധികം പേരുടെ വിവരങ്ങള്‍ സിഡബ്ല്യുസിക്ക് ലഭിച്ച മൊഴിയില്‍ നിന്ന് പൊലീസിനെ കിട്ടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ അച്ഛൻ്റെ മൊബൈല്‍ ഫോണില്‍ നിന്നാണ് പൊലീസിന് നിർണായ വിവരങ്ങള്‍ കിട്ടിയത്. അച്ഛൻ്റെ ഫോണിലൂടെ ആയിരുന്നു പ്രതികളുമായി ആശയവിനിമയം. പെണ്‍കുട്ടി തന്നെ എഴുതി സൂക്ഷിച്ചിരുന്ന ഡയറിയില്‍ നിന്നും കൂടുതല്‍ പ്രതികളെ തിരിച്ചറിയാനായി. എന്നാല്‍ അഞ്ച് വർഷക്കാലത്തിനിടയില്‍ വീട്ടിലുള്ളവർ പോലും പെണ്‍കുട്ടി നേരിട്ട ദുരനുഭവം തിരിച്ചറിഞ്ഞില്ല. മഹിളാ സമഖ്യ സൊസൈറ്റിക്ക് നല്‍കിയ വിവരമാണ് കേസിന്റെ ചുരുളഴിച്ചത്.
60ലധികം പേർക്കെതിരെ മൊഴിയുണ്ടെങ്കിലും 42 പേരെയാണ് നിലവില്‍ പൊലീസിനെ തിരിച്ചറിയാനായത്. കായിക താരമായ പെണ്‍കുട്ടിയെ ചൂഷണം ചെയ്ത പരിശീലകരും കേസില്‍ പ്രതികളാകും. ലൈംഗിക ചൂഷണത്തിന് ഇരയാക്കിയവർ മാത്രമല്ല പെണ്‍കുട്ടിയുടെ നഗ്ന ദൃശ്യങ്ങള്‍ വ്യാപകമായി പങ്കുവെച്ചവരും കേസില്‍ പ്രതികള്‍ ആകുമെന്ന് പൊലീസ് പറയുന്നു.