ഒമാനിലെ ഇന്ത്യൻ സ്‌കൂള്‍ ബോര്‍ഡ് തിരഞ്ഞെടുപ്പ്; മൂന്ന് മലയാളികള്‍ക്ക് ഉജ്ജ്വല വിജയം

മസ്കറ്റ്: ഇന്ത്യൻ സ്കൂള്‍ ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മൂന്ന് മലയാളികള്‍ ഉജ്ജ്വല വിജയം നേടി. നാല് മലയാളികള്‍ അടക്കം എട്ട് സ്ഥാനാർഥികളായിരുന്നു ഇത്തവണ മത്സര രംഗത്ത് ഉണ്ടായിരുന്നത്.പിടികെ ഷമീർ, കൃഷ്ണേന്ദു, പിപി നിതീഷ് കുമാർ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മലയാളികള്‍. 67% പോളിംഗ് രേഖപ്പെടുത്തി.

സയിദ് അഹമദ് സല്‍മാൻ, ദാമോഡർ ഖാട്ടി തെരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവർ. 597 വോട്ട് നേടി ഷമീർ. പിടികെ വിജയികളില്‍ ഒന്നാമനായി. 550 വോട്ട് നേടിയ ദാമോധർ ഖാട്ടി രണ്ടാമതും 496 നേടി സൈദ് സല്‍മാൻ മൂന്നാമതും എത്തി. 440 വോട്ട് നേടി കൃഷ്‌ണേന്ദുവും 432 വോട്ടുകള്‍ നേടി നിധീഷ് കുമാറും ഇന്ത്യൻ സ്കൂള്‍ ബോർഡില്‍ ഇടം പിടിച്ചു. മസ്കറ്റ് ഇന്ത്യൻ സ്കൂളിലെ 5,125 രക്ഷിതാക്കള്‍ക്കായിരുന്നു ഈത്തവണ വോട്ടവകാശമുണ്ടായിരുന്നത്. 85 വോട്ടുകള്‍ അസാധുവാകുകയും ചെയ്തു.

ഇത് ഏഴാമത് സ്കൂള്‍ ബോർഡ് ആണ് അധികാരത്തില്‍ വരുന്നത്. പതിനഞ്ച് അംഗങ്ങള്‍ ഉള്ള ബോർഡിലേക്ക് അഞ്ച് അംഗങ്ങളെയാണ് രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും തിരഞ്ഞെടുക്കുന്നത്. മസ്കറ്റ് ഇന്ത്യൻ എംബസ്സിയുടെ മൂന്ന് പ്രതിനിധികള്‍, രണ്ടു പ്രൊമോട്ടേഴ്സ് സ്കൂളുകളുടെ നാല് പ്രതിനിധികള്‍, മസ്കറ്റ് ഇന്ത്യൻ സ്കൂള്‍ പ്രസിഡണ്ട് , ദാർസൈറ്റ് ഇന്ത്യൻ സ്കൂള്‍ പ്രസിഡണ്ട് , ബോർഡ് എഡ്യൂക്കേഷൻ അഡ്വൈസർ , എന്നിവരോടൊപ്പം മസ്കറ്റ് ഇന്ത്യൻ സ്കൂളിലെ രക്ഷാകർത്താക്കള്‍ തെരഞ്ഞെടുന്ന അഞ്ചുപേരും അടങ്ങുന്ന സംവിധാനമാണ് ഒമാനിലെ ഇന്ത്യൻ സ്കൂള്‍ ബോർഡിന്റെ ഘടന.