ജോലിസ്ഥലത്തേക്ക് പോകുന്ന വഴി വാഹനാപകടം, രണ്ടര മാസമായി ആശുപത്രിയില്‍ വെന്‍റിലേറ്ററില്‍; റംസാല്‍ നാട്ടിലെത്തി
റിയാദ്: വാഹനാപകടത്തില്‍ പെട്ട് കഴിഞ്ഞ രണ്ടര മാസമായി സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിന് സമീപം ഖത്വീഫ് സെൻട്രല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മൂവാറ്റുപുഴ സ്വദേശി റംസാലിനെ നാട്ടിലെത്തിച്ചു.ഓക്സിജന്‍റെ സഹായത്തോടെ വെൻറിലേറ്ററിലാണ് കഴിഞ്ഞിരുന്നത്. സഹപ്രവർത്തകരെയും കൊണ്ട് ജോലിസ്ഥലത്തേക്ക് പോകുന്ന വഴി ദമ്മാം-റിയാദ് റോഡിലുണ്ടായ അപകടത്തിലാണ് റംസാലിന് പരിക്കേറ്റത്. ഉടൻ കമ്ബനിയില്‍ അറിയിച്ചതിനെ തുടർന്ന് ആംബുലൻസ് എത്തി ഖത്വീഫ് സെൻട്രല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോകുന്ന വഴിയില്‍ റംസാലിന് അപസ്മാരം ഉണ്ടാവുകയും സ്ഥിതി വഷളാവുകയും കുറച്ചു ദിവസം അബോധാവസ്ഥയിലുമായിരുന്നു.
വാർത്ത അറിഞ്ഞ ഉടനെ ദമ്മാമിലെ സൗദി എറണാകുളം എക്സ്പാട്രിയേറ്റ്സ് ഫെഡറേഷൻ (സീഫ്) ഭാരവാഹികള്‍ ആശുപത്രിയില്‍ റംസാലിനെ സന്ദർശിക്കുകയും കമ്മിറ്റിയുടെ ആവശ്യപ്രകാരം ദമ്മാമിലെ സാമൂഹിക പ്രവർത്തകയായ മഞ്ജു മണിക്കുട്ടൻ ഇന്ത്യൻ അംബാസഡറെ വിവരം അറിയിക്കുകയും നാട്ടില്‍ എത്തിക്കാനാവശ്യമായ സഹായം ഇന്ത്യൻ എംബസി അനുവദിക്കുകയും ചെയ്തു. ഒരുപാട് പ്രതിസന്ധികള്‍ അഭിമുഖീകരിച്ചെങ്കിലും റംസാലിനെ തുടർ ചികിത്സക്ക് നാട്ടിലെത്തിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് സീഫ് പ്രവർത്തകർ. 10 ലക്ഷം രൂപയിലധികമാണ് ചെലവായത്. ഇത് തുല്യമായി സീഫും എംബസിയും ചേർന്നാണ് വഹിച്ചത്.
ഇന്ത്യൻ എംബസിയുമായും എയർ ഇന്ത്യയുമായും റംസാലിെൻറ നാട്ടുകാരനും ഇടുക്കി എം.പിയുമായ ഡീൻ കുര്യാക്കോസ് നിരന്തരം ബന്ധപ്പെട്ടിരുന്നു. നോർക്ക റൂട്സ് സൗജന്യമായി വിട്ടുനല്‍കിയ ആംബുലൻസില്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചു. കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി, ഇന്ത്യൻ എംബസി, നോർക്ക റൂട്സ് കേരള, ഖത്വീഫ് കിങ് ഫഹദ് ആശുപത്രി, എയർ ഇന്ത്യ, ആശ്രയ മൂവാറ്റുപുഴ, പെരുമ്ബാവൂർ പ്രവാസി അസോസിയേഷൻ ദമ്മാം, സാമൂഹിക പ്രവർത്തകൻ മണിക്കുട്ടൻ എന്നിവർക്ക് സീഫ് ഭാരവാഹികള്‍ നന്ദി അറിയിച്ചു.