‘അതൊന്നും രോഹിത്തിനെ ആരും പഠിപ്പിക്കേണ്ടതില്ല’; ഇന്ത്യന്‍ ക്യാപ്റ്റന് പിന്തുണയുമായി മുന്‍ താരം സുരേഷ് റെയ്‌ന
ലഖ്‌നൗ: വരുന്ന ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് തിളങ്ങാന്‍ സാധിക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന.അടുത്ത കാലത്ത് മോശം ഫോമിലാണ് രോഹിത്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും അതിന് മുമ്ബ് ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരായ ടെസ്റ്റ് പരമ്ബരയിലും രോഹിത് മോശം പ്രകടനമാണ് താരം പുറത്തെടുത്തത്. മോശം ഫോമിനെ തുടര്‍ന്ന് അദ്ദേഹത്തിന് ഓസീസിനെതിരെ അവസാന ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കേണ്ട സാഹചര്യം പോലുമുണ്ടായി.
ഇതിനിടെയാണ് രോഹിത്തിനെ പിന്തുണച്ച് റെയ്‌ന രംഗത്തെത്തിയത്. 2019ലെ ഏകദിന ലോകകപ്പിലെ പ്രകടനം അവര്‍ത്തിക്കാന്‍ രോഹിത്തിന് സാധിക്കുമെന്നാണ് റെയ്‌ന പറയുന്നത്. റെയ്‌നയുടെ വാക്കുകള്‍… ”2011 ലോകകപ്പ് ടീമിലേക്ക് രോഹിത് തിരഞ്ഞെടുക്കപ്പെടാതിരുന്നപ്പോള്‍ അയാള്‍ക്ക് വലിയ വിഷമം തോന്നിയിരുന്നു. എന്നാല്‍ 2013 ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ അദ്ദേഹമുണ്ടായിരുന്നു. നന്നായി കളിക്കാനും രോഹിത്തിന് സാധിച്ചു. കഴിഞ്ഞ തവണ ഞങ്ങള്‍ ഇംഗ്ലണ്ടില്‍ ചാംപ്യന്‍സ് ട്രോഫി വിജയിച്ചതില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും ദുബായിലെ സാഹചര്യം. ആ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് രോഹിത്തിനറിയാം. പഠിപ്പിക്കേണ്ട കാര്യമില്ല. രോഹിത് 20-25 ഓവര്‍ വരെ കളിക്കുകയാണെങ്കില്‍, 2019 ലോകകപ്പിലെ അതേ പ്രകടനം അദ്ദേഹം തുടരും.” റെയ്‌ന വ്യക്തമാക്കി.
2019 ലോകകപ്പില്‍ അഞ്ച് സെഞ്ചുറികളും ഒരു അര്‍ധസെഞ്ചുറിയും സഹിതം ഒമ്ബത് ഇന്നിംഗ്സുകളില്‍ നിന്ന് 81 ശരാശരിയില്‍ 648 റണ്‍സാണ് രോഹിത് നേടിയത്. ടൂര്‍ണമെന്റിലെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായും രോഹിത് മാറി. 2023 ഏകദിന ലോകകപ്പിലെ മികച്ച പ്രകടനത്തിന് ശേഷം ശ്രീലങ്കയ്ക്കെതിരെ വെറും മൂന്ന് മത്സരങ്ങള്‍ മാത്രം കളിച്ച രോഹിത് മൂന്ന് ഇന്നിംഗ്സുകളില്‍ നിന്ന് 52.33 ശരാശരിയില്‍ രണ്ട് അര്‍ധസെഞ്ചുറികളോടെ 157 റണ്‍സ് നേടി. ഇന്ത്യ 0-2ന് തോറ്റ പരമ്ബരയിലെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് രോഹിത്തായിരുന്നു.
നേരത്തെ, 2023 ലോകകപ്പില്‍, ടൂര്‍ണമെന്റിലുടനീളം ഇന്ത്യയ്ക്ക് തകര്‍പ്പന്‍ തുടക്കം നല്‍കുന്നതില്‍ രോഹിത് നിര്‍ണായക പങ്ക് വഹിച്ചു. ലോകകപ്പിലെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ കളിക്കാരനായി അദ്ദേഹം ഫിനിഷ് ചെയ്തു. 11 ഇന്നിങ്സുകളില്‍ നിന്ന് 54.27 ശരാശരിയില്‍ ഒരു സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറികളും സഹിതം 597 റണ്‍സാണ് ഇന്ത്യന്‍ നായകന്‍ നേടിയത്.