ഹാങ്ങ് ഓവര്‍ മാറുന്നില്ല, എന്നെ അത്ഭുതപ്പെടുത്തി; രേഖാചിത്രത്തെ പ്രശംസിച്ച്‌ കീര്‍ത്തി സുരേഷ്


ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രമാണ് ഇപ്പോള്‍ മലയാള സിനിമയിലെ സംസാര വിഷയം.മലയാളത്തില്‍ വളരെ അപൂർവമായി മാത്രം ഉപയോഗിച്ചിട്ടുള്ള ആള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന സബ് ജോണറില്‍ വന്ന ഈ ചിത്രം വലിയ പ്രേക്ഷക- നിരൂപക പ്രശംസ മുന്നേറുകയാണ്. സിനിമാതാരങ്ങള്‍ അടക്കം നിരവധി പേർ സിനിമയെ പ്രശംസിച്ച്‌ കൊണ്ട് രംഗത്ത് എത്തിക്കഴിഞ്ഞു. ഈ അവസരത്തില്‍ കീർത്തി സുരേഷ് സിനിമയെ കുറിച്ച്‌ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധനേടുകയാണ്.

“രേഖാചിത്രം കണ്ടു. സിനിമയെ കുറിച്ച്‌ എഴുതാൻ കാത്തിരിക്കുകയായിരുന്നു ഞാൻ. സിനിമ കണ്ട ഹാങ്ങ് ഓവറിലാണ് ഞാൻ. ഒന്നും എഴുതാൻ കഴിയുന്നില്ല. ഞാൻ കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും മികച്ച തിരക്കഥയും എഴുത്തുമാണ് രേഖാചിത്രത്തിന്റേത്. ചിത്രത്തിലെ ഓരോ വശങ്ങളും എന്നെ ഏറെ അത്ഭുതപ്പെടുത്തി. പ്രിയപ്പെട്ട അനശ്വര..നിന്റെ എല്ലാ സിനിമകളും ഞാൻ കണ്ടിട്ടുണ്ട്. നിന്റെ അഭിനയം ഇഷ്ടപെടുന്ന ആളാണ് ഞാൻ. ഈ സിനിമയും നീ ഗംഭീരമാക്കി. നിങ്ങളെന്നെ തുടർച്ചയായി അത്ഭുതപ്പെടുത്തുകയാണ് ആസിഫ്. സൂക്ഷ്മമായ പ്രകടനത്തിലൂടെ ഓരോ കഥാപാത്രങ്ങളെയും നിങ്ങള്‍ മികച്ചതാക്കുകയാണ്. തിരക്കഥ തെരഞ്ഞെടുപ്പുകള്‍ മികവുറ്റതാണ്. നിങ്ങളുടെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ഞാൻ. രേഖാചിത്രത്തിന്റെ മുഴുവൻ ടീമിനും എന്റെ അഭിനന്ദനങ്ങള്‍. സുഹൃത്തുക്കളേ..ഈ ചിത്രത്തെക്കുറിച്ച്‌ ഓർത്ത് അഭിമാനിക്കാൻ ഏറെയുണ്ട്.” എന്നാണ് കീർത്തി സുരേഷ് കുറിച്ചത്.


മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം ‘ദി പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത സിനിമ കൂടിയാണ് ‘രേഖാചിത്രം’. കൂടാതെ രേഖാചിത്രത്തിലെ ‘മമ്മൂട്ടി’ ഫാക്ടറും ഏറെ ആകർഷണീയമാണ്. ജോഫിൻ ടി ചാക്കോ, രാമു സുനില്‍ എന്നിവരുടെ കഥയ്ക്ക് ജോണ്‍ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത്. മികച്ച തിരക്കഥക്കൊപ്പം ജോഫിൻ ടി ചാക്കോയുടെ സംവിധാന മികവും അപ്പു പ്രഭാകറിന്റെ ഛായാഗ്രഹണവും മുജീബ് മജീദിന്റെ സംഗീതവും ചിത്രത്തിന്റെ വിജയത്തില്‍ നിർണ്ണായകമായിട്ടുണ്ട്. മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുണ്‍, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, നിഷാന്ത് സാഗർ, പ്രേം പ്രകാശ്, സുധി കോപ്പ,നന്ദു, വിജയ് മേനോൻ, ഷാജു ശ്രീധർ, മേഘ തോമസ്, സെറിൻ ശിഹാബ്, സലീമ, പ്രിയങ്ക നായർ, പൗളി വില്‍സണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. വേണു കുന്നപ്പിള്ളിയാണ് ചിത്രത്തിന്റെ നിർമ്മാണം.