എച്ച്‌ഐവി പരിശോധനാഫലം വന്ന ശേഷം മാത്രം ചികിത്സ; രോഗികളെ വലച്ച് ദന്തല്‍ കോളജിലെ പുതിയ മാറ്റം, വ്യാപക പരാതി
തിരുവനന്തപുരം: ദന്തല്‍ കോളജില്‍ ആരംഭിച്ച പുതിയ പരിശോധനാ രീതികള്‍ രോഗികളെ വലയ്ക്കുന്നതായി പരാതി. ഒപിയില്‍ ഒഴികെ ചികിത്സയ്ക്ക് എത്തുന്നവർ എച്ച്‌ഐവി, ഹെപ്പറ്റൈറ്റിസ് ബി പരിശോധനകള്‍ നടത്തണമെന്നാണ് നിർദേശം.ഇതിനായി ആശുപത്രിയില്‍ സംവിധാനം ഒരുക്കിയിട്ടുമുണ്ട്. പരിശോധനയ്ക്ക് 250 രൂപ നല്‍കണം. പുതിയ പരിഷ്‌കാരം വന്നതോടെ ചികിത്സ തേടി എത്തുന്നവരില്‍ നിന്ന് എതിർപ്പുയർന്നിട്ടുണ്ട്. ആശുപത്രിയില്‍ എത്തുന്നവർക്ക് മഞ്ഞപ്പിത്തവും മറ്റ് രോഗങ്ങളും ഇല്ലന്ന് ഉറപ്പാക്കാനായി മുൻകരുതലിനാണ് പരിശോധനകളെന്ന് അധികൃതർ പറയുന്നു. പല്ല് വൃത്തിയാക്കല്‍, പല്ലെടുക്കല്‍, മോണ ചികിത്സ തുടങ്ങിയവയ്ക്ക് വിധേയരാകുന്നവരാണ് പരിശോധന നടത്തേണ്ടത്.
രോഗികളുടെ സുരക്ഷ മുൻനിർത്തിയാണ് സംവിധാനമെങ്കിലും പുതിയ രീതിയിലെ സമയക്രമം ചികിത്സക്കെത്തുന്നവരെ വലയ്ക്കുന്നു. മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി വിശദമായ രക്തപരിശോധന നടത്താറുണ്ട്. ഇതിന് സമാനമായ രീതിയിലാണ് ദന്തല്‍ കോളജിലും പരിശോധന സംവിധാനം ഏർപ്പെടുത്തിയത്. ദന്ത ചികിത്സയ്ക്ക് ശേഷം ഇതിന് വിധേയനായ ആളിന് മഞ്ഞപ്പിത്തമോ മറ്റു രോഗങ്ങളോ കണ്ടെത്തിയാല്‍ ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുകയാണ് ലക്ഷ്യം. എന്നാല്‍ എച്ച്‌ഐവി, ഹെപ്പറ്റൈറ്റിസ് ബി പരിശോധനകളുടെ ഫലം ലഭിച്ചാല്‍ മാത്രമേ പല്ല് വൃത്തിയാക്കല്‍, പല്ലെടുക്കല്‍ തുടങ്ങിയ ചികിത്സ നടത്തൂ. ഫലം സമയത്തിന് ലഭിച്ചില്ലെങ്കില്‍ ചികിത്സയും വൈകുമെന്നു രോഗികള്‍ പരാതിപ്പെടുന്നു.