കെട്ടിട നിര്‍മ്മാണം വ്യവസായമായി അംഗീകരിക്കുക: കെട്ടിട ഉടമകള്‍
മലപ്പുറം : സര്‍ക്കാറിനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും കേരളീയര്‍ക്ക് മൊത്തത്തിലും ഉപകാരമാവുംവിധം നിലവിലെ കെട്ടിടങ്ങളും കെട്ടിട നിര്‍മ്മാണവും വ്യവസായമായി അംഗീകരിച്ച് വ്യവസായിക ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. നവ കേരള നിര്‍മ്മിതിക്ക് കരുത്തു പകരാന്‍ പരിപാടിയുടെ ഭാഗമായി മലപ്പുറത്ത് മുഖ്യമന്ത്രി നടത്തിയ അഭിമുഖത്തിലാണ് അസോസിയേഷന്‍ ഈ നിര്‍ദ്ദേശം വെച്ചത്.
സൈലന്റ് വാലി സമീപത്തെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെയും തീരദേശ മേഖലയുടെയും ഏരിയ കുറച്ച് കെട്ടിട – വീട് നിര്‍മ്മാണ മേഖലക്ക് സഹായകമായ സമ്മര്‍ദ്ദം ചെലുത്തുക, കേന്ദ്ര, കേരള സര്‍ക്കാറുകളുടെ പരിഗണനയിലുള്ള മാതൃകാ വാടക പരിഷ്‌ക്കാരണ ബില്ല് നിയമമാക്കി കരാര്‍ രജിസ്‌ട്രേഷനിലുടെ സര്‍ക്കാറിന് കോടികളുടെ വരുമാനവും വ്യാപാരി – കെട്ടിട ഉടമകള്‍ക്ക് ഉപകാരമാകും വിധം ബില്ല് നടപ്പാക്കുക, പ്രളയംമൂലം നദികളില്‍ കുമിഞ്ഞു കൂടിയ മണല്‍ വാരാന്‍ തദ്ദേശ സ്ഥാപനങ്ങളിലൂടെ സംവിധാനമൊരുക്കുക, നിര്‍മ്മാണ വസ്തുക്കളുടെ കൃത്രിമ ക്ഷാമവും മായം ചേര്‍ക്കലും അന്യായ വിലക്കയറ്റവും തടയുക, കോവിഡ് പശ്ചാത്തലത്തില്‍ പ്രതിസന്ധി നേരിടുന്ന കെട്ടിട ഉടമകള്‍ക്ക് 2021 വര്‍ഷത്തെ ബില്‍ഡിംഗ് ടാക്‌സ് ഒഴിവാക്കി നല്‍കുക, വസ്തു രജിസ്‌ട്രേഷനില്‍ കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കുമുള്ള വാല്യുവേഷന്‍ ഫീസ് പുനപരിശോധിക്കുക, വണ്‍ടൈം ടാക്‌സ് , ലേബര്‍ സെസ്സ്, ലക്ഷ്വറി ടാക്‌സ്, കെട്ടിട നികുതിയുടെയും അനിയന്ത്രിത വര്‍ദ്ധനവ് പിന്‍വലിക്കുക, കെട്ടിടങ്ങളില്‍ കൂട്ടിചേര്‍ത്ത ഭാഗത്തിന് മാത്രം പുതിയ നിരക്കിലും പഴയവക്ക് പഴയ നിരക്കിലും നികുതി ബാധകമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അസോസിയേഷന്‍ ഉന്നയിച്ചത്. ജില്ലാ പ്രസിഡന്റ് ഇല്യാസ് വടക്കന്‍, സെക്രട്ടറി പി പി അലവിക്കുട്ടി, വൈസ് പ്രസിഡന്റ് വണ്ടൂര്‍ ഉമ്മര്‍ ഹാജി എന്നിവരാണ് അഭിമുഖത്തില്‍ പങ്കെടുത്തത്.