‘മാർക്കോ’ ഒടിടി റിലീസ് ഫെബ്രുവരി 14-ന് സോണി ലിവിൽ

 

മലയാളത്തിലെ മോസ്റ്റ് വയലന്റ് ചിത്രമെന്ന ലേബലോടെ തിയേറ്ററുകളിൽ എത്തിയ ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ ഒടിടിയിലേക്ക് എത്തുന്നു. ഫെബ്രുവരി 14 ന് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷാ പതിപ്പുളിലും മാർക്കോ സോണി ലിവില്‍ കാണാനാവും.

 

വയലൻസ് രംഗങ്ങളും ആക്ഷൻ സീക്വൻസുകളുമായി എത്തിയ ചിത്രം പ്രേക്ഷകരെ ഏറെ ആകർഷിച്ചു. കേരളത്തിനു പുറത്തും മാർക്കോയ്ക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഹനീഫ് അദേനിയാണ് ചിത്രത്തിന്റെ സംവിധാനം. ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദാണ് മാർക്കോയുടെ നിർമ്മാണം. ക്രിസ്മസ് റിലീസായി ഡിസംബര്‍ 20നാണ് മാര്‍ക്കോ തിയേറ്ററിലെത്തിയത്.

 

തെലുങ്കിലും ഹിന്ദിയിലും തമിഴിലും ചിത്രത്തിന് മികച്ച കളക്ഷന്‍ ലഭിച്ചു. ഇതിന് മുൻപ് പല മലയാള സിനിമകളും ഉത്തരേന്ത്യയില്‍ റിലീസ് ചെയ്തിട്ടുണ്ടെങ്കിലും മാർക്കോയ്ക്ക് വമ്പൻ ഹൈപ്പാണ് നേടാൻ ആയത്. 89 സ്ക്രീനുകളിൽ തുടങ്ങിയ ചിത്രത്തിന്റെ റിലീസ് 1360 സ്‌ക്രീനുകളിലേക്കാണ് എത്തിനിൽക്കുന്നത്. സൗത്ത് കൊറിയയിലും ചിത്രം ഉടൻ റിലീസ് ചെയ്യും. ഒരു മലയാള ചിത്രം ആദ്യമായാണ് കൊറിയയിൽ റിലീസിന് ഒരുങ്ങുന്നത്.