ഹാജിമാരുടെ പാസ്‌പോര്‍ട്ട് സ്വീകരിക്കാന്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി ഹജ്ജ് കമ്മിറ്റി

കേരളത്തിലെ ഹാജിമാരുടെ ഒറിജിനല്‍ പാസ്‌പോര്‍ട്ട് ഫെബ്രുവരി 18 വരെ സ്വീകരിക്കാന്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് അറിയിച്ചു. രണ്ടാം ഘട്ട ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസിന്റെ സംസ്ഥാന തല ഉദ്ഘാടനം കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു ചെയര്‍മാന്‍. കരിപ്പൂര്‍ ഹജ്ജ് ഹൗസിലും കോഴിക്കോട് പുതിയറ റീജനല്‍ ഓഫീസിലും പ്രവൃത്തി ദിവസങ്ങളില്‍ പാസ്പോര്‍ട്ട് സ്വീകരിക്കുന്നതിന് വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ കൊച്ചിയിലും കണ്ണൂരും ക്യാമ്പ് ചെയ്തു പാസ്‌പോര്‍ട്ടുകള്‍ സ്വീകരിക്കുന്നതിന് അവസരം ഒരുക്കും. ഇവിടങ്ങളില്‍ പാസ്‌പോര്‍ട്ട് ക്യാമ്പ് നടക്കുന്ന തീയതി ഹാജിമാരെ പിന്നീട് അറിയിക്കും.

പതിനാല് ജില്ലകളിലും വിവിധ കേന്ദ്രങ്ങളിലായി രണ്ടാംഘട്ട സാങ്കേതിക പരിശീലന ക്ലാസ്സുകള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഘട്ടം ഘട്ടമായി നടക്കും.

അതേ സമയം, ഫെബ്രുവരി 18-നകം പാസ്‌പോര്‍ട്ട് സമര്‍പ്പിക്കുന്നത് പ്രവാസികള്‍ക്ക് ബാധകമാകില്ലെന്നും ചെയര്‍മാന്‍ പറഞ്ഞു. പ്രവാസികള്‍ക്കു ഹജ്ജ് കമ്മിറ്റിയില്‍ പ്രത്യേക അപേക്ഷ നല്‍കി തീയതി നീട്ടി വാങ്ങാവുന്നതാണ്. ആദ്യ പാസ്‌പോര്‍ട്ട് വള്ളിക്കുന്ന് മൂന്നിയൂര്‍ സൗത്തിലെ അലി ഹാജിയില്‍ നിന്ന് ചെയര്‍മാന്‍ സ്വീകരിച്ചു. പരിശീലന ക്ലാസ് ഉദ്ഘാടനത്തില്‍ അംഗം അഡ്വ. മൊയ്തീന്‍ കുട്ടി അധ്യക്ഷത വഹിച്ചു. മെമ്പര്‍മാരായ പി.ടി അക്ബര്‍, അസ്‌കര്‍ കോറാട്, ശംസുദ്ദീന്‍ അരിഞ്ചിറ, അസി.സെക്രട്ടറി ജാഫര്‍ കക്കൂത്ത്, ഓഫീസ് പ്രതിനിധി പി.കെ. അസ്സയിന്‍, ബാപ്പു ഹാജി, യു. മുഹമ്മദ് റഊഫ്, കെ.പി നജീബ് എന്നിവര്‍ പ്രസംഗിച്ചു. കെ.ടി അമാനുല്ല മാസ്റ്റര്‍ ക്ലാസ് നയിച്ചു.