കരട് രാഷ്ട്രീയ പ്രമേയം പുറത്തിറക്കി സിപിഎം ; പ്രായപരിധി 75 തന്നെ, മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് ഇളവ് നല്‍കണോയെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിക്കും
ദില്ലി: പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള കരട് രാഷ്ട്രീയ പ്രമേയം പുറത്തിറക്കി സിപിഎം. 75 വയസ്സ് പ്രായപരിധി തുടരുമെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കം ആര്‍ക്കെങ്കിലും ഇളവ് നല്‍കണോ എന്ന് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിക്കുമെന്നും പാര്‍ട്ടി കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് വ്യക്തമാക്കി.
മധുരയില്‍വച്ച് ചേരുന്ന ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയമാണ് ദില്ലിയില്‍ പുറത്തിറക്കിയത്. പാര്‍ട്ടിയുടെ ജനകീയ അടിത്തറയും സ്വാധീനവും വളരുന്നില്ലെന്നാണ് ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. ഇതിനായി അടിസ്ഥാനവര്‍ഗത്തിനിടയില്‍ അടിത്തറ ശക്തമാക്കണം. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി ഏറ്റെടുക്കണമെന്നും പ്രമേയത്തില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി ജെ പി നേരിടുന്നതില്‍ പാര്‍ട്ടിക്ക് കേരളത്തില്‍ വീഴ്ച്ച സംഭവിച്ചു. ആശയപരമായും രാഷ്ട്രീയമായും ബലഹീനതയുണ്ടായി. ബി ജെ പിക്കെതിരെ പ്രാദേശിക പാര്‍ട്ടികളുമായി സഹകരിക്കും. ഹിന്ദുത്വ വര്‍ഗീയ അജണ്ടയ്‌ക്കെതിരെ പോരാട്ടം ശക്തമാക്കും. ഇന്ത്യ സഖ്യവുമായി പാര്‍ലമെന്റിന് അകത്തും പുറത്തും സഹകരണം തുടരും. എന്നാല്‍ കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യം ഉണ്ടാക്കില്ലെന്നും കരട് രാഷ്ട്രീയ പ്രമേയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പാര്‍ട്ടി കമ്മിറ്റികളില്‍ 75 വയസ് പ്രായപരിധി തുടരുമെന്നും ഇതില്‍ ആര്‍ക്കെങ്കിലും ഇളവ് നല്‍കണോ എന്ന് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിക്കും. പാര്‍ട്ടിയുടെ ഏക മുഖ്യമന്ത്രിയായ പിണറായി വിജയന്റെ കാര്യത്തിലും ഇത് ബാധകമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സോഷ്യലിസത്തിലേക്കുള്ള വളര്‍ച്ചയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നിലപാട് പറയുമ്പോള്‍, എ ഐ തൊഴില്‍ ഇല്ലാതാക്കുമെന്നാണ് കരട് രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി ജെ പിയെ നേരിടുന്നതിന് സി പി എമ്മിന് ആശയപരമായും രാഷ്ട്രീയമായും ബലഹീനതയുണ്ടായെന്ന് കരട് രാഷ്ട്രീയ പ്രമേയം. പാര്‍ട്ടിയുടെ ശക്തി വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളും പ്രമേയത്തില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.