തൃശൂരിൻ്റെ കാത്തിരിപ്പിന് വിട! ശോഭാ സിറ്റിക്ക് സമീപം ക്ലിയറിംഗ് തുടങ്ങി, തൃശൂര്‍-കല്ലുപുറം റോഡ് യാഥാര്‍ഥ്യമാകുന്നു

തൃശൂര്‍: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിട. ഒപ്പം അനവധി വിവാദങ്ങള്‍ക്കും ഒരു ജനതയുടെ കാത്തിരിപ്പിനും അവസാനമാകുന്നു.തൃശൂർ ജനത കാത്തിരുന്ന തൃശൂര്‍ – കല്ലുംപുറം റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കരാര്‍ ഏറ്റെടുത്ത ഇ കെ കെ. കമ്ബനി ജീവനക്കാരാണ് റോഡ് നിര്‍മാണത്തിന്റെ ഭാഗമായി തൃശൂര്‍ നഗരത്തിലെ പുഴക്കല്‍ ശോഭാ സിറ്റിക്ക് സമീപമുള്ള സ്ഥലങ്ങളില്‍ ആദ്യഘട്ട റോഡ് ക്ലിയറിങ് ആരംഭിച്ചത്. ക്ലിയറിങ്ങിനുശേഷം അടുത്ത ദിവസം തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് കമ്ബനി അധികൃതര്‍ സൂചിപ്പിച്ചു.

ആദ്യം കലുങ്കുകള്‍

തൃശൂര്‍-കല്ലുംപുറം റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ കഴിഞ്ഞദിവസം കുന്നംകുളത്ത് എ.സി. മൊയ്തീന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ കരാര്‍ കമ്ബനി ഉടമകളും വിവിധ വകുപ്പ് തല ഉദ്യോഗസ്ഥന്മാരുടെയും സംയുക്ത യോഗം തീരുമാനിച്ചിരുന്നു. കലുങ്കുകളും റോഡരികുകളുടെയും നിര്‍മാണ പ്രവര്‍ത്തനമാണ് ആദ്യ ഘട്ടത്തില്‍ തുടങ്ങുക. പിന്നീട് ടാറിങ് ജോലികള്‍ ആരംഭിക്കും. ടാറിങ് ജോലികള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി വാഹന ഗതാഗത തടസം ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ വാഹനഗതാഗതം തിരിച്ചുവിടേണ്ടി വരും.

ഗതാഗത നിയന്ത്രണം

കൂര്‍ക്കഞ്ചരി മുതല്‍ കുറുപ്പം റോഡ് വരെ റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിന്റെ ഭാഗമായി നഗരത്തില്‍ ചൊവ്വാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. കുന്നംകുളത്തുനിന്നും തൃശൂരിലേക്ക് പോകുന്ന വാഹനങ്ങള്‍ മറ്റു ഭാഗങ്ങളിലേക്ക് തിരിച്ചുവിടാതെ റോഡിനു ഒരു വശം ചേര്‍ന്നും തൃശൂരില്‍നിന്നും കുന്നംകുളം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ മറ്റ് ഭാഗങ്ങള്‍ വഴിതിരിച്ചുവിട്ടും സര്‍വീസ് നടത്താന്‍ കഴിയുന്ന വിധത്തിലാണ് ഗതാഗത നിയന്ത്രണത്തിനായി കമ്ബനി അധികൃതര്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശം. കുന്നംകുളം-ഗുരുവായൂര്‍ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ തിരിച്ചുവിട്ട് വാഹനഗതാഗതം സുഗമമാക്കാന്‍ കഴിയുമെന്നാണ് കരാര്‍ കമ്ബനിയുടെ വിശദീകരണം. തൃശൂരില്‍ നിന്നും പടിഞ്ഞാറെ കോട്ട വഴി തിരിച്ചു വിടുന്ന വാഹനങ്ങള്‍ അയ്യന്തോള്‍ ടൊയോട്ട ജങ്ഷനില്‍ കയറിയ ശേഷം മുന്നോട്ടു വരികയും പിന്നീട് കേച്ചേരി ആളൂര്‍ റോഡ് വഴി ചൂണ്ടലിലെത്തുന്ന വിധം തിരിച്ചുവിട്ട് ഗതാഗത തടസം ഒഴിവാക്കാനുള്ള സാധ്യതകളാണ് കമ്ബനി അധികൃതര്‍ മുന്നോട്ട് വക്കുന്നത്. ഗതാഗത തടസം ഒഴിവാക്കാന്‍ സബ് കലക്ടറുടെ നേതൃത്വത്തിലുള്ള കമ്മിറ്റി യോഗം ഇന്ന് ചേരാന്‍ തീരുമാനിച്ചുവെങ്കിലും അധികൃതരുടെ മറ്റ് അസൗകര്യങ്ങള്‍ കണക്കിലെടുത്ത് യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. ടാറിങ് ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ആദ്യം ആരംഭിക്കുന്നത്. മേയ് മാസത്തില്‍ ഒന്നാംഘട്ട ടാറിങ് ജോലികള്‍ പൂര്‍ത്തീകരിക്കാനാണ് കരാര്‍ കമ്ബനി ലക്ഷ്യമിടുന്നത്. ഒക്‌ടോബറില്‍ പൂര്‍ത്തിയാക്കുന്ന വിധമാണ് ഇപ്പോള്‍ സമയക്രമം തിരുമാനിച്ചിരിക്കുന്നത്.

നിയന്ത്രണം ഇങ്ങനെ

നിലവില്‍ വണ്‍വേ ആയി പ്രവര്‍ത്തിക്കുന്ന വെളിയന്നൂര്‍-ദിവാന്‍ജിമൂല റോഡ് ടുവേ ആയി പ്രവര്‍ത്തിക്കും. പൂത്തോളില്‍നിന്ന് വരുന്ന ഹെവി വാഹനങ്ങള്‍ ദിവാന്‍ജിമൂല എത്തി വലത്തോട്ട് തിരിഞ്ഞ് കെ.എസ്.ആര്‍.ടി.സി-എമറാള്‍ഡ് ജങ്ഷനിലെത്തി ഇടത്തോട്ട് തിരിഞ്ഞ് വെളിയന്നൂര്‍, മാതൃഭൂമി ജങ്ഷന്‍ വഴി സര്‍വീസ് നടത്തണം. നിലവില്‍ കൊക്കാല വഴി തൃശൂര്‍ റൗണ്ടിലേക്ക് പോകുന്ന ബസുകള്‍ കെ.എസ്.ആര്‍.ടി.സി -എമറാള്‍ഡ് ജങ്ഷനില്‍ എത്തി, എമറാള്‍ഡ് ജങ്ഷന് തൊട്ടു മുമ്ബുള്ള സ്റ്റോപ്പില്‍ ആളെ ഇറക്കി വലത്തോട്ട് തിരിഞ്ഞ് വെളിയന്നൂര്‍, മാതൃഭൂമി ജങ്ഷന്‍ വഴി സര്‍വിസ് നടത്തണം. കൂര്‍ക്കഞ്ചരി ഭാഗത്തുനിന്ന് വരുന്ന വടക്കേ സ്റ്റാന്‍ഡിലേക്കും തൃശൂര്‍ റൗണ്ടിലേക്കും പോകേണ്ട ബസുകള്‍ കെ.എസ്.ആര്‍.ടി.സി, എമറാള്‍ഡ് ജങ്ഷന്‍ വഴി ദിവാന്‍ജിമൂല എത്തി ദ്വാരക ഹോട്ടല്‍ ജങ്ഷനില്‍ എത്തി ഇടത്തോട്ട് തിരിഞ്ഞ് മാരാര്‍ റോഡ് വഴി സര്‍വിസ് നടത്തണം. കൂര്‍ക്കഞ്ചേരി ഭാഗത്തുനിന്നും പൂത്തോള്‍ ഭാഗത്തു നിന്നും തൃശൂര്‍ റൗണ്ടിലേക്ക് പോകേണ്ട ചെറു വാഹനങ്ങള്‍ പോസ്റ്റ് ഓഫിസ് റോഡ് വഴി എം.ഒ റോഡില്‍ എത്തേണ്ടതും ശക്തന്‍ ഭാഗത്തേക്ക് പോകേണ്ട ചെറു വാഹനങ്ങള്‍ പഴയ നാരങ്ങ അങ്ങാടി വഴി (അഴീക്കോടന്‍ സ്മാരക മന്ദിരത്തിന് എതിര്‍ വശം വഴി) പോകേണ്ടതാണ്. മാതൃഭൂമി ജങ്ഷന്‍ വെളിയന്നൂര്‍-ദിവാന്‍ജിമൂല വഴി ഇപ്പോള്‍ സര്‍വിസ് നടത്തുന്ന ബസുകളും മറ്റു വാഹനങ്ങളും കെ.എസ്.ആര്‍.ടി.സി-എമറാള്‍ഡ് ജങ്ഷനില്‍ ഉള്ള പുതിയ ബസ് സ്റ്റോപ്പില്‍നിന്ന് ആളുകളെ കയറ്റി കെ.എസ്.ആര്‍.ടി.സിക്ക് പുറകുവശം, ദിവാന്‍ജിമൂല എന്നിവിടങ്ങളില്‍ നിര്‍ത്താതെ പൂത്തോള്‍ വഴി സര്‍വിസ് നടത്തണം. തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകേണ്ട വാഹനങ്ങള്‍ ദിവാന്‍ജിമൂലയില്‍ നിന്നും ഇപ്പോള്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്ന ടു വേ സിസ്റ്റം മാറ്റി ഇനി മുതല്‍ ഒരറിയിപ്പുണ്ടാകുന്നത് വരെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ദിവാന്‍ജിമൂലയിലേക്ക് വണ്‍വേ ആയിരിക്കും. റെയില്‍വേ സ്റ്റേഷനിലേക്ക് പോകേണ്ട വാഹനങ്ങള്‍ കെ.എസ്.ആര്‍.ടി.സി-എമറാള്‍ഡ് ജങ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പോകണം. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ നിന്നും പാലക്കാട്, എറണാകുളം ഭാഗത്തേക്ക് പോകേണ്ട ബസുകള്‍ തെക്ക് ഭാഗത്തുള്ള ഗേറ്റ് വഴി പുറത്തേക്ക് പ്രവേശിച്ച്‌ ഇടത്തോട്ട് തിരിഞ്ഞ് വെളിയന്നൂര്‍ ജങ്ഷന്‍ വഴി സര്‍വിസ് നടത്തണം. വടക്ക് ഭാഗത്തേക്ക് പോകേണ്ട കെ.എസ്.ആര്‍.ടി.സി ബസുകള്‍ തെക്കെ ഗേറ്റ് വഴി പുറത്തേക്ക് ഇറങ്ങി വലത്തോട്ട് തിരിഞ്ഞ് ദിവാന്‍ജിമൂല, പൂത്തോള്‍ വഴി സര്‍വിസ് നടത്തണം. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കേണ്ട എല്ലാ ബസുകളും വടക്കു വശത്തുള്ള ഗേറ്റ് വഴി പ്രവേശിക്കണം.