‘മകന്റെ മരണത്തിൽ സംശയമുണ്ട്, ഫ്ലാറ്റിൽ ആരൊക്കെ ഉണ്ടായിരുന്നുവെന്ന് അന്വേഷിക്കണം’; പരാതി നൽകി മിഹിറിന്റെ പിതാവ്
കൊച്ചിയിൽ സ്കൂൾ വിദ്യാർത്ഥിയായ മിഹിർ അഹമ്മദ് ഫ്ളാറ്റ് സമുച്ചയത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിൽ പരാതി നൽകി മിഹിറിൻ്റെ പിതാവ്. മകൻറെ മരണത്തിൽ സംശയമുണ്ടെന്നാണ് പരാതി. സ്കൂളിൽ നിന്ന് ഫ്ലാറ്റിൽ എത്തിയശേഷം എന്ത് സംഭവിച്ചുവെന്ന് പരിശോധിക്കണം. മരണത്തിന് തൊട്ടുമുൻപ് ഫ്ലാറ്റിൽ ആരൊക്കെ ഉണ്ടായിരുന്നുവെന്ന് അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു.
സ്കൂളിൽ നിന്നും സന്തോഷത്തോടെ തിരികെയെത്തിയ കുട്ടി ആത്മഹത്യ ചെയ്തുവെന്ന് പറഞ്ഞത് വിശ്വസിക്കാൻ ആകുന്നില്ല. മരിക്കുന്നതിന്റെ തൊട്ടു മുൻപത്തെ ദിവസവും അന്ന് രാത്രി സംസാരിക്കാമെന്ന് തനിക്ക് മെസേജ് അയച്ചിരുന്നുവെന്നും മിഹറിന്റെ പിതാവ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ജനുവരി 15-നാണ് തൃപ്പുണിത്തുറയില്‍ താമസിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിന്റെ ഇരുപത്തിയാറാം നിലയില്‍നിന്ന് ചാടി മിഹിര്‍ ജീവനൊടുക്കിയത്. കുട്ടി മറ്റ് വിദ്യാര്‍ഥികളില്‍നിന്ന് ക്രൂരമായ പീഡനമാണ് ഏറ്റുവാങ്ങിയതെന്നും ക്ലോസറ്റില്‍ തല താഴ്ത്തിവെപ്പിച്ച് ഫ്ളഷ് ചെയ്യുന്നതടക്കമുള്ള പീഡനം അനുഭവിച്ചിരുന്നുവെന്നും കുട്ടിയുടെ അമ്മ പറഞ്ഞിരുന്നു.