‘പകുതി വില തട്ടിപ്പ്; അനന്തുകൃഷ്ണൻ മാത്രമല്ല തട്ടിപ്പിൽ, ഞങ്ങളും ഇതിൽ ഇരയായവർ’; നജീബ് കാന്തപുരം

 

പകുതി വില തട്ടിപ്പ് കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പണിതെന്ന് പെരിന്തല്‍മണ്ണ എംഎല്‍എ നജീബ് കാന്തപുരം. ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. സാധാരണക്കാരായ ആയിരക്കണക്കിന് ജനങ്ങൾ പറ്റിക്കപ്പെട്ടിരിക്കുകയാണ്. അവരുടെ പരിപാടികളിൽ എംഎൽഎമാരും മന്ത്രിമാരും പങ്കെടുത്തിട്ടുണ്ട്.

അവർ കുറ്റവാളികൾ ആണെന്ന് അറിഞ്ഞുകൊണ്ടല്ല പങ്കെടുത്തത്. പെരിന്തൽമണ്ണയിൽ മുദ്ര എന്താണ് ചെയ്യുന്നത് എന്ന് അവിടെ വന്ന് അന്വേഷിക്കാം. ആനന്ദകുമാർ ആണ് ഞങ്ങളോട് ഈ വിഷയത്തെ കുറിച്ച് പറഞ്ഞത്.

 

അനന്തുകൃഷ്ണൻ മാത്രമല്ല ഈ തട്ടിപ്പിൽ. ഞങ്ങളും ഇതിൽ ഇരയായവർ ആണ്. സെപ്റ്റംബർ മാസത്തിൽ ആണ് അവസാനം ആയി പണം കൊടുത്തത്. സാധനം കിട്ടാതായപ്പോൾ പൊലീസിൽ പരാതി കൊടുക്കുമെന്ന് അറിയിച്ചു. CSR ഫണ്ട്‌ പാസായി ഉടൻ നൽകും എന്നായിരുന്നു മറുപടിയെന്നും നജീബ് കാന്തപുരം പറഞ്ഞു.

 

അതേസമയം സിഎസ്ആര്‍ തട്ടിപ്പിന് നേരിട്ട് നേതൃത്വം നല്‍കിയവരില്‍ ഒരാള്‍ നജീബ് കാന്തപുരമെന്ന് ഡോ പി സരിന്‍ ആരോപിച്ചു. സംസ്ഥാനത്തൊട്ടാകെ ചര്‍ച്ചയായിരിക്കുന്ന 1000 കോടി രൂപയുടെ തട്ടിപ്പിന് കൂട്ട് നിന്നത് ബിജെപി – കോണ്‍ഗ്രസ് ബന്ധമുള്ളവര്‍ ആണെങ്കില്‍, അതിന് നേരിട്ട് നേതൃത്വം കൊടുത്ത ഒരാള്‍ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ എംഎല്‍എ മുസ്ലിം ലീഗിന്റെ നജീബ് കാന്തപുരം ആണ് എന്നു വേണം മനസ്സിലാക്കാനെന്ന് സരിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

 

നജീബ് കാന്തപുരം എംഎല്‍എ പെരിന്തല്‍മണ്ണയില്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം എപ്പോഴും ഉപയോഗിക്കുന്ന ഒരു ഫൗണ്ടേഷന്റെ പേരുണ്ട്. മുദ്ര ചാരിറ്റബിള്‍ ഫൗണ്ടഷേന്‍. മുദ്രയുടെ വെബ്‌സൈറ്റ് ഞാന്‍ കഴിഞ്ഞ രണ്ട് ദിവസമായി നിരീക്ഷിക്കുകയാണ്. നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ എന്ന സംഘടനയുമായി ബന്ധപ്പെട്ട് നേരിട്ട് പെരിന്തല്‍മണ്ണയില്‍ നേതൃത്വം നല്‍കിയ എംഎല്‍എയുടെ നേതൃത്വത്തിലുള്ള മുദ്ര ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ എന്നത് ആരാണ് എന്നത് പൊതു ജനത്തിന് മുന്നില്‍ ഇതുവരെയും വെളിവാക്കാന്‍ എംഎല്‍എ തയാറായിട്ടില്ല. ഈ മുദ്ര ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ നേരിട്ടാണ് ഗുണഭോക്താക്കളെ പദ്ധതിയിലേക്ക് തെരഞ്ഞെടുത്തത് – പി സരിന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.