വിവാഹ സ്വപ്നവുമായി അമേരിക്കയിലെത്തി, അപ്രതീക്ഷിത നാടുകടത്തലിന്‍റെ നടുക്കത്തില്‍ സുഖ്ജീതും കുടുംബവും
ഛണ്ഡിഗഢ്: 26 വയസുകാരി സുഖ്ജീത് സിങ് വലിയ പ്രതീക്ഷകളോടെയാണ് അമേരിക്കയിലെത്തിയത്. അതില്‍ പ്രധാനപ്പെട്ടത് വിവാഹമായിരുന്നു.എന്നാല്‍ നിയമം തെറ്റിച്ച് യുഎസില്‍ എത്തിയ സുഖ്ജീത് പിടിക്കപ്പെട്ടു. ഇതോടെ പ്രതിശ്രുത വരനുമായുള്ള വിവാഹ സ്വപ്നങ്ങള്‍ തകര്‍ന്നു. നാടുകടത്തപ്പെടുമെന്ന് അവര്‍ കരുതിയിരുന്നില്ല. നാടുകടത്തപ്പെട്ട 104 ഇന്ത്യക്കാര്‍ക്കൊപ്പം സ്വപ്നങ്ങള്‍ തകര്‍ന്നടിഞ്ഞാണ് സുഖ്ജീതും നാട്ടിലെത്തിയത്.
പഞ്ചാബിലെ പെര്‍വാല്‍ ജില്ലക്കാരിയായ സുഖ്ജീതിന് അഛനും അമ്മയും സഹോദരനുമാണുള്ളത്. അഛന്‍ ഇറ്റലിയിലാണ്. അപ്രതീക്ഷിതമായുണ്ടായ നാടുകടത്തലിന്‍റെ ഞെട്ടലിലാണ് കുടുംബാംഗങ്ങള്‍. മറ്റു പലരേയും പോലെ ഏജന്‍റിന്‍റെ സഹായത്തോടെ നിയമവിരുദ്ധമായാണ് സുഖ്ജീതും അമേരിക്കയിലെത്തിയത്. വലിയ തുക ചിലവഴിച്ചായിരുന്നു യാത്ര. എന്നാല്‍ ബാക്കിയായത് സാമ്ബത്തിക പരാധീനത മാത്രമാണ്.
13 കുട്ടികളും 25 സ്ത്രീകളുമടക്കം 104 ഇന്ത്യക്കാരെയാണ് അമേരിക്ക തിരിച്ചയച്ചത്. നിയമ വിരുദ്ധപ്രവർത്തനങ്ങള്‍ അംഗീകരിക്കാൻ ആവില്ലെന്നാണ് വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞത്. ഇന്ത്യക്കാരെ കയ്യിലും കാലിലും വിലങ്ങിട്ട് തിരിച്ചയച്ച രീതിയുള്‍പ്പെടെ വിവാദമായിരുന്നു. നിയമവിരുദ്ധമായി തങ്ങുന്നവരെ തിരിച്ച് സ്വീകരിക്കാൻ ഇന്ത്യയ്ക്ക് ബാധ്യതയുണ്ട്. സ്ത്രീകളെയും കുട്ടികളെയും ഒഴികെയുള്ളവരെയാണ് വിലങ്ങിട്ടതെന്നും അനധികൃത കുടിയേറ്റ ഏജൻസികള്‍ക്കെതിരെ കടുത്ത നടപടി വേണമെന്നും മന്ത്രി ലോക്സഭയില്‍ വ്യക്തമാക്കി.