വര്‍ണാഭമായി അറേബ്യൻ ഗള്‍ഫ് സ്ട്രീറ്റ്; കുവൈത്ത് ദേശീയ ദിനത്തിന് മുന്നോടിയായി വമ്ബൻ ആഘോഷ പരിപാടികള്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി അറേബ്യൻ ഗള്‍ഫ് സ്ട്രീറ്റില്‍ ദേശീയ ദിനത്തോടനുബന്ധിച്ചും വിമോചന ദിനത്തോടനുബന്ധിച്ചുമുള്ള ആഹ്ളാദകരമായ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു.ഷുവൈഖ് പോർട്ട് മുതല്‍ മെസ്സില വരെ നീളുന്ന തെരുവ് നിരവധി ആഘോഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു, പ്രത്യേകിച്ച്‌ ഫ്ലാഗ് സ്ക്വയറിലും ഷർഖ് മാർക്കറ്റിലും, ഹോട്ടലുകള്‍, ഷോപ്പിംഗ് സെന്‍ററുകള്‍, ജനപ്രിയ കഫേകള്‍, അമ്യൂസ്‌മെൻ്റ് പാർക്കുകള്‍, ക്ലബ്ബുകള്‍, ടൂറിസം പ്രോജക്‌ട് കമ്ബനിയുടെ കീഴിലുള്ള പാർക്കുകള്‍ എന്നിവയിലും ആഘോഷ പരിപാടികള്‍ നടന്നു.

അറേബ്യൻ ഗള്‍ഫ് സ്ട്രീറ്റില്‍ കാറുകളും കാണികളുമടക്കം കനത്ത തിരക്ക് അനുഭവപ്പെട്ടു. എന്നാല്‍, ആഘോഷങ്ങള്‍ക്ക് വിഘാതമാകുന്ന എല്ലാ പ്രശ്നങ്ങളും ഒഴിവാക്കാൻ മുൻകരുതലുകള്‍ സ്വീകരിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലഫ്റ്റനൻ്റ് ജനറല്‍ നാസർ അല്‍ ഉത്മാന്‍റെ നിയമനപ്രകാരം ജനറല്‍ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ജനറല്‍ ബ്രിഗേഡിയർ താബെത് അല്‍ മുഹന്നയുടെ മേല്‍നോട്ടത്തില്‍ ആഭ്യന്തര മന്ത്രാലയം പ്രത്യേക സുരക്ഷാ നടപടിക്രമങ്ങളും സ്വീകരിച്ചിരുന്നു.