ബിസിനസ് ചെറുതാണെങ്കിലും മാര്‍ക്കറ്റിംഗ് വേണം: പണമിറക്കാതെ ചെയ്യാന്‍ ചില മാര്‍ഗങ്ങള്‍

മാർക്കറ്റിങ് എന്ന വാക്ക് നമുക്കേറെ പരിചിതമാണ്. നമ്മുടെ ഫോണ്‍ സ്ക്രീനില്‍ പലപ്പോഴും പ്രത്യക്ഷപ്പെടുന്ന മാർക്കറ്റിങ് കോണ്ടെന്റുകള്‍ മുതല്‍ ഇലക്‌ട്രിക് പോസ്റ്റില്‍ ഒട്ടിച്ചിരിക്കുന്ന പരസ്യ നോട്ടീസുകള്‍ വരെ ഇതിന്റെ ഭാഗമാണ്.കുറേക്കൂടി വിശാലമായി ചിന്തിക്കുമ്ബോള്‍ ഒരു ബിസിനസിന്റെ നെടും തൂണെന്ന് മാർക്കറ്റിങ്ങിനെ വിളിക്കാം. വലിയ ബിസിനസ് സ്ഥാപനങ്ങള്‍ക്കും കമ്ബനികള്‍ക്കും മാർ‌ക്കറ്റിങ്ങിനായി വലിയ വിങ്ങുകള്‍ ഉണ്ടെന്നത് നമുക്കറിയാത്ത കാര്യമല്ല. ഇതിനായി ഒരു മാസം കോടികളാണ് ഇവർ ചിലവഴിക്കുന്നത്. പല മാർക്കറ്റിങ് ടെക്നിക്കുകളും കണ്ടാല്‍ ഇത് മാർക്കറ്റിങ് കോണ്ടന്റാണെന്ന് നമുക്ക് മനസിലാവുക പോലുമില്ല എന്നതാണ് വസ്തുത.

എന്താണ് മാർക്കറ്റിങ്ങിന്റെ ലക്ഷ്യം ? ഒരു ബ്രാന്റോ ഒരു പ്രൊഡക്ടോ ഒരു സർവ്വീസോ ഇവയെ എപ്പോഴും ലൈവാക്കി ലൈംലൈറ്റില്‍ നിർത്തുക എന്നതാണ് മാർക്കറ്റിങ്ങിന്റെ പ്രധാന ലക്ഷ്യം. ഒരു ബ്രാന്റിനെ പരിചയപ്പെടുത്തുന്നതിനപ്പുറം ആ ബ്രാന്റിനെ തന്നെ മേടിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുക. ഉദാഹരണത്തിന് ഒരു ടൂത്ത് പേസ്റ്റ് വാങ്ങുമ്ബോള്‍ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കുന്നതിനു പകരം പരസ്യം കണ്ടാണ് നിങ്ങള്‍ ഒരെണ്ണം ട്രൈ ചെയ്യാൻ ഒരുങ്ങുന്നതെങ്കില്‍ അത് ആ മാർക്കറ്റിങ് ടെക്നിക്കിന്റെ വിജയമാണ്.

വൻകിട കമ്ബനികള്‍ക്കും ബ്രാന്റുകള്‍ക്കും സർവ്വീസുകള്‍ക്കുമെല്ലാം ഇതിന് പ്രത്യേകം വിങ്ങുകളുണ്ടാകും. എന്നാല്‍ ചെറിയ ബിസിനസുകാർക്ക് ഇതിനായി വലിയ തുക മാറ്റി വയ്ക്കുക എന്നുള്ളത് സാധ്യമായ കാര്യമല്ല. ചെറുകിട ബിസിനസുകാര്‍ക്ക് ഫ്രീ ആയി നടത്താന്‍ പറ്റിയ ചില ടെക്നിക്കുകള്‍ നോക്കാം.

ഗൂഗിള്‍ ബിസിനസ് പ്രൊഫൈല്‍

ഗൂഗിളില്‍ ഒരു ബിസിനസ് പ്രൊഫൈല്‍ ഉണ്ടാക്കിയെടുക്കുക. നിങ്ങളുടെ സ്ഥാപനത്തിലേക്കുള്ള വഴി, മറ്റ് പ്രധാന കാര്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കാണും വിധമാക്കുക. അത് കൂടാതെ നിങ്ങളുടെ കസ്റ്റമേഴ്സ് ഇടുന്ന പോസിറ്റീവ് റിവ്യൂ പുതിയ കസ്റ്റമേഴ്സിനെ ആകര്‍ഷിക്കും. റേറ്റിങ് കൂട്ടുക എന്ന് ചുരുക്കിപ്പറയാം.

എസ്‌ഇഒ

ഗൂഗിളിന്റെ സെര്‍ച്ച്‌ എഞ്ചിന്‍ ഒപ്റ്റിമൈസേഷന്‍ വളരെ പ്രധാനപ്പെട്ടതാണ്. നിങ്ങളുടെ സ്ഥാപനത്തിന്റെ ഓണ്‍ലൈന്‍ പേജിലേക്ക് കസ്റ്റമേഴ്സിനെ എത്തിക്കുന്നതില്‍ ഗൂഗിള്‍ വലിയ ഭാഗമാണ്. ഒരു എസ്‌ഇഒ എക്സ്പേര്‍ട്ടിനെക്കൊണ്ട് തന്നെ ഇത് കൃത്യമായി ചെയ്യിക്കുക.

സോഷ്യല്‍ മീഡിയ പേജ്

ഓണ്‍ലൈനായല്ല നിങ്ങള്‍ ബിസിനസ് നടത്തുന്നതെങ്കില്‍പ്പോലും സോഷ്യല്‍ മീഡിയ മെയിന്റെയിന്‍ ചെയ്യേണ്ടത് ഒരു അനിവാര്യതയാണ്. പേജിലോ പ്രൊഫൈലിലോ ആക്ടീവായിരിക്കുക എന്നതും പ്രധാനമാണ്. ഇവിടെ കച്ചവടവും ബ്രാന്റിങ്ങിനും ഒരു പോലെ ഊന്നല്‍ നല്‍കാം. ക്രിയേറ്റേഴ്സിനെ വിളിച്ച്‌ വീഡിയോ എടുത്ത് റീല്‍ ആയി പോസ്റ്റ് ചെയ്യുന്നില്ലെങ്കിലും നിങ്ങളുടെ ഉപഭോക്താക്കളെ ഇതിന്റെ ഭാഗമാക്കാവുന്നതാണ്.

ഡിസ്കൗണ്ട്, ഫ്രീ ബീ

കസ്റ്റമേഴ്സിന് ഡിസ്കൗണ്ടുകളും ഫ്രീബികളും കൊടുക്കുന്നത് ഒരു മികച്ച മാര്‍ക്കറ്റിങ് ടെക്നിക്ക് ആണ്. വാരിക്കോരി ഇത് ചെയ്യുന്നതിനു പകരം നിങ്ങളുടെ ബിസിനസിന്റെ സാഹചര്യം നോക്കി, സീസണ്‍ അനുസരിച്ച്‌ ഡിസ്കൗണ്ടുകളും ഫ്രീബീകളും നല്‍കുകയാണ് വേണ്ടത്.

ബിസിനസ് അവാര്‍ഡുകളില്‍ പങ്കെടുക്കാം

യുവ സംരംഭകര്‍ക്കും ബിസിനസുകാര്‍ക്കുമെല്ലാം പങ്കെടുക്കാവുന്ന ഒരുപാട് അവാര്‍ഡുകള്‍ ഇന്നുണ്ട്. കൃത്യമായി കണ്ടെത്തി അതില്‍ മത്സരിക്കുന്നത് നല്ലൊരു മാര്‍ഗമാണ്. വിജയിച്ചാല്‍ നിങ്ങള്‍ക്കും ബ്രാന്റിനും മികച്ച റെക്കഗ്നിഷന്‍ ലഭിക്കും. ഇത്തരം വേദികളില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കുന്ന കോണ്ടാക്ടുകളും ഭാവിയില്‍ ഗുണം ചെയ്തേക്കാം.

കസ്റ്റമര്‍ റെഫറല്‍ പ്രോഗ്രാമുകള്‍

പല ചെറുകിട ബിസിനസുകാരും പരീക്ഷിച്ച്‌ വിജയം കണ്ട മാര്‍ഗമാണിത്. നിങ്ങളുടെ ഒരു കസ്റ്റമര്‍ മറ്റൊരാള്‍ക്ക് നിങ്ങളെ റെഫര്‍ ചെയ്ത് അയാള്‍ നിങ്ങളെ സമീപിച്ചാല്‍ രണ്ട് പാര്‍ട്ടിക്കും ഡിസ്കൗണ്ടോ കൂപ്പണോ നല്‍കാം. മൗത്ത് പബ്ലിസിറ്റി എന്ന ടെക്നിക്ക് ആണ് ഇവിടെ വര്‍ക്ക് ആകുന്നത്.

മേളകളും സ്റ്റാളുകളും
നാട്ടിലൊക്കെ സാധാരണ കണ്ടു വരുന്ന മേളകളില്‍ പങ്കെടുക്കുക. സ്റ്റാളുകളില്‍ നിങ്ങളുടെ ഒരു സീറ്റ് ഉറപ്പിക്കുക. ഇത് നിങ്ങളുടെ കച്ചവടം കൂട്ടുന്നതിനപ്പുറം ഒരുപാട് ആളുകളിലേക്ക് നിങ്ങളുടെ ബ്രാന്റിനെ വളര്‍ത്താന്‍ സഹായകമാകും.

നല്ല കസ്റ്റമര്‍ സര്‍വ്വീസ്

ഉപഭോക്താക്കള്‍ക്ക് നല്ല സര്‍വ്വീസ് കൊടുക്കുന്നത് നിങ്ങളുടെ ബിസിനസ് വര്‍ധിപ്പിക്കുക മാത്രമല്ല അതൊരു മാര്‍ക്കറ്റിങ് ടെക്നിക്ക് കൂടിയാണ്. നല്ല കസ്റ്റമര്‍ സര്‍വ്വീസാണെന്ന് ഒരു മൗത്ത് പബ്ലിസിറ്റി ഉണ്ടായാല്‍ കൂടുതലാളുകള്‍ നിങ്ങളുടെ ബിസിനസിലേക്ക് വരും.

ഇങ്ങനെ പല മാര്‍ഗങ്ങള്‍ നിങ്ങളുടെ മാര്‍ക്കറ്റിങ്ങിനായി പ്രയോജനപ്പെടുത്താവുന്നതാണ്. എപ്പോഴും നിങ്ങള്‍ ചെയ്യുന്ന മാര്‍ക്കറ്റിങ്ങില്‍ സ്ഥിരത അഥവാ കണ്‍സിസ്റ്റന്റ് ആയി തുടരുക എന്നതാണ് പ്രധാന കാര്യം. പല ബിസിനസുകള്‍ക്കും പല രീതിയില്‍ ആയിരിക്കും മാര്‍ക്കറ്റിങ് വര്‍ക്ക് ആവുക. നിങ്ങള്‍ക്ക് വര്‍ക്ക് ആകുന്ന മാര്‍ഗങ്ങള്‍ കണ്ടെത്തി അതില്‍ ഫോക്കസ് ചെയ്തു മുന്നോട്ടു പോകുക.