ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിന് ഇന്ന് കൊച്ചിയില്‍ തുടക്കമാകും; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കൊച്ചി: ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിന് ഇന്ന് കൊച്ചിയില്‍ തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന മേളയില്‍ കേന്ദ്ര മന്ത്രിമാരും വിദേശരാജ്യങ്ങളിലെ ഭരണാധികാരികളും ഉള്‍പ്പെടെ 3000ത്തിലേറെ പ്രതിനിധികള്‍ പങ്കെടുക്കും.സംസ്ഥാനത്തിന്‍റെ വ്യവസായ നിക്ഷേപ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്ന സമ്മേളനമാകും ഇന്‍വെസ്റ്റ് കേരള എന്ന ആത്മവിശ്വാസത്തിലാണ് സര്‍ക്കാര്‍.

വ്യവസായ രംഗത്തെ കേരളത്തിൻറെ തുടക്കമാകുന്ന വേദിയായി നിക്ഷേപക സംഗമം മാറുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. രാജ്യത്തെ പ്രധാനപ്പെട്ട വൻകിട കമ്ബനികളുടെ എല്ലാം പ്രതിനിധികളെ മേളയിലേക്ക് സർക്കാർ ക്ഷണിച്ചിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തും വലിയ പ്രചരണ പരിപാടികളും സംഘടിപ്പിച്ച ശേഷമാണ് മേള നടത്തുന്നത്. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരിയും, പിയൂഷ് ഗോയലും നിക്ഷേപക സംഗമത്തിന്റെ ഭാഗമാകും. യുഎഇയില്‍ നിന്ന് ധനമന്ത്രിയും ബഹറിനില്‍ നിന്ന് വ്യവസായ മന്ത്രിയും എത്തുന്നുണ്ട്. വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ അടക്കം പ്രമുഖരും നിക്ഷേപക സംഗമത്തിന്റെ ഭാഗമാകും. എത്ര രൂപയുടെ നിക്ഷേപം എത്തുമെന്ന കാര്യത്തില്‍ മേളയുടെ രണ്ടാം ദിനത്തോട മാത്രമേ വ്യക്തതയുണ്ടാകു. വൻകിട ബ്രാൻഡുകളുടെ വമ്ബൻ പദ്ധതികള്‍ മേളയുടെ ഭാഗമായി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ സർക്കാരിനുണ്ട്.

മുഖ്യമന്ത്രി രണ്ട് ദിവസവും മേളയില്‍ സജീവമായി പങ്കെടുക്കും. സംസ്ഥാന മന്ത്രിസഭയിലെ പ്രധാനപ്പെട്ട മന്ത്രിമാരും ചീഫ് സെക്രട്ടറിയും രണ്ടു ദിവസവും കൊച്ചിയിലുണ്ടാകും. വ്യവസായവുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കുമ്ബോഴും പ്രതിപക്ഷവും നിക്ഷേപക സംഗമത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഉദ്ഘാടന ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശനും സമാപന ദിനത്തില്‍ പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കും.