വ്യവസായ വളര്‍ച്ചയ്ക്ക് അനുകൂലമായി സമഗ്ര ചട്ടഭേദഗതി ഉടന്‍ കൊണ്ടുവരും : മുഖ്യമന്ത്രി
വ്യവസായത്തിനുള്ള അനുമതികള്‍ ചുവപ്പുനാടയില്‍ കുരുങ്ങില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ്. ലൈസന്‍സുകള്‍ സമയബന്ധിതമായി നല്‍കും.
വ്യവസായ വളര്‍ച്ചയ്ക്ക് അനുകൂലമായി സമഗ്ര ചട്ടഭേദഗതി ഉടന്‍ കൊണ്ടുവരും. ഇതിനുള്ള നിര്‍ദേശങ്ങള്‍ ലഭിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദൈവത്തിന്റെ സ്വന്തം നാടിനെ നിക്ഷേപത്തിന്റെ സ്വര്‍ഗമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്തിന്റെ നിക്ഷേപ മേഖലയില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. ഇത് ആലങ്കാരിക മാറ്റങ്ങളല്ല. സമഗ്രമേഖലയിലും മാറ്റങ്ങള്‍ ഉണ്ടാകണമെന്ന് ആഗ്രഹിച്ചുള്ള ഇടപെടലാണ് നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപ സംഗമത്തിലെ നിക്ഷേപകരുടെ സാന്നിധ്യം കേരള വികസനത്തിനുള്ള പിന്തുണയാണ് കാണിക്കുന്നത്. കേരളത്തിലെ നിക്ഷേപ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ നിക്ഷേപകര്‍ക്ക് അവസരം ഒരുക്കാന്‍ ലക്ഷ്യമിട്ടാണ് സംഗമം. മനുഷ്യവികസന സൂചികയില്‍ കേരളം മുന്‍നിരയിലാണ്. സമാനമായ നിലയില്‍ നിക്ഷേപത്തിന്റെ കാര്യത്തിലും കേരളത്തിനെ മുന്‍പന്തിയില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.