നിലമ്പൂരിന്റെ ടൂറിസം വികസനത്തിന് പുത്തന്‍ ഉണര്‍വ്: വരുന്നു ഗ്രാമവിഹാര്‍’ പദ്ധതി

നിലമ്പൂര്‍: ചരിത്രമുറങ്ങുന്ന നിലമ്പൂരിന്റെ വികസനത്തിനായി ടൂറിസം മേഖലയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നബാര്‍ഡ് (നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ചര്‍ ആന്‍ഡ് റൂറല്‍ ഡവലപ്മെന്റ്) ന്റെ നേതൃത്വത്തില്‍ ഹാറ്റ്സുമായി (ഹോംസ്റ്റേ ആന്‍ഡ് ടൂറിസം സൊസൈറ്റി) ചേര്‍ന്ന് ‘ഗ്രാമവിഹാര്‍’ എന്ന പുതിയ പദ്ധതി നടപ്പാക്കുന്നു. കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നിലമ്പൂരിലെ ഹോംസ്റ്റേകളെ ശാക്തീകരിച്ച് കൂടുതല്‍ വരുമാനം ലഭ്യമാക്കുന്ന രീതിയില്‍ സഞ്ചാരികളെ നിലമ്പൂരിലേക്ക് ആകര്‍ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കും.

നാടിന്റെ തനതു പാരമ്പര്യ കലാരൂപങ്ങള്‍, ഭക്ഷണ രീതികള്‍, കൃഷി, തൊഴില്‍ രീതികള്‍, ആദിവാസി സംസ്‌കാരം എന്നിവയെല്ലാം സമന്വയിപ്പിച്ച് സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് പരിശീലന- പരസ്യ പരിപാടികള്‍ ആവിഷ്‌കരിക്കും. സമൂഹത്തിന് പ്രയോജനപ്പെടുന്ന വിധത്തില്‍ ടൂറിസത്തെ ഡിസൈന്‍ ചെയ്താണ് നേട്ടങ്ങളുണ്ടാക്കുക. ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ഏജന്‍സികള്‍, ടൂര്‍ ഗൈഡുകള്‍ എന്നിവര്‍ക്ക് മാത്രമല്ല, സാധാരണക്കാരായ ജനങ്ങള്‍ക്കും പ്രയോജനപ്പെടുന്ന വിധത്തില്‍ ടൂര്‍ പാക്കേജുകള്‍ ഒരുക്കും. ഇത്തരം പാക്കേജുകള്‍ നിലമ്പൂര്‍ ടൂറിസത്തിന് കരുത്താകുമെന്നാണ് പ്രതീക്ഷ.

പദ്ധതി പ്രാവര്‍ത്തികമാക്കുന്നതുമായി ബന്ധപ്പെട്ട് ഹോംസ്റ്റേ സംരംഭകര്‍ക്കായി പ്രത്യേക പരിശീല പരിപാടികള്‍ സംഘടിപ്പിക്കും. പരിശീലനത്തിലൂടെ സംരംഭകര്‍ക്ക് കൂടുതല്‍ അതിഥികളെ കണ്ടെത്താനും വരുമാനം വര്‍ധിപ്പിക്കാനും കഴിയും. ടൂറിസത്തിന്റെ പ്രയോജനങ്ങള്‍ കൂടുതല്‍ മേഖലകളിലേക്കും, ആളുകളിലേക്കും എത്തിക്കാനും ഈ പദ്ധതി വഴി കഴിയും. ലോക ടൂറിസം ഭൂപടത്തില്‍ നിലമ്പൂരിന് പ്രത്യേക സ്ഥാനം ലഭിക്കുന്നതിനുള്ള ശ്രമം കൂടിയാണിത്.
നബാര്‍ഡ്ന്റെ സാമ്പത്തിക പിന്തുണയോടെ കേരള ഹോംസ്റ്റേ ആന്‍ഡ് ടൂറിസം സൊസൈറ്റിക്കാണ് പദ്ധതിയുടെ നിര്‍വഹണ ചുമതല. നിലമ്പൂര്‍ ടൂറിസം ഓര്‍ഗനൈസേഷനും, ജെഎസ്എസ്- മലപ്പുറം, അമല്‍ കോളേജ് – നിലമ്പൂര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ജില്ലാ ഭരണകൂടം എന്നിവരുടെ സഹായത്തോടെയാണ് പദ്ധതി തയ്യാറാക്കുന്നത്.
നിലമ്പൂര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹോം സ്റ്റേകള്‍, ടൂറിസവുമായി ബന്ധപ്പെട്ട മറ്റു സംരംഭങ്ങള്‍ എന്നിവ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്താല്‍ സാങ്കേതിക വിപണന പിന്തുണ നല്‍കും. രജിസ്റ്റര്‍ ചെയ്യാന്‍ ബന്ധപ്പെടേണ്ട നമ്പര്‍: 9633632065 (അമല്‍ മിഖായേല്‍), 9072226884 (ഷിജിന്‍ ഷാഹുല്‍).