ഗുരുവായൂര്‍ ആനയോട്ടം മാര്‍ച്ച് 10ന്
തൃശൂർ: പ്രസിദ്ധമായ ഗുരുവായൂർ ആനയോട്ടം മാർച്ച് 10ന്. ആനകളും ഭക്തരും തമ്മില്‍ നിശ്ചിതമായ അകലം പാലിച്ച് ആനയോട്ട ചടങ്ങ് നടത്താൻ ഉന്നത തലയോഗം തീരുമാനിച്ചു.ആന ചികിത്സ വിദഗ്ധ സമിതി കണ്ടെത്തിയ 10 ആനകളില്‍ നിന്ന് മുൻ നിരയില്‍ ഓടാനുള്ള അഞ്ച് ആനകളെ മാർച്ച് 9ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ആനകള്‍ തുടരെ ഇടയുന്ന സാഹചര്യം കണക്കിലെടുത്ത് സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കാനും യോഗം തീരുമാനിച്ചു. മദപ്പാട് അടുത്തുവരുന്ന ആനകളെയും ആക്രമണ സ്വഭാവമുള്ള ആനകളെയും ചടങ്ങില്‍ പങ്കെടുപ്പിക്കില്ല.
ചടങ്ങില്‍ പങ്കെടുക്കാനുള്ള ആനകളെ ഉച്ചക്ക് രണ്ട് മണിയോടെ മഞ്ജുളാല്‍ പരിസരത്ത് എത്തിക്കും. ക്ഷേത്രത്തില്‍ നാഴികമണി മൂന്ന് അടിക്കുന്നതോടെ പാപ്പാന്മാർ ക്ഷേത്രത്തില്‍ നിന്ന് ഓടിയെത്തി മഞ്ജുളാലിന് മുന്നില്‍ അണിനിരത്തിയ ആനകളെ മണി അണിയിക്കും. മാരാർ ശംഖ് മുഴക്കുന്നതോടെ ആനകള്‍ ഓടാൻ തുടങ്ങും. ആദ്യം ക്ഷേത്ര ഗോപുരം കടക്കുന്ന ആനയെ വിജയിയായി പ്രഖ്യാപിക്കുന്നതോടെയാണ് ആനയോട്ടത്തിന് അവസാനമാവുക.
ദേവസ്വം കോണ്‍ഫറൻസ് ഹാളില്‍ നടന്ന യോഗത്തില്‍ ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷത വഹിച്ചു. ദേവസ്വം ഭരണസമിതി അംഗവും ആനയോട്ടം സബ്ബ് കമ്മിറ്റി കണ്‍വീനറുമായ മനോജ് ബി നായർ , ഭരണസമിതി അംഗങ്ങളായ ചേന്നാസ് ദിനേശൻ നമ്ബൂതിരിപ്പാട്, സി.മനോജ്, കെ.പി.വിശ്വനാഥൻ, ജീവ ധനം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എം.രാധ, ഗുരുവായൂർ എസി പി യുടെ ചുമതല വഹിക്കുന്ന ടി.എസ് സിനോജ്, ടെമ്ബിള്‍ പൊലീസ് എസ്.എച്ച്.ഒ ജി.അജിത്കുമാർ, ചാവക്കാട് തഹസീല്‍ദാർ എം.കെ. കിഷോർ, ഫോറസ്റ്റ്, ഡപ്യൂട്ടി റേഞ്ച് ഓഫീസർ എം.പി . അനില്‍ കുമാർ, ദേവസ്വം ജീവ ധനം വിദഗ്ധ സമിതി അംഗങ്ങളായ ഡോ. കെ.വിവേക്, ഡോ. ചാരുജിത്ത് നാരായണൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ, നഗരസഭാ പ്രതിനിധികള്‍ ദേവസ്വത്തിലെ വിവിധ വകുപ്പ് മേധാവികള്‍ എന്നിവർ യോഗത്തില്‍ പങ്കെടുത്തു.