‘ഇന്ത്യയോട് ജയിക്കാനുള്ള കരുത്തൊന്നും അവര്‍ക്കില്ല, പാകിസ്ഥാന്‍ ദുര്‍ബലര്‍’; പാകിസ്ഥാനെ കുറിച്ച്‌ ഹര്‍ഭജന്‍

ദുബായ്: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ദുര്‍ബലരെന്ന് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. ദുബായ്, ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിന് മുമ്ബാണ് ഹര്‍ഭജന്‍ ഇക്കാര്യം വ്യക്തമാക്കിയത്.പാകിസ്ഥാന്‍ മുന്‍ താരങ്ങളായ മുഹമ്മദ് യൂസഫ്, ഷാഹിദ് അഫ്രീദി എന്നിവര്‍ പങ്കെടുത്ത പരിപാടിയിലാണ് ഹര്‍ഭജന്‍ തുറന്നടിച്ചത്.

മുന്‍ ഇന്ത്യന്‍ സ്പിന്നറുടെ വാക്കുകളിങ്ങനെ… ”ഇത്തരത്തിലുള്ള ഒരു പാകിസ്ഥാന്‍ ടീമിനെ മുമ്ബ് കണ്ടിട്ടില്ല. മുമ്ബ് ഇന്ത്യയെ തോല്‍പ്പിക്കാനുള്ള കരുത്ത് മുമ്ബ് പാക് ടീമിനുണ്ടായിരുന്നു. എന്നാലിപ്പോള്‍ അതില്ല. പാക് താരങ്ങള്‍ തമ്മില്‍ ഐക്യമുണ്ടെന്ന് പോലും എനിക്ക് തോന്നുന്നില്ല. മികച്ച താരങ്ങളുള്ള ടീമായിരുന്നു പാകിസ്ഥാന്‍. ഇന്ത്യയാണ് പാകിസ്ഥാനേക്കാള്‍ മികച്ച ടീമെന്നുള്ള കാര്യത്തില്‍ സംശയമൊന്നുമില്ല. അവരുടേതായ ദിവസങ്ങളില്‍ മാത്രമാണ് പാക് താരങ്ങള്‍ മികച്ച പ്രകടനം നടത്തുന്നത്. എന്നാല്‍ ഒരു ടൂര്‍ണമെന്റ് ജയിക്കാന്‍ അതൊന്നും പോര.” ഹര്‍ഭജന്‍ വ്യക്താക്കി.

ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ ടീം ഇന്ത്യ നിലനിര്‍ത്തിയപ്പോള്‍ പാകിസ്ഥാന്‍ നിരയില്‍ പരിക്കേറ്റ ഫഖര്‍ സമാന് പകരം ഇമാം-ഉള്‍-ഹഖ് പ്ലേയിംഗ് ഇലവനിലെത്തി.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്.

പാകിസ്ഥാന്‍ പ്ലേയിംഗ് ഇലവന്‍: ഇമാം-ഉള്‍-ഹഖ്, ബാബര്‍ അസം, സൗദ് ഷക്കീല്‍, മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍/ക്യാപ്റ്റന്‍), സല്‍മാന്‍ ആഗ, തയ്യബ് താഹിര്‍, ഖുഷ്ദില്‍ ഷാ, ഷഹീന് അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്, അബ്രാര്‍ അഹമ്മദ്.