602 പലസ്തീന്‍ തടവുകാരുടെ മോചനം നീട്ടിവെച്ച് ഇസ്രയേല്‍, ബന്ദികളുടെ കാര്യത്തില്‍ ഉറപ്പു വേണമെന്ന് ഹമാസ്
ആദ്യഘട്ട ബന്ദി കൈമാറ്റത്തിന്റെ ഭാഗമായുള്ള 602 പലസ്തീന്‍ തടവുകാരുടെ മോചനം നീട്ടിവെച്ച് ഇസ്രയേല്‍. അടുത്ത ഘട്ടത്തില്‍ മോചിപ്പിക്കപ്പെടുന്ന ഇസ്രയേലി ബന്ദികളുടെ കാര്യത്തില്‍ ഉറപ്പു വേണമെന്ന് കാട്ടിയാണ് നടപടി. 63 ഇസ്രയേലി ബന്ദികള്‍ തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ ഇനിയും മോചിപ്പിക്കപ്പെടാനുണ്ട്. അതിനായി ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് തടവുകാരുടെ മോചനം നീട്ടിവെച്ച ഇസ്രയേല്‍ നടപടി.
ശേഷിക്കുന്ന ബന്ദികളില്‍ ചിലര്‍ കൊല്ലപ്പെട്ടതായി സംശയിക്കുന്നുണ്ട്. ബന്ദി കൈമാറ്റത്തിന്റെ ഭാഗമായി ഇന്നലെ 6 ബന്ദികളെ ഹമാസ് കൈമാറിയിരുന്നു. ജനുവരി 19 ന് പ്രാബല്യത്തില്‍ വന്ന ഇസ്രായേലും ഹമാസും തമ്മിലുള്ള മൂന്നാം ഘട്ട വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടത്തില്‍ മോചിപ്പിക്കപ്പെടേണ്ട 33 പേരുടെ സംഘത്തിലെ അവസാനത്തെ ജീവിച്ചിരിക്കുന്ന ബന്ദികളാണ് ഇവര്‍. ഇതില്‍ മോചനത്തിന് മുന്‍പ് ബന്ദികളെ പൊതു വേദിയില്‍ കയറ്റി പ്രദര്‍ശിപ്പിച്ചതിനോട് വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ വിമര്‍ശനങ്ങളെ തള്ളിയ ഹമാസ്, ഇസ്രയേല്‍ ധാരണകളുടെ ലംഘനം നടത്തുകയാണെന്ന് കുറ്റപ്പെടുത്തി.