മാര്‍പാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; പ്രാര്‍ത്ഥനകള്‍ക്ക് നന്ദി പറഞ്ഞ് പോപ്പ്

വത്തിക്കാന്‍: കടുത്ത ന്യുമോണിയ ബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശപ്പിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നു വത്തിക്കാന്‍. മാര്‍പാപ്പ ബോധവാനാണെന്നും ശ്വാസകോശ അണുബാധ ഉള്ളതിനാലും രക്തം നല്‍കിയതിനാലും ഉയര്‍ന്ന അളവില്‍ ഓക്‌സിജന്‍ കൊടുക്കുന്നുണ്ടെന്നും വത്തിക്കാന്‍ അറിയിച്ചു. രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യൂമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്.

മാര്‍പാപ്പ കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കുകയോ മുന്‍ ദിവസങ്ങളിലെപ്പോലെ പ്രഭാതഭക്ഷണം കഴിച്ചോ എന്നത് സംബന്ധിച്ച് വത്തിക്കാന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പരാമര്‍ശിച്ചിട്ടില്ല. 88 വയ്‌സുള്ള മാര്‍പ്പാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകള്‍ക്കുമായി വെള്ളിയാഴ്ച ആണ് റോമിലെ ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂമോണിയ നിയന്ത്രണവിധേയമായിട്ടുണ്ടെങ്കിലും അണുബാധ രക്തത്തിലേക്ക് വ്യാപിച്ച് ‘സെപ്സിസ്’ എന്ന അവസ്ഥയിലേക്ക് നയിക്കാന്‍ സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് വിശ്വാസികളോട് ഫ്രാന്‍സിസ് മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു. റോമിലെ ഗമെല്ലി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സന്ദേശങ്ങള്‍ അയച്ചവര്‍ക്കും മാര്‍പാപ്പ നന്ദി അറിയിച്ചു. മാര്‍പാപ്പയുടെ നില അതീവ ഗുരുതരമായി തുടരുമ്പോഴാണ് മാര്‍പാപ്പയുടെ സന്ദേശം വത്തിക്കാന്‍ പുറത്ത് വിട്ടത്.