തുരങ്കത്തില്‍ തൊഴിലാളികള്‍ കുടുങ്ങിയിട്ട് 48 മണിക്കൂര്‍; വെള്ളം ഒഴുകുന്നത് വെല്ലുവിളി; രക്ഷാ പ്രവര്‍ത്തനം തുടരുന്നു

ഹൈദരാബാദ്: തെലങ്കാനയില്‍ തുരങ്കത്തില്‍ തൊഴിലാളികള്‍ കുടുങ്ങിയിട്ട് 46 മണിക്കൂര്‍ പിന്നിടുന്നു. ശനിയാഴ്ച രാവിലെയായിരുന്നു തുരങ്കത്തില്‍ തൊഴിലാളികള്‍ കുടുങ്ങിയത്. തുരങ്കത്തിലേക്ക് വെള്ളം ഒഴുകിയെത്തുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായിട്ടുണ്ട്. വെള്ളത്തിന് പുറമേ ചളിയും രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. നിലവില്‍ വെള്ളവും ചളിയും നീക്കുന്ന പ്രവര്‍ത്തനമാണ് പുരോഗമിക്കുന്നത്.

തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്ന ഇടത്തേയ്ക്ക് ഉടന്‍ എത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. 200 മീറ്റര്‍ കൂടി മാത്രമാണ് അവശേഷിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. തുരങ്കത്തില്‍ കുടുങ്ങിയവര്‍ക്ക് ഓക്സിജന്‍ നല്‍കുന്നുണ്ട്. സൈന്യത്തിന്റെ എന്‍ജിനീയറിങ് ടാസ്‌ക് ഫോഴ്സ് ഇന്നലെ രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്ത് എത്തിയിരുന്നു. സൈന്യത്തിന് പുറമേ നാഷണല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സും (എന്‍ഡിആര്‍എഫ്) സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സും (എസ്ഡിആര്‍എഫ്) നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഉടന്‍ തന്നെ തൊഴിലാളികളെ പുറത്തെത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. മുഖ്യമന്ത്രി രേവന്ത് റെഡ്ഡി സാഹചര്യങ്ങള്‍ വിലയിരുത്തി.

നാഗര്‍കൂര്‍നൂല്‍ ജില്ലയിലെ ദൊമലപെന്റയില്‍ നിര്‍മാണം പുരോഗമിക്കുന്ന ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാല്‍ (എസ്എല്‍ബിസി) ടണലിന്റെ ഒരു ഭാഗമാണ് ശനിയാഴ്ച രാവിലെ 8.30 ഓടെ തകര്‍ന്നുവീണത്. രണ്ട് എന്‍ജിനീയര്‍ അടക്കം എട്ട് തൊഴിലാളികളായിരുന്നു കുടുങ്ങിയത്. ഉത്തര്‍പ്രദേശ് സ്വദേശികളായ മനോജ് കുമാര്‍ (പ്രൊജക്ട് എന്‍ജിനീയര്‍) ശ്രീനിവാസ് (ഫീല്‍ഡ് എന്‍ജിനീയര്‍), ജാര്‍ഖണ്ഡ് സ്വദേശികളായ സന്ദീപ് സാഹു(തൊഴിലാളി), ജതാക്സ് (തൊഴിലാളി), സന്തോഷ് സാഹു(തൊഴിലാളി), അനുജ് സാഹു (തൊഴിലാളി), ജമ്മു കശ്മീര്‍ സ്വദേശിയായ സണ്ണി സിങ് (തൊഴിലാളി), പഞ്ചാബ് സ്വദേശിയായ ഗുര്‍പ്രീത് സിങ് (തൊഴിലാളി) എന്നിവരാണ് കുടുങ്ങിയത്. ബാക്കിയുള്ളവര്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. കുറച്ചു നാളുകളായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കാതിരുന്ന തുരങ്കത്തില്‍ നാല് ദിവസം മുന്‍പാണ് വീണ്ടും നിര്‍മാണം ആരംഭിച്ചത്.