ശശി തരൂരിന്റെ സമ്മര്‍ദ്ദ തന്ത്രം അവഗണിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനം; ഭരണ അമരത്തം നോട്ടമിട്ട തരൂരിനെ തളക്കാന്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഒന്നിച്ച് നേതാക്കള്‍

തിരുവനന്തപുരം: ശശി തരൂരിന്റേത് സമ്മര്‍ദ്ദ തന്ത്രമാണെന്ന് തിരിച്ചറിഞ്ഞ ഹൈക്കമാന്‍ഡ് ശശി തരൂരിന് വഴങ്ങേണ്ടതില്ലെന്ന നിലപാടിലാണ്. തരൂരിനെ പരമാവധി അവഗണിക്കുന്ന സമീപനം സ്വീകരിക്കാനാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ ഉണ്ടായിരിക്കുന്ന ധാരണ. തരൂരിന്റെ നിലപാട് സമ്മര്‍ദ്ദ തന്ത്രമെന്നും ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍.

ശശി തരൂരിന്റെ പരസ്യ നിലപാടില്‍ കടുത്ത അമര്‍ഷത്തിലാണ് ഒരുവിഭാഗം നേതാക്കള്‍. തരൂര്‍ പാര്‍ട്ടിയെ വെല്ലുവിളിക്കുന്നതായാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. ശശി തരൂര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ചത് പൊറുക്കാന്‍ ആകില്ലെന്നാണ് ഇവരുടെ നിലപാട്.

കേരളത്തിലും തരൂര്‍ പാര്‍ട്ടിയെ വെട്ടിലാക്കിയെന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. എതിരാളികള്‍ക്ക് തരൂര്‍ രാഷ്ട്രീയ ആയുധം നല്‍കിയെന്നും ഹൈക്കമാന്‍ഡ് കണക്കാക്കുന്നു. തരൂരിന്റെ അഭിപ്രായങ്ങളില്‍ ഹൈക്കമാന്‍ഡ് പരസ്യ പ്രതികരണം വിലക്കിയിട്ടുണ്ട്. തരൂരിന്റെ വിമര്‍ശനങ്ങളെ പൂര്‍ണ്ണമായും അവഗണിക്കാനും തരൂരിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാനുമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.

അതേസമയം സംസ്ഥാനത്ത് ഭരണ അമരത്തം നോട്ടമിട്ട് എത്തുന്ന ശശിതരൂരിനെ ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേരത്തേ തളക്കുകയെന്നത് ഓരോ നേതാക്കളുടെയും ആവശ്യമായി വന്നിരിക്കുകയാണ്. തന്റേതായ വികസന കാഴ്ചപ്പാടുകളും ഭരണ മികവും തെളിയിക്കാന്‍ ശശി തരൂരിന് കഴിയുമെന്നാണ് തരൂര് അനുകൂലികള്‍ പറയുന്നത്.