രഞ്ജി ട്രോഫി ഫൈനല്‍: വിദര്‍ഭക്കെതിരെ നിര്‍ണായക ടോസ് ജയിച്ച്‌ കേരളം, ടീമില്‍ ഒരു മാറ്റം; ഷോണ്‍ റോജര്‍ പുറത്ത്


നാഗ്പൂര്‍: രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭക്കെതിരെ നിര്‍ണായക ടോസ് ജയിച്ച കേരളം ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. സെമിയില്‍ ഗുജറാത്തിനെതിരെ കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് കേരളം ഇറങ്ങുന്നത്.ഷോണ്‍ റോജറിന് പകരം ഏദന്‍ ആപ്പിള്‍ ടോം കേരളത്തിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി. സെമിയില്‍ മുംബൈയെ വീഴ്ത്തിയ ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് വിദര്‍ഭ കിരീടപ്പോരാട്ടത്തിന് ഇറങ്ങുന്നത്.

കേരള ക്രിക്കറ്റ് ടീമിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ, ഏറ്റവും നിർണായക പോരാട്ടത്തിനാണ് സച്ചിൻ ബേബിയും സംഘവും ഇന്ന് നാഗ്പൂരില്‍ ഇറങ്ങുന്നത്. ക്വാർട്ടർ ഫൈനലില്‍ ജമ്മു കാശ്മീരിനെയും സെമി ഫൈനലില്‍ ഗുജറാത്തിനെയും നാടകീയമായാണ് മറികടന്നതെങ്കിലും, കേരള താരങ്ങളുടെ പോരാട്ടവീര്യത്തിനുള്ള പ്രതിഫലമായിരുന്നു വിജയത്തോളം തിളക്കമുള്ള ഈ സമനിലകള്‍. ഇത് തന്നെയാണ് എല്ലാവരുടേയും പ്രതീക്ഷ വർധിപ്പിക്കാനുള്ള കാരണം. വാലറ്റം വരെനീളുന്ന ബാറ്റിംഗ് നിരതന്നെയാണ് കേരളത്തിന്‍റെ കരുത്ത്.

ഇതുവരെയുള്ള മത്സരങ്ങളില്‍ മുഹമ്മദ് അസ്ഹറുദ്ദീനും സല്‍മാൻ നിസാറും ഉള്‍പ്പെട്ട മധ്യനിരയുടെയും ലോവർ ഓ‍ർഡർ
ബാറ്റർമാരുടെ മികവിലായിരുന്നു കേരളത്തിന്‍റെ മുന്നേറ്റം. ഫൈനലില്‍ ഓപ്പണർമാരായ രോഹൻ കുന്നുമ്മലും അക്ഷയ് ചന്ദ്രനും ഉള്‍പ്പടെയുള്ള ടോപ് ഓർഡർ ബാറ്റർമാരും മികച്ച ഇന്നിംഗ്സുകള്‍ കളിക്കേണ്ടത് അനിവാര്യമാണ്.

രഞ്ജി ട്രോഫി നോക്കൗട്ടില്‍ കേരളവും വിദർഭയും ഇതിന് മുൻപ് രണ്ടുതവണ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. 2018ല്‍ ക്വാർട്ടർ ഫൈനലിലും 2019ല്‍ സെമിഫൈനലിലും വിദർഭ കേരളത്തെ തോല്‍പിച്ചു. ഈ രണ്ട് തോല്‍വികള്‍ക്ക് ഫൈനലില്‍ പകരം വീട്ടുകയാണ് കേരളത്തിന്‍റെ ലക്ഷ്യം.

വിദർഭ പ്ലേയിംഗ് ഇലവൻ: ധ്രുവ് ഷോറെ, പാർത്ഥ് രേഖഡെ, ഡാനിഷ് മലേവാർ, കരുണ്‍ നായർ, യാഷ് റാത്തോഡ്, അക്ഷയ് വാഡ്കർ(ക്യാപ്റ്റൻ), അക്ഷയ് കർണേവാർ, ഹർഷ് ദുബെ, നചികേത് ഭൂതെ, ദർശൻ നല്‍കണ്ടെ, യാഷ് താക്കൂർ.

കേരളം പ്ലേയിംഗ് ഇലവൻ: അക്ഷയ് ചന്ദ്രൻ, രോഹൻ കുന്നുമ്മല്‍, സച്ചിൻ ബേബി (ക്യാപ്റ്റൻ), ജലജ് സക്‌സേന, മുഹമ്മദ് അസ്ഹറുദ്ദീൻ, സല്‍മാൻ നിസാർ, അഹമ്മദ് ഇമ്രാൻ, ഏഡൻ ആപ്പിള്‍ ടോം, ആദിത്യ സർവാതെ, എംഡി നിധീഷ്, എൻ പി ബേസില്‍.