ഇംഗ്ലണ്ടിനെ ചാരമാക്കിയ അഞ്ച് വിക്കറ്റ് നേട്ടം; റെക്കോര്‍ഡിട്ട് അസ്മത്തുള്ള ഒമര്‍സായ്
ലാഹോര്‍: ചാമ്ബ്യൻസ് ട്രോഫി ക്രിക്കറ്റില്‍ അഫ്‌ഗാനിസ്ഥാന്‍ പുതു ചരിത്രമെഴുതിയിരിക്കുകയാണ്. ഇംഗ്ലണ്ടിനെ ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്താക്കി അഫ്‌ഗാന്‍ എട്ട് റണ്‍സിന്‍റെ ത്രില്ലര്‍ ജയം ഇന്നലെ രാത്രി സ്വന്തമാക്കുകയായിരുന്നു.ഗദ്ദാഫി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റിന് 325 റണ്‍സ് എന്ന പടുകൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍ ഇംഗ്ലണ്ട് മറുപടി ബാറ്റിംഗില്‍ 49.5 ഓവറില്‍ 317 റണ്‍സില്‍ ഓള്‍ഔട്ടായി.
അഫ്ഗാനിസ്ഥാനായി ബാറ്റിംഗില്‍ 146 പന്തില്‍ 12 ഫോറും 6 സിക്സറുകളും സഹിതം 177 റണ്‍സുമായി ഓപ്പണര്‍ ഇബ്രാഹിം സദ്രാന്‍ താണ്ഡവമാടിയപ്പോള്‍ ബൗളിംഗില്‍ അഞ്ച് വിക്കറ്റ് നേട്ടവുമായി 24-കാരന്‍ പേസര്‍ അസ്മത്തുള്ള ഒമര്‍സായ് ആയിരുന്നു താരം. അഞ്ച് വിക്കറ്റ് പിഴുത് റെക്കോര്‍ഡിടുകയും ചെയ്തു.
ഐസിസി ഏകദിന ടൂര്‍ണമെന്‍റുകളുടെ ചരിത്രത്തില്‍ ഒരു അഫ്ഗാനിസ്ഥാന്‍ ബൗളറുടെ ഏറ്റവും മികച്ച പ്രകടനമാണ് ചാമ്ബ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റ് 2025ല്‍ ഇംഗ്ലണ്ടിനെതിരെ അസ്മത്തുള്ള ഒമര്‍സായ് നേടിയ 5/58. 2019ലെ ഏകദിന ലോകകപ്പില്‍ കാര്‍ഡിഫില്‍ ശ്രീലങ്കയ്ക്കെതിരെ സ്പിന്നര്‍ മുഹമ്മദ് നബി 30 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയതായിരുന്നു ഇതിന് മുമ്ബ് ഒരു ഐസിസി ഏകദിന ടൂര്‍ണമെന്‍റില്‍ അഫ്ഗാനിസ്ഥാന്‍ ബൗളര്‍മാരുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം. അതേസമയം ഏകദിന ക്രിക്കറ്റില്‍ മൂന്നാം തവണ മാത്രമാണ് അഫ്ഗാനിസ്ഥാന്‍ ബൗളര്‍മാര്‍ അഞ്ച് വിക്കറ്റ് പ്രകടനം പേരിലാക്കുന്നത്. ഗുല്‍ബാദിന്‍ നൈബ് (43), ഹാമിദ് ഹസന്‍ (5/45) എന്നിവരാണ് അസ്മത്തുള്ളയുടെ മുന്‍ഗാമികള്‍.
ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ ഇംഗ്ലണ്ട് സെമി ഫൈനല്‍ കാണാതെയാണ് പുറത്തായിരിക്കുന്നത്. നിർണായക മത്സരത്തില്‍ അഫ്ഗാൻ എട്ട് റണ്ണിന് ഇംഗ്ലണ്ടിനെ തോല്‍പിച്ചു. അഫ്ഗാനിസ്ഥാന്‍റെ 325 റണ്‍സ് പിന്തുടർന്ന ഇംഗ്ലണ്ടിന് 317 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 2023ലെ ഏകദിന ലോകകപ്പിന് പിന്നാലെയാണ് ചാമ്ബ്യൻസ് ട്രോഫിയിലും അഫ്ഗാനിസ്ഥാന് മുന്നില്‍ ഇംഗ്ലണ്ട് അടിയറവ് പറഞ്ഞത്. 177 റണ്‍സെടുത്ത സദ്രാന്‍റെ സെഞ്ചുറി ചാമ്ബ്യൻസ് ട്രോഫി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ കൂടിയാണ്.