ടൂറിസം മേഖലയില്‍ സ്ത്രീ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി; വനിതാ സംരംഭകരെ ലക്ഷ്യമിട്ട് വമ്ബൻ പദ്ധതികള്‍


തിരുവനന്തപുരം: സംസ്ഥാനത്ത് ടൂറിസം മേഖലയില്‍ സ്ത്രീ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാൻ വനിതാ വികസന കോർപ്പറേഷനുമായി യോജിച്ച്‌ പ്രവർത്തിക്കുമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.വനിതാ വികസന കോർപറേഷൻ സ്ത്രീ സംരംഭകർക്കായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പ്രദർശന വിപണന മേള എസ്‌കലേറ 2025 ല്‍ മൂന്നാം ദിന പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം രംഗത്ത് സ്ത്രീ സംരംഭങ്ങളുടെ സാധ്യതയും അവസരവും അതിന് സർക്കാർ നല്‍കുന്ന പിന്തുണയും അവർ വിശദീകരിച്ചു. വനിതാ വികസന കോർപ്പറേഷനും ടൂറിസം വകുപ്പിനും സ്ത്രീ സംരംഭകർക്കായി എന്തൊക്കെ ചെയ്യാൻ പറ്റും എന്നുള്ളത് പരിശോധിക്കും.

വനിതാ സംരംഭകരെ ലക്ഷ്യമിട്ട് ചില പദ്ധതികള്‍ കൂടി ടൂറിസം മേഖലയില്‍ നടപ്പിലാക്കുന്നുണ്ട്. അതില്‍ വനിതാ വികസന കോർപ്പറേഷനെ കൂടി പങ്കാളികളാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇക്കാര്യം ചർച്ച ചെയ്ത് തീരുമാനിക്കാം. കൂടുതല്‍ സ്ത്രീകള്‍ സംരംഭകരായി മാറി പുതിയ ആകാശവും പുതിയ ഭൂമിയും നേടാൻ പ്രാപ്തരാകട്ടെ എന്നും സംരംഭകത്വം വഴി സ്ത്രീകളുടെ സാമൂഹിക പദവി കൂടുതല്‍ ഉയരത്തിലെത്തട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

കേരളത്തിൻ്റെ സാമ്ബത്തിക മേഖലയില്‍ നിർണായക സ്വാധീനമായി ഉയർന്നുവരുന്ന വ്യവസായ മേഖലയാണ് ടൂറിസം. നോട്ട് നിരോധനം ഇടിത്തീ പോലെ ഗ്രാമീണ സമ്ബദ് വ്യവസ്ഥയെ തകർന്നു. കോവിഡ് മഹാമാരിയോടെ കൂടുതല്‍ പ്രതിസന്ധിയുണ്ടായി. ഈ അവസരത്തിലാണ് സ്ത്രീകള്‍ സംരംഭം തുടങ്ങുന്ന സ്ഥിതിയുണ്ടായത്. ഇന്ത്യയില്‍ വനിതാ സംരംഭകർക്ക് ഏറ്റവും കൂടുതല്‍ പ്രോത്സാഹനം നല്‍കുന്ന സംസ്ഥാനം കേരളമാണ്. 2016 മുതല്‍ 2 തവണ അധികാരത്തിലെത്തിയ എല്‍ഡിഎഫ് സർക്കാരുകള്‍ സംസ്ഥാനത്ത് സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ ചാലക ശക്തിയായി. 2021-22 മുതല്‍ മാത്രം കെഎസ്‌ഡബ്ല്യുഡിസി 1065 കോടി രൂപയുടെ സഹായമാണ് വിതരണം ചെയ്തത്. 94912 സ്ത്രീകളാണ് മൂന്ന് വർഷം കൊണ്ട് ഇതിൻ്റെ ഗുണം നേരിട്ട് അനുഭവിച്ചത്.

2 ലക്ഷത്തിലേറെ പ്രത്യേക്ഷ പരോക്ഷ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. സംരംഭക വർഷം പദ്ധതിയില്‍ അനേകം സ്ത്രീകള്‍ സംരംഭങ്ങള്‍ തുടങ്ങി. 2023 സാമ്ബത്തിക വർഷത്തില്‍ മാത്രം 45163 സ്ത്രീ സംരംഭങ്ങള്‍ സംസ്ഥാനത്ത് ആരംഭിച്ചു. 3.46 ലക്ഷം സംരംഭങ്ങള്‍ സംരംഭക വർഷത്തിൻ്റെ ഭാഗമായി തുടങ്ങി. 219288 കോടി രൂപയുടെ നിക്ഷേപവും 7.90 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചെന്നും കണക്കുണ്ട്. ഒരു ലക്ഷത്തിലേറെ സ്ഥാപനങ്ങള്‍ സ്ത്രീകളുടേതാണ്. കുടുംബശ്രീ വഴി ഷീ സ്റ്റാർട്ട് പദ്ധതികളിലും സ്ത്രീകള്‍ക്ക് പ്രാധാന്യമുണ്ട്. സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന 55 വയസില്‍ താഴെ പ്രായമുള്ള വിധവകള്‍ക്ക് സ്വയംതൊഴിലിനായി ഒറ്റത്തവണ സഹായമായി 30000 രൂപ നല്‍കുന്ന പദ്ധതി നിലവിലുണ്ട്. വിധവകള്‍ക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭിക്കുന്ന പദ്ധതിയും സംസ്ഥാനത്ത് നടപ്പാക്കിയിട്ടുണ്ട്. പുതിയ സംരംഭങ്ങള്‍ ആരംഭിച്ച്‌ കടബാധ്യത വരുന്ന സ്ത്രീകളെ സഹായിക്കാനും പദ്ധതിയുണ്ട്. ഭാവിയില്‍ പ്രശ്നങ്ങളുണ്ടായാല്‍ അത് നേരിടാനുള്ള സഹായവും സർക്കാർ നല്‍കുന്നുണ്ട്.

ടൂറിസം സെക്ടറില്‍ തൊഴില്‍ ശക്തിയില്‍ സ്ത്രീകളാണ് മുന്നില്‍. സഞ്ചാരികളായ സ്ത്രീകളെ കേരളത്തിലേക്ക് ആകർഷിക്കണം. ഗ്രൂപ്പായി സ്ത്രീകള്‍ യാത്ര പോകുന്നുണ്ട്. ഒറ്റയ്ക്ക് പോകാൻ ആഗ്രഹിക്കുന്നവരുമുണ്ട്. അവരെ കേരളത്തിലേക്ക് ആകർഷിക്കണം. അതിന് ടൂറിസം കേന്ദ്രങ്ങള്‍ സ്ത്രീ സൗഹൃദമാക്കണം. ഇവിടങ്ങളില്‍ വനിതാ സംരംഭങ്ങളുടെ ശൃംഖലയുണ്ടാക്കണം. കേരളത്തില്‍ ടൂറിസം രംഗത്ത് നിരവധി സ്ത്രീ സംരംഭങ്ങളുണ്ട്. കേരള റെസ്പോണ്‍സിബിള്‍ ടൂറിസം മിഷൻ സൊസൈറ്റിയാണ് ഈ മേഖലയില്‍ വനിതാ സംരംഭങ്ങളെ യോജിപ്പിക്കുന്ന പ്രധാന ഏജൻസി. കേരളത്തിലേക്ക് എത്തുന്ന ടൂറിസ്റ്റുകളെ ലക്ഷ്യമാക്കി കൂടുതല്‍ വനിതാ സംരംഭങ്ങള്‍ ഇനിയും ഉണ്ടാകണം എന്ന് തന്നെയാണ് ടൂറിസം വകുപ്പിന്റെ കാഴ്ചപ്പാട്. ആരോഗ്യ രംഗത്ത് ടൂറിസത്തിന്റെ അനന്ത സാധ്യതയുണ്ട്. മെഡിക്കല്‍ ടൂറിസം രംഗത്ത് ആയുർവേദ ചികിത്സയ്ക്കും അലോപ്പതി ചികിത്സയ്ക്കുമായി പലരും വിദേശത്തുനിന്ന് വരുന്നുണ്ട്. നല്ല ഇടങ്ങളില്‍ അവരെ കൊണ്ടു പോകാനുള്ള ഇടപെടലാണ് ഇപ്പോള്‍ നടക്കുന്നത്.

സ്ത്രീ സംരംഭകർക്ക് ഏറ്റവും സാധ്യതയുള്ള ഒന്നാണ് മെഡിക്കല്‍ ടൂറിസം. കേരളത്തിലെ നേഴ്സിംഗ് കെയർ, മോഡേണ്‍ മെഡിസിൻ രംഗത്തെ നേട്ടങ്ങള്‍, ആയുർവേദ ചികിത്സ തുടങ്ങിയവയുടെ ടൂറിസം സാധ്യതകള്‍ നമ്മള്‍ ഉപയോഗിക്കേണ്ടതുണ്ട്. ലോകത്ത് നിങ്ങള്‍ എവിടെ പോയാലും ഏറ്റവും നല്ല നേഴ്സുമാർ മലയാളികളാണ്. വിദേശ രാജ്യങ്ങളിലെ ആശുപത്രികളില്‍ മലയാളി നേഴ്സുമാരുടെ പരിചരണത്തിന്റെ ഭാഗമായി അവർ കേരളത്തെ പറ്റി ചോദിച്ച്‌ മനസ്സിലാക്കിയിട്ടുണ്ട്. ഇതൊരു ടൂറിസം സാധ്യതയാണ്. ആധുനിക വൈദ്യശാസ്ത്രവും ആയുർവേദത്തിലെ വൈദഗ്ദ്ധ്യവും ചേർന്നുള്ള ചികിത്സയ്ക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആഗോള സെലിബ്രിറ്റികളടക്കം കേരളത്തില്‍ എത്തുന്നുണ്ട്. മെഡിക്കല്‍ ടൂറിസത്തിന്റെ സാധ്യതകള്‍ കേരളത്തില്‍ പൂർണ്ണ ഫലപ്രാപ്തിയില്‍ എത്തുമ്ബോള്‍ സ്ത്രീ സംരംഭക സമൂഹത്തിന് എങ്ങനെ ഇടപെടാൻ കഴിയും എന്ന നിലയിലേക്ക് നമ്മുടെ ചർച്ചകള്‍ വികസിക്കണം. അത്തരം ചർച്ചകള്‍ നിങ്ങള്‍ തുടർന്നും നടത്തേണ്ടതുണ്ട്. എല്ലാ പിന്തുണയും ടൂറിസം വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന ഉറപ്പും മന്ത്രി നല്‍കി.