ശിഖര്‍ ധവാനെ പിന്നിലാക്കി രചിന്‍ രവീന്ദ്രക്ക് ലോക റെക്കോര്‍ഡ്; വില്യംസണും ചരിത്രനേട്ടം


ലാഹോര്‍: ചാമ്ബ്യൻസ് ട്രോഫി സെമിയില്ർ ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ചുറികളുമായി മിന്നിയ ന്യൂസിലന്‍ഡ് താരങ്ങളായ രചിന്‍ രവീന്ദ്രക്കും കെയ്ന്‍ വില്യംസണും റെക്കോര്‍ഡ്.ഐസിസി ഏകദിന ടൂര്‍ണമെന്‍റുകളിലെ അഞ്ചാം സെഞ്ചുറി കുറിച്ച രചിന്‍ രവീന്ദ്ര ഏറ്റവും കുറവ് മത്സരങ്ങളില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമായി. ദക്ഷിണാഫ്രിക്കക്കെതിരായ സെമി പോരാട്ടത്തില്‍ 101 പന്തില്‍ 108 റണ്‍സെടുത്താണ് രചിന്‍ രവീന്ദ്ര പുറത്തായത്. ഈ ചാമ്ബ്യൻസ് ട്രോഫിയില്‍ രണ്ടാം സെഞ്ചുറി കുറിച്ച രചിന്‍ രവീന്ദ്ര 2023ലെ ഏകദിന ലോകകപ്പില്‍ മൂന്ന് സെഞ്ചുറികള്‍ നേടിയിരുന്നു.

15 ഇന്നിംഗ്സില്‍ നിന്ന് അഞ്ച് സെഞ്ചുറികള്‍ നേടിയ ശിഖര്‍ ധവാന്‍റെ റെക്കോര്‍ഡാണ് 13 ഇന്നിംഗ്സില്‍ അഞ്ചാം സെഞ്ചുറി തികച്ച്‌ രചിന്‍ രവീന്ദ്ര സ്വന്തമാക്കിയത്. 2023ലെ ഏകദിന ലോകകപ്പിലാണ് രചിന്‍ ആദ്യമായി ഐസിസി ഏകദിന ടൂര്‍ണമെന്‍റില്‍ അരങ്ങേറിയയത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ശ്രീലങ്കക്കെതിരെ സെഞ്ചുറി അടിച്ചാണ് രചിന്‍ രവീന്ദ്ര തുടങ്ങിയത്. പിന്നീട് ഓസ്ട്രേലിയക്കെതിരെയും പാകിസ്ഥാനെതിരെയും രചിന്‍ ലോകകപ്പ് സെഞ്ചുറികള്‍ നേടി. ചാമ്ബ്യൻസ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരെയും രചിന്‍ സെഞ്ചുറി നേടിയിരുന്നു.

ന്യൂസിലന്‍ഡിനായി സെഞ്ചുറി നേടിയ കെയ്ന്‍ വില്യംസണ്‍ രാജ്യാന്തര ക്രിക്കറ്റില്‍ 19000 റണ്‍സ് തികയ്ക്കുന്ന ആദ്യ ന്യൂസിലന്‍ഡ് ബാറ്ററെന്ന റെക്കോര്‍ഡാണ് അടിച്ചെടുത്തത്. 18199 റണ്‍സടിച്ചിരുന്ന റോസ് ടെയ്‌ലറാണ് രാജ്യാന്തര ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിനായി ഏറ്റവും കൂടതല്‍ റണ്‍സടിച്ച രണ്ടാമത്തെ ബാറ്റര്‍. ദക്ഷിണാഫ്രിക്കക്കെതിരായ സെമി പോരാട്ടത്തിന് ഇറങ്ങുംമുമ്ബ് റെക്കോര്‍ഡ് സ്വന്തമാക്കാന്‍ 27 റണ്‍സായിരുന്നു വില്യംസണ് വേണ്ടിയിരുന്നത്. രാജ്യാന്തര ക്രിക്കറ്റില്‍ 19000 റണ്‍സ് തികയ്ക്കുന്ന പതിനാറാമത്തെ മാത്രം ബാറ്ററുമാണ് വില്യംസണ്‍.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(34,357), കുമാര്‍ സംഗക്കാര(28,016), വിരാട് കോലി( 27,598), റിക്കി പോണ്ടിംഗ്( 27,483), മഹേല ജയവര്‍ധനെ(25,957) എന്നിവരാണ് രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ആദ്യ അഞ്ച് ബാറ്റര്‍മാര്‍. രാജ്യാന്തര ക്രിക്കറ്റില്‍ അതിവേഗം 19000 റണ്‍സ് പിന്നിടുന്ന നാലാമത്തെ ബാറ്ററുമാണ് വില്യംസണ്‍. വിരാട് കോലി(399 ഇന്നിംഗ്സ്), സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(432 ഇന്നിംഗ്സ്), ബ്രയാന്‍ ലാറ(433 ഇന്നിംഗ്സ്) എന്നിവരാണ് വില്യംസണെക്കാള്‍(440 ഇന്നിംഗ്സ്) വേഗത്തില്‍ ഈ നേട്ടം കൈവരിച്ചവര്‍.