41 പന്തില്‍ 80 നോട്ടൗട്ട്, സുബിനും അജ്നാസും തകര്‍ത്തടിച്ചു, കെസിഎ പ്രസിഡന്റ് കപ്പില്‍ റോയല്‍സിനും പാന്തേഴ്സിനും ജയം


ആലപ്പുഴ: കെസിഎ പ്രസിഡൻ്റ്സ് കപ്പ് ക്രിക്കറ്റില്‍ റോയല്‍സിന് തുടർച്ചയായ രണ്ടാം വിജയം. ടൈഗേഴ്സിനെ മൂന്ന് വിക്കറ്റിനാണ് റോയല്‍സ് തോല്‍പ്പിച്ചത്.മറ്റൊരു മത്സരത്തില്‍ പാന്തേഴ്സ് ഈഗിള്‍സിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചു. റോയല്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ടൈഗേഴ്സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സാണെടുത്തത്. 30 പന്തുകളില്‍ നാല് സിക്സും നാലും ഫോറും അടക്കം 56 റണ്‍സെടുത്ത എം അജ്നാസിൻ്റെ പ്രകടനമാണ് ടൈഗേഴ്സിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 34 റണ്‍സെടുത്ത രോഹൻ നായർ, 26 റണ്‍സെടുത്ത പ്രീതിഷ് പവൻ എന്നിവരുടെ പ്രകടനങ്ങളും ശ്രദ്ധേയമായി.

റോയല്‍സിന് വേണ്ടി വിനില്‍ ടി എസും, ഫാസില്‍ ഫാനൂസും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയല്‍സ് ഒരു പന്ത് ബാക്കി നില്‍ക്കെ ലക്ഷ്യത്തിലെത്തി. 38 റണ്‍സെടുത്ത ജോബിൻ ജോബിയും 26 റണ്‍സെടുത്ത റിയ ബഷീറും ചേർന്ന് തകർപ്പൻ തുടക്കമാണ് റോയല്‍സിന് നല്‍കിയത്. മധ്യനിരയില്‍ 35 റണ്‍സെടുത്ത ഷോണ്‍ റോജറും 30 റണ്‍സെടുത്ത ക്യാപ്റ്റൻ അഖില്‍ സ്കറിയയും മികച്ച പ്രകടനം കാഴ്ച വച്ചു. അവസാന ഓവറുകളില്‍ 12 പന്തുകളില്‍ നിന്ന് 21 റണ്‍സെടുത്ത ജെറിൻ പി എസിൻ്റെ പ്രകടനമാണ് റോയല്‍സിൻ്റെ വിജയത്തില്‍ നിർണ്ണായകമായത്. ടൈഗേഴ്സിന് വേണ്ടി സുധേശൻ മിഥുൻ മൂന്നും ബിജു നാരായണൻ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

രണ്ടാം മത്സരത്തില്‍ ഈഗിള്‍സിനെതിരെ ആറ് വിക്കറ്റിനായിരുന്നു പാന്തേഴ്സിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഈഗിള്‍സിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് മാത്രമാണ് നേടാനായത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാന്തേഴ്സ് 15ആം ഓവറില്‍ ലക്ഷ്യത്തിലെത്തി. 50 റണ്‍സെടുത്ത ഭരത് സൂര്യയാണ് ഈഗിള്‍സിൻ്റെ ടോപ് സ്കോറർ. 23 പന്തുകളില്‍ നിന്ന് 40 റണ്‍സെടുത്ത സിജോമോൻ ജോസഫും 25 പന്തുകളില്‍ നിന്ന് 35 റണ്‍സെടുത്ത അക്ഷയ് മനോഹറും ഈഗിള്‍സ് ബാറ്റിങ് നിരയില്‍ തിളങ്ങി. പാന്തേഴ്സിന് വേണ്ടി അഖിൻ സത്താർ മൂന്നും ഏദൻ ആപ്പിള്‍ ടോം രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാന്തേഴ്സിന് എസ് സുബിൻ്റെ തകർപ്പൻ ബാറ്റിങ്ങാണ് അനായാസ വിജയം ഒരുക്കിയത്. 41 പന്തുകളില്‍ നാല് സിക്സും എട്ട് ഫോറും അടക്കം 80 റണ്‍സുമായി സുബിൻ പുറത്താകാതെ നിന്നു. പവൻ ശ്രീധർ 22 റണ്‍സെടുത്തു. ഈഗിള്‍സിന് വേണ്ടി വിജയ് വിശ്വനാഥ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.