ആരാധകര്‍ക്ക് നിരാശ മറക്കാന്‍ ഒരു ജയം! കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് അവസാന ഹോം മത്സരത്തിന്
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് സീസണിലെ അവസാന ഹോം മത്സരം. മുംബൈ സിറ്റിയാണ് എതിരാളികള്‍.വൈകീട്ട് 7.30നാണ് മത്സരം തുടങ്ങുക. കേരള ബ്ലാസ്റ്റേഴ്‌സ് മറക്കാനാഗ്രഹിക്കുന്ന സീസണിലെ അവസാന ഹോം മത്സരം. പ്ലേ ഓഫില്‍ നിന്ന് പുറത്തായ ടീമിന് ഒരൊറ്റ ലക്ഷ്യം മാത്രം. സ്വന്തം തട്ടകത്തില്‍ ജയത്തോടെ മടങ്ങുക. ബ്ലാസ്റ്റേഴ്‌സ് അവസാനം കളിച്ച അഞ്ച് മത്സരങ്ങളില്‍ ജയിക്കാനായത് ഒന്നില്‍ മാത്രം. 22 മത്സരങ്ങളില്‍ നിന്ന് 25 പോയിന്റുമായി പത്താം സ്ഥാനത്ത്. കൊച്ചിയില്‍ കളിച്ച11 മത്സരങ്ങളില്‍ 4 ജയം, 5 തോല്‍വി, 2 സമനില.
സീസണിന്റെ മധ്യത്തില്‍ കോച്ച് മൈക്കല്‍ സ്റ്റാറയുടെ പുറത്താകലും പിന്നീടുണ്ടായ ആരാധക രോഷവും കൊച്ചിയില്‍ അലയടിച്ച സീസണാണ് കടന്നുപോകുന്നത്. പരിശീലകനായി താത്കാലിക ചുമതല ഏറ്റെടുത്ത ടി.ജി പുരുഷുത്തോമന്‍ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി. എന്നാല്‍ അവസാന മത്സരങ്ങളില്‍ ടീം അമ്ബേ പരാജയമായി. പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചതിനാല്‍ ഇന്ന് കൂടുതല്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കിയേക്കും. അവധിയില്‍ പോയ മുന്നേറ്റ താരം ഹെസൂസ് ഹിമെനെ കളിക്കാത്തതിനാല്‍ നോവ സദൂയി ടീമില്‍ തിരിച്ചെത്തുമോയെന്നാണ് ആകാംക്ഷ.
ക്ലബ് വിട്ടേക്കുമെന്ന സൂചന നല്‍കിയ ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയുടെ കൊച്ചിയിലെ അവസാന മത്സരമായിരുക്കുമോ ഇതെന്നും ആരാധകര്‍ ഉറ്റുനോക്കുന്നു. 33 പോയിന്റുള്ള മുംബൈ സിറ്റിക്ക് പ്ലേ ഓഫിലേക്ക് മുന്നേറാന്‍ ജീവന്‍ മരണ പോരാട്ടമാണിത്. ഇതിന് മുന്‍പ് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ രണ്ടിനെതിരെ 4 ഗോളുകള്‍ക്ക് ജയം മുംബൈ സിറ്റിക്ക്. 12ന് ഹൈദരാബാദ് എഫ്‌സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ സീസണിലെ അവസാന മത്സരം.
നിലവില്‍ പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. 22 മത്സരങ്ങളില്‍ നിന്ന് 25 പോയിന്റ്. മുംബൈ ഏഴാം സ്ഥാനത്താണ്. 22 മത്സരങ്ങളില്‍ 33 പോയിന്റ്. പ്ലേ ഓഫിലെത്താന്‍ ടീമിന് മുംബൈക്ക് ഇന്ന് ജയം അനിവാര്യമാണ്.