‘സെലക്ടര്‍മാര്‍ മാത്രമല്ല ഇപ്പോള്‍ അവനെക്കുറിച്ച്‌ ആരും സംസാരിക്കുന്നില്ല’; ഇന്ത്യൻ താരത്തെക്കുറിച്ച്‌ ആകാശ് ചോപ്ര


മുംബൈ: ഇന്ത്യൻ ടീമില്‍ നിന്ന് പുറത്താകുകയും അച്ചടക്ക ലംഘനത്തിന്‍റെ പേരില്‍ ബിസിസിഐ വാര്‍ഷിക കരാര്‍ നഷ്ടമാകുകയും ചെയ്ത വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനെക്കുറിച്ച്‌ സെലക്ടര്‍മാര്‍ പോയിട്ടും ആരും സംസാരിക്കുന്നില്ലെന്ന് മുന്‍ ഇന്ത്യൻ താരം ആകാശ് ചോപ്ര.വരാനിരിക്കുന്ന ഐപിഎല്‍ ഇഷാന്‍ കിഷന് തന്‍റെ പ്രതിഭ തെളിയിക്കാനുള്ള അവസരമായിരിക്കുമെന്നും ആകാശ് ചോപ്ര പറഞ്ഞു.

എന്തൊക്കെയൊ കാരണങ്ങളാല്‍ അവന്‍ റഡാറില്‍ നിന്ന് പൂര്‍ണമായും അപ്രത്യക്ഷനായിരിക്കുന്നു. ഇപ്പോള്‍ സെലക്ടര്‍മാര്‍ മാത്രമല്ല അവനെക്കുറിച്ച്‌ ആരും സംസാരിക്കുന്നില്ല. ഇന്ത്യക്കായി കളിച്ച്‌ കഴിവ് തെളിയിച്ച താരമാണ് ഇഷാൻ. ഇത്തവണ രഞ്ജി ട്രോഫിയിലും കളിച്ചു റണ്‍സടിച്ചു. ഇന്ത്യൻ ടീമില്‍ തിരിച്ചുവരാന്‍ തന്‍റെ കഴിവിന്‍റെ പരമാവധി അവന്‍ ചെയ്യുന്നുണ്ടെങ്കിലും അവനെക്കുറിച്ച്‌ ആരും സംസാരിക്കുന്നതുപോലുമില്ല.

വിക്കറ്റ് കീപ്പര്‍ ബാറ്ററും ഓപ്പണറും ഇടംകൈയനുമായ ഇഷാന്‍ കിഷനെ ബാറ്റിംഗ് പൊസിഷനില്‍ എവിടെ വേണമെങ്കിലും ഉപയോഗിക്കാനാവും. കോച്ച്‌ ഗൗതം ഗംഭീര്‍ തന്നെ പറഞ്ഞത്, തങ്ങളെല്ലാം ഒരേ ലക്ഷ്യത്തിലേക്ക് പായുന്ന ട്രെയിനിലെ ബോഗികളാണെന്നാണ്. അങ്ങനെയെങ്കില്‍ ബാറ്റിംഗ് പൊസിഷന്‍ പോലും പ്രശ്നമല്ലാത്ത കിഷനെപ്പോലൊരു ബാറ്ററെ ട്രെയിനിന്‍റെ മുമ്ബിലോ പിന്നിലോ ഘടിപ്പിക്കാവുന്നതാണ്. വരുന്ന ഐപിഎല്‍ സീസണ്‍ ഇഷാന്‍ കിഷനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായിരിക്കുമെന്നും ചോപ്ര പറഞ്ഞു.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസ് താരമായിരുന്ന കിഷനെ ടീം കൈവിട്ടിരുന്നു. ഇത്തവണ സണ്‍റൈസേഴ്സ് ഹൈദരാബാദ് താരമാണ് കിഷന്‍. 11.25 കോടി രൂപക്കാണ് കിഷനെ ഹൈദരാബാദ് സ്വന്തമാക്കിയത്. അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡും ഓപ്പണര്‍മാരാകുന്ന ഹൈദരാബാദ് ടീമില്‍ കിഷന്‍ മൂന്നാം നമ്ബറില്‍ കളിക്കാനിറങ്ങുമെന്നാണ് കരുതുന്നത്. 2022 ഡിസംബറില്‍ ബംഗ്ലാദേശിനെതിരെ 131 പന്തില്‍ 210 റണ്‍സടിച്ച്‌ ഏകദിന ഡബിള്‍ നേടിയ കിഷന്‍ 2023ലെ ഏകദിന ലോകകപ്പിലും ടീമിലുണ്ടായിരുന്നെങ്കിലും അധികം മത്സരങ്ങളില്‍ അവസരം ലഭിച്ചിരുന്നില്ല.