ജില്ലാതല ബാങ്കിങ് അവലോകന യോഗം;പ്രവാസികള്‍ക്ക് കൂടുതല്‍ സംരഭങ്ങള്‍ തുടങ്ങാന്‍ ബാങ്കുകള്‍ പിന്തുണയ്ക്കണം- പി ഉബൈദുള്ള എം എല്‍ എ

പ്രവാസികള്‍ക്ക് കൂടുതല്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ബാങ്കുകള്‍ പിന്തുണയ്ക്കണമെന്നും പ്രവാസികളുടെ നിക്ഷേപം അവര്‍ക്കു കൂടി പ്രയോജനപ്പെടുത്തുന്ന പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനായി ഉപയോഗപ്പെടുത്തണമെന്നും പി.ഉബൈദുള്ള എം എല്‍ എ പറഞ്ഞു. മലപ്പുറത്ത് ചേര്‍ന്ന് ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലയില്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാവണം. ഇതുമായി ബന്ധപ്പെട്ട പദ്ധതികള്‍ നബാര്‍ഡിന്റെ സഹായത്തോടെ നടപ്പാക്കി പുതിയ കാര്‍ഷിക സംസ്‌കാരത്തിന് രൂപം കൊടുക്കണം-അദ്ദേഹം പറഞ്ഞു.

ജില്ലയുടെ പുരോഗതിക്കായി ബാങ്കുകളുടെ സേവനം പ്രയോജനപ്പെടുത്തണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് പറഞ്ഞു. യോഗത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം എല്‍.ഡി.ഒ വി ജി മണികണ്ഠന്‍, കാനറ ബാങ്ക് എ ജി എം എം.ശ്രീവിദ്യ, നബാര്‍ഡ് ഡി.ഡി.എം മുഹമ്മദ് റിയാസ്, മലപ്പുറം എല്‍.ഡി.എം എം.എ. ടിറ്റന്‍, ബന്ധപ്പെട്ട വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, ബാങ്കുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ജില്ലയില്‍ ബാങ്കിങ് മുന്‍ഗണനാ മേഖലയില്‍ 97 ശതമാനം നേട്ടം; ആകെ ബാങ്ക് നിക്ഷേപം 57,150.55 കോടി

 

ഈ സാമ്പത്തിക വര്‍ഷം ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ (2024 ഒക്ടോബർ- ഡിസംബര്‍) ജില്ലയിലെ മുന്‍ഗണനാ മേഖലയില്‍ 97 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായതായി ബാങ്കിങ് അവലോകന സമിതി യോഗം വിലയിരുത്തി. 2024 സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 67 ശതമാനമായിരുന്നു വളര്‍ച്ചാനിരക്ക്. ആകെ ബാങ്ക് നിക്ഷേപം 57,150.55 കോടിയാണ്. ഇതില്‍ 14,578.77 കോടി പ്രവാസി നിക്ഷേപമാണ്. 2.29 ശതമാനത്തിന്റെ വളര്‍ച്ചയാണ് കഴിഞ്ഞ പാദത്തെക്കാള്‍ നിക്ഷേപത്തില്‍ വന്നത്. 39,802.39 കോടിയാണ് ആകെ വായ്പയായി നല്‍കിയത്. കഴിഞ്ഞ പാദത്തെക്കാള്‍ 3.86 ശതമാനമാണ് വായ്പാ വര്‍ധനവ് ഉണ്ടായത്. വായ്പ നിക്ഷേപ അനുപാതം 69.64 ശതമാനമാണ്. കൂടുതല്‍ ബ്രാഞ്ചുകളുള്ള പ്രമുഖ ബാങ്കുകളുടെ വായ്പാ നിക്ഷേപ അനുപാതം ഇങ്ങനെയാണ്. കേരള ഗ്രാമീണ്‍ ബാങ്ക് (72.92), കനറാ ബാങ്ക് (78.39), എസ്.ബി.ഐ (46.93), ഫെഡറല്‍ ബാങ്ക് (32.65), സൗത്ത് ഇന്ത്യന്‍ ബാങ്ക് (40.29).

 

ജില്ലയില്‍ 719 ബാങ്ക് ശാഖകള്‍, 672 എ.ടി.എം.-സി.ഡി.എമ്മുകള്‍

 

ജില്ലയില്‍ 719 ബാങ്ക് ശാഖകളുടെ ശക്തമായ ശൃംഖലയുണ്ട്. 184 പൊതുമേഖല, 186 സ്വകാര്യമേഖല, 95 ഗ്രാമീണ്‍, 58 സ്മാള്‍ ഫിനാന്‍സ്, 195 സഹകരണ മേഖല, ഒരു പോസ്റ്റല്‍ പേയ്മെന്റ് എന്നിങ്ങനെയാണ് ബാങ്ക് ബ്രാഞ്ചുകള്‍. പുറമെ തുടര്‍ച്ചയായ കസ്റ്റമര്‍ സര്‍വീസിനു 576 എ.ടി.എമ്മുകളും 106 സി.ഡി.എമ്മുകളും പ്രവര്‍ത്തിക്കുന്നുണ്ട്.