സഞ്ജു ഫിറ്റ്‌നെസ് വീണ്ടെടുത്തു, ആശങ്ക വിക്കറ്റ് കീപ്പിംഗില്‍! ജസ്പ്രിത് ബുമ്രയുടെ തിരിച്ചുവരവില്‍ വ്യക്തയില്ല

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനും ആരാധകര്‍ക്കും ആശ്വാസമായി മലയാളി താരം സഞ്ജു സാംസണ്‍ തിരിച്ചെത്തുന്നു.ബാറ്റിംഗില്‍ ഫിറ്റ്‌നസ് ടെസ്റ്റ് പാസായ താരം കീപ്പിങ്ങില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. ക്യാപ്റ്റന്‍ കൂടിയായ സഞ്ജു കളത്തിലിറങ്ങുന്നതോടെ രാജസ്ഥാന്റെ കിരീട പ്രതീക്ഷകള്‍ക്ക് ഇരട്ടിവേഗം. കൈവിരലിനേറ്റ പരുക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം, അധികം വൈകാതെ കളത്തിലേക്ക് തിരിച്ചെത്തും. ബെംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിയിലുള്ള താരം ബാറ്റിംഗില്‍ ഫിറ്റ്‌നസ് ടെസ്റ്റ് പാസായി.

എന്നാല്‍ കീപ്പിങ്ങില്‍ സഞ്ജുവിന് കൂടുതല്‍ ടെസ്റ്റുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിക്കറ്റ് കീപ്പിങ്ങിന് ഇന്ത്യന്‍ താരമായ ധ്രുവ് ജൂറേല്‍ ടീമിലുള്ളതിനാല്‍ രാജസ്ഥാന് മറ്റ് ആശങ്കകളില്ല. മാര്‍ച്ച്‌ 23ന് ഹൈദരാബാദില്‍ സണ്‍റൈസേഴ്‌സിനെതിരെയാണ് രാജസ്ഥാന്റെ ആദ്യ മത്സരം. ഇന്ത്യയുടെ ട്വന്റി 20 ടീമില്‍ ഓപ്പണറായി സ്ഥിരപ്പെട്ട ശേഷമുള്ള സഞ്ജുവിന്റെ ആദ്യ ഐപിഎല്‍ സീസണാണിത്. ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ മിന്നും പ്രകടനം നടത്തിയേ തീരു. ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരന്പരയിലെ മോശം ഫോം തീര്‍ക്കാന്‍ പോന്നൊരു സീസണ്‍ പ്രതീക്ഷിക്കുകയാണ് ആരാധകര്‍.

എല്ലാ തവണയും തുടക്കത്തില്‍ മിന്നിത്തിളങ്ങുന്നി പിന്നീട് മോശം പ്രകടനം പുറത്തെടുക്കുന്ന പതിവ് ഇക്കുറി താരം മറികടക്കുമെന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നു. ഓപ്പണിങ്ങിലടക്കം നിരവധി താരങ്ങള്‍ പുറത്ത് കാത്തിരിക്കുന്നതിനാല്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ മികച്ച പ്രകടനം നടത്തിയേ തീരു.

ബുമ്ര കാത്തിരിക്കണം

അതേസമയം, ബുമ്രയുടെ കാര്യത്തില്‍ ആശങ്കകള്‍ നിലനില്‍ക്കുന്നു. മുംബൈ ഇന്ത്യന്‍സിന് വേണ്ടി എപ്പോള്‍ കളിക്കാന്‍ കഴിയുമെന്നുള്ള കാര്യത്തില്‍ വ്യക്തതയില്ല. ഈ മാസാവസാനത്തോടെ ബുമ്രയ്ക്ക് പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാനാവുമെന്നാണ് പ്രതീക്ഷ. 23 ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ചെന്നൈയിലാണ് മുംബൈയുടെ ആദ്യ മത്സരം. തുടര്‍ന്ന് മാര്‍ച്ച്‌ 29 ന് അഹമ്മദാബാദില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെയും കളിക്കും. 31ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് അവരുടെ ആദ്യ ഹോം മത്സരം, ആ മത്സരത്തിന് ബുമ്ര ലഭ്യമാകാന്‍ സാധ്യതയുണ്ട്. പക്ഷേ ഉറപ്പില്ല.