ഒരു അര്‍ധ സെഞ്ചുറി പോലുമില്ല! പാകിസ്ഥാനെതിരെ രണ്ടാം ടി20യില്‍ ന്യൂസിലന്‍ഡിന് കുഞ്ഞന്‍ വിജയലക്ഷ്യം
ഡ്യുനെഡിന്‍: പാകിസ്ഥാനെതിരായ രണ്ടാം ടി20യില്‍ ന്യൂസിലന്‍ഡിന് 136 റണ്‍സ് വിജയലക്ഷ്യം. ഡ്യുനെഡിന്‍, യൂണിവേഴ്‌സിറ്റി ഓവലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന് ഒമ്ബത് വിക്കറ്റുകള്‍ നഷ്ടമായി.മഴയെ തുടര്‍ന്ന് ടോസ് വൈകിയതിന് പിന്നാലെ മത്സരം 15 ഓവറാക്കി ചുരുക്കിയിരുന്നു. ക്യാപ്റ്റന്‍ സല്‍മാന്‍ അഗ (46), ഷദാബ് ഖാന്‍ (26), ഷഹീന്‍ അഫ്രീദി (14 പന്തില്‍ പുറത്താവാതെ 22) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് പാകിസ്ഥാനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ഇഷ് സോധി, ജേക്കബ് ഡഫി, ബെന്‍ സീര്‍സ്, ജെയിംസ് നീഷം എന്നിവര്‍ ന്യൂസിലന്‍ഡിന് വേണ്ടി രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. അഞ്ച് മത്സരങ്ങളുടെ പരമ്ബരയില്‍ ആതിഥേയരായ ന്യൂസിലന്‍ഡ് 1-0ത്തിന് മുന്നിലാണിപ്പോള്‍.
സ്‌കോര്‍ സൂചിപ്പിക്കും പോലെ തകര്‍ച്ചയോടെയായിരുന്നു പാകിസ്ഥാന്റെ തുടക്കം. ആദ്യ ഓവറില്‍ തന്നെ പാകിസ്ഥാന് ഒന്നാം വിക്കറ്റ് നഷ്ടമായി. സ്‌കോര്‍ബോര്‍ഡില്‍ ഒരു റണ്‍ മാത്രമുള്ളപ്പോള്‍ ഹസന്‍ നവാസ് (0) മടങ്ങി. ഡഫിയുടെ പന്തില്‍ മാര്‍ക്ക് ചാപ്മാന് ക്യാച്ച്. നാലാം ഓവറില്‍ രണ്ടാം വിക്കറ്റും വീണു. മുഹമ്മദ് ഹാരിസിനെ (11) സീര്‍സ് മടക്കുകയായിരുന്നു. തുടര്‍ന്നെത്തിയ ഇര്‍ഫാന്‍ ഖാന്‍ (11), ഖുഷ്ദില്‍ ഷാ (2) എന്നിവരെ ഒരേ ഓവറില്‍ സോധി മടക്കിയതോടെ നാലിന് 52 എന്ന നിലയില്‍ തകര്‍ന്നു പാകിസ്ഥാന്‍.
അധികം വൈകാതെ അല്‍പമെങ്കിലും ചെറുത്തുനിന്ന അഗയും പവലിയനില്‍ തിരിച്ചെത്തി. മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു അഗയുടെ ഇന്നിംഗ്‌സ്. അദ്ബുള്‍ സമദ് (11), ജഹാന്‍ദാദ് ഖാന്‍ (0) എന്നിവര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. ഹാരിസ് റൗഫ് (1) അവസാന പന്തില്‍ റണ്ണൗട്ടായി. ഇതിനിടെ ഷഹീന്‍, ഷദാബ് എന്നിവരുടെ ഇന്നിംഗ്‌സ് പാകിസ്ഥാനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ന്യൂസിലന്‍ഡ്: ടിം സീഫെര്‍ട്ട്, ഫിന്‍ അല്ലന്‍, മാര്‍ക്ക് ചാപ്മാന്‍, ഡാരില്‍ മിച്ചല്‍, ജെയിംസ് നീഷാം, മിച്ചല്‍ ഹേ (വിക്കറ്റ് കീപ്പര്‍), മൈക്കല്‍ ബ്രേസ്വെല്‍ (ക്യാപ്റ്റന്‍), സക്കറി ഫോള്‍ക്‌സ്, ജേക്കബ് ഡഫി, ഇഷ് സോധി, ബെന്‍ സിയേഴ്‌സ്.
പാകിസ്ഥാന്‍: മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), ഹസന്‍ നവാസ്, സല്‍മാന്‍ ആഗ (ക്യാപ്റ്റന്‍), ഇര്‍ഫാന്‍ ഖാന്‍, ഷദാബ് ഖാന്‍, അബ്ദുള്‍ സമദ്, ഖുശ്ദില്‍ ഷാ, ജഹന്ദാദ് ഖാന്‍, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, മുഹമ്മദ് അലി.